Flash News

കേരള ബജറ്റ് 2015 ഒറ്റ നോട്ടത്തില്‍

March 13, 2015 , ഷാഹിദ് വൈപ്പി

mani-budget

ബജറ്റില്‍ ഊന്നല്‍ നല്‍കിയ പ്രധാന ഏഴ് മേഖലകള്‍: 1. കാര്‍ഷിക മേഖല, 2. അടിസ്ഥാന സൗകര്യ വികസനം, 3. സമ്പൂര്‍ണ്ണ ആരോഗ്യ കേരളം – സാര്‍വ്വത്രിക ആരോഗ്യം, 4. വിരല്‍തുമ്പില്‍ സേവനവുമായി ഡിജിറ്റല്‍ കേരള, 5. എല്ലാവര്‍ക്കും പാര്‍പ്പിടം, 6. വ്യവസായ തൊഴില്‍ സംരംഭങ്ങള്‍ക്ക് ഉത്തേജനം, 7. കരുതലും വികസനവും മുഖ മുദ്രയായ ക്ഷേമപ്രവര്‍ത്തങ്ങള്‍ എന്നിവയാണ്. ഈ ഏഴ് പ്രാമുഖ്യ മേഖലകളില്‍ ഉള്‍പ്പെടുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിക്കുന്നതാണ്. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിക്കും രൂപം നല്‍കുമെന്ന് ബജറ്റ് രേഖകള്‍ പറയുന്നത്.

അടിസ്ഥാന സൗകര്യ വികസനം – കോഴിക്കോട് – തിരുവനന്തപുരം വിമാനത്താവള വികസനത്തിന് 50 കോടി, കൊച്ചി മെട്രോ റയിലിന് 940 കോടി, വിഴിഞ്ഞം പദ്ധതിക്ക് 600 കോടി, പ്രധാന പശ്ചാത്തല വികസന പദ്ധതികള്‍ക്കു വേണ്ടി 2000 കോടി രൂപ, ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍ പ്ലാന്‍ 2030 – പദ്ധതി രേഖ തയാറാക്കും.

തോട്ടം മേഖല – വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഒഴിവാക്കും, കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍- ഇവയുടെ ഉടമസ്ഥതയിലുള്ളവയ്ക്ക് പ്ലാന്റേഷന്‍ നികുതി ഒഴിവാക്കില്ല.

കാര്‍ഷിക മേഖല – റബര്‍ കിലോയ്ക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കുന്നതിന് 300 കോടി രൂപ, നാളികേര മേഖലയ്ക്ക് ആകെ 75 കോടി രൂപ, കാര്‍ഷിക ഉല്‍പ്പാദന സംഘങ്ങള്‍ക്ക് ഓഹരി രൂപീകരിക്കാന്‍ 10 കോടി, നീര ഉത്പാദനത്തിന് ആകെ 30 കോടി. നീര ടെക്നീഷ്യന്‍മാര്‍ക്കു വേണ്ടി 10,000 രൂപ വീതം, കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകരുടെ പലിശ സബ്സിഡി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, കാര്‍ഷിക വായ്പ ലഭ്യത ഉറപ്പുവരുത്തും, നെല്‍സഭരണത്തിന് 300 കോടി.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ 75 കോടി.സംസ്ഥാനത്ത്, സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്സിഡി നല്‍കാന്‍ പദ്ധതി. 20 കോടി രൂപ ഇതിലേയ്ക്കായി വകയിരുത്തി. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പൈലറ്റായി ഈ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നാലു പുതിയ കാര്‍ഷിക പോളിടെക്നിക്കുകള്‍. ഇതിനായി മൂന്നു കോടി രൂപ വകയിരുത്തി.

സംസ്ഥാനത്ത് പഴം, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രവാസി മലയാളികളുമായി ചേര്‍ന്ന് ‘പ്രവാസി കേരള കൃഷി വികാസ്’ എന്ന സംയുക്ത സംരംഭം. പ്രവാസി മലയാളികളുടെ നിക്ഷേപം ഇതിനായി സ്വരൂപിക്കും.

ആരോഗ്യ മേഖല- സമ്പൂര്‍ണ ആരോഗ്യകേരളം പദ്ധതി നടപ്പാക്കും. എല്ലാവര്‍ക്കും സ്മാര്‍ട് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കും. ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉറപ്പാക്കും. മെഡിക്കല്‍ കോളജുകളില്‍ വന്ധ്യതാ ചികില്‍സ.

ഭവന നിര്‍മ്മാണം- ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കുന്ന ഭവനനിര്‍മാണ പദ്ധതി നടപ്പാക്കും.സൗഭാഗ്യ ഭവന പദ്ധതിക്ക് 10 കോടി. പാവപ്പെട്ടവര്‍ക്ക് 75,000 ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കും. ഭവന നിര്‍മാണമേഖലയ്ക്ക് 482 കോടി. ഓരോ വാര്‍ഡിലും ഓരോ വീടിന് ധനസഹായം. 22,000 വീടുകള്‍ ഇതിലൂടെ പൂര്‍ത്തിയാക്കും. ഈ പദ്ധതിക്കുള്ള പകുതി തുക സര്‍ക്കാരും ബാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും. ഇതിനായി സംസ്ഥാന വിഹിതമായി 110 കോടി വകയിരുത്തി.

ഡിജിറ്റല്‍ കേരളം- സ്കൂളുകള്‍, ആശുപത്രികള്‍, അംഗനവാടികള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം വ്യാപിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിനറെ സഹകരണത്തില്‍ പദ്ധതി നടപ്പാക്കും. 1000 മികച്ച സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് പ്രതിമാസം 10,000 രൂപ വീതം രണ്ടു വര്‍ഷം നല്‍കാന്‍ 12 കോടി. ഡിജിറ്റല്‍കേരളം പദ്ധതി വഴി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കും. തിരഞ്ഞെടുത്ത നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ-ഫൈ.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റും, സേവാവകാശ നിയമപ്രകാരം സാധ്യമായ സേവനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളിൽ ഓൺലൈനിൽ – 25 കോടി വകയിരുത്തി, ഇ ഗവേര്‍ണൻസ് ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കും, പ്രധാന വകുപ്പുകളുടെ സംസ്ഥാന, ജില്ലാതല ഓഫിസുകളിലേക്ക് ഇ-ഓഫിസ് വ്യാപിപ്പിക്കും – 50 കോടി വകയിരുത്തി, സ്മാര്‍ട് ക്ലാസ് റൂം ശൃംഖല സ്ഥാപിക്കാൻ ഒറ്റത്തവണ സഹായമായി 1 കോടി, വിവരസാങ്കേതിക മേഖലയ്ക്ക് 374.57 കോടി

ക്ഷേമ പദ്ധതികള്‍- അംഗനവാടി ജീവനക്കാരുടെ ഓണറേറിയം ഉയര്‍ത്തി, ഐടിഐ വിദ്യാര്‍ഥികള്‍ക്ക് ഏറണാകുളത്ത് പ്രാക്ടിക്കല്‍ ലേണിങ് ഹബ് ഏര്‍പ്പെടുത്തും.വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള കുടുംബവരുമാന പരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും.ഓട്ടോഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ്, 90 ശതമാനം വിഹിതം സര്‍ക്കാര്‍ വഹിക്കും. ക്ഷേമപെന്‍ഷനുകള്‍ക്ക് 2710 കോടി. 80 വയസ്സിനുമേല്‍ പ്രായമുള്ള സംരക്ഷിക്കാന്‍ ആരുമില്ലാത്തവരുടെ ജീവിതം, താമസം, ആരോഗ്യ പരിപാലന ചെലവുകള്‍ എന്നിവ സര്‍ക്കാരും, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്ന് വഹിക്കുന്ന വയോജനസംരക്ഷണ പദ്ധതിക്കായി 50 കോടി വകയിരുത്തി.

ക്ഷേമപെന്‍ഷനുകള്‍ എല്ലാ മാസവും 15 നു മുന്‍പ് ബാങ്ക്/തപാല്‍ ഓഫിസ് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കുന്ന പദ്ധതി ഈ വര്‍ഷം ജൂണ്‍ മുതല്‍ നടപ്പാക്കും.സ്ത്രീ തൊഴിലാളികള്‍ 50%-ല്‍ അധികമുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ യൂണിറ്റുകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് മൂന്നു വര്‍ഷത്തേക്ക് പലിശബാധ്യത പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. തല്‍ഫലമായി പലിശ രഹിത വായ്പ ഇവര്‍ക്ക് ലഭിക്കും. ഇതിലേക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് അനുവദിക്കുന്ന ധസഹായം 30,000 രൂപയില്‍ നിന്നും 50,000 രൂപയായി ഉയര്‍ത്തുമെന്ന് ബജറ്റ് രേഖകള്‍.

മറ്റു ബജറ്റ് പ്രഖ്യാപനങ്ങള്‍- സംസ്ഥാനത്തെ 11 സര്‍വകലാശാലകളില്‍ ഇന്‍കുബേഷന്‍ സപ്പോര്‍ട്ട് സെന്ററുകള്‍ തുടങ്ങാന്‍ ഒരു കോടി രൂപ വീതം വകയിരുത്തി, പഞ്ചസാരയ്ക്ക് വില ഉയരും. രണ്ടു ശതമാനം നികുതി ചുമത്തിയതോടെയാണിത്. ഇതിലൂടെ 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്ന പഞ്ചസാര നികുതിമുക്തമായിരിക്കും. മുദ്രപത്രങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ നിരക്കു കൂട്ടി.

1955-ലെ തിരുവിതാംകൂര്‍ – കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മാര്‍ത്ഥ സംഘ രജിസ്ട്രേഷന്‍ നിയമപ്രകാരമുള്ള സംഘങ്ങളുടെ വാര്‍ഷികകണക്കുകള്‍/റിട്ടേണുകള്‍/അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ഫയല്‍ ചെയ്യുന്നതിലുള്ള കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും. ഇതനുസരിച്ച് ഓരോ വര്‍ഷത്തെയും കാലതാമസത്തിനു 500 രൂപ ക്രമത്തില്‍ പിഴ ഒടുക്കി കുടിശ്ശിക റിട്ടേണുകള്‍ ക്രമവല്‍ക്കരിക്കാം. റിട്ടേണുകള്‍ ഓണ്‍ലൈന്‍ ആയി ഫയല്‍ ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഈ പദ്ധതി മുഖേന 15 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്ത് പ്രവേശിക്കുന്ന, സര്‍വീസ് നടത്തുന്ന മേല്‍ത്തരം ലക്ഷ്വറി വാഹനങ്ങളില്‍ നിന്നും ഒരു മാസത്തേയ്ക്ക് 10,000 രൂപ എന്ന നിരക്കിലും ഒരു മാസത്തിനുമുകളില്‍ ഉള്ള ഓരോ മാസത്തേയ്ക്കും 5000 രൂപ നിരക്കിലും നികുതി ഏര്‍പ്പെടുത്തും. ഇതിലൂടെ സര്‍ക്കാരിനു വരുംവര്‍ഷം ഒരുകോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

പെട്രോള്‍, ഡീസല്‍ വില ഉയരും. വില്‍പനനികുതി ഉയര്‍ത്തിയതോടെയാണിത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ മേല്‍ അധിക വില്‍പന നികുതിയായി ലിറ്ററിനു ഒരുരൂപ എന്ന കണക്കില്‍ നിശ്ചിത തീരുവ ചുമത്തും. ഇതില്‍ നിന്നും ലഭിക്കുന്ന അധികനികുതി പാര്‍പ്പിടമില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള പദ്ധതിക്കായി വിനിയോഗിക്കും. ജിപ്സം വാള്‍പാനലുകള്‍ക്ക് നികുതി ഇളവ്. വില കുറയും.

റബര്‍ തടി പൂര്‍ണമായും നികുതിമുക്തമാക്കി. ദ്രവീകൃത ഇന്ധനത്തിന് ഒരു വര്‍ഷത്തേക്ക് നികുതിയിളവ്. പ്ലാസ്റ്റിക് കപ്പ്, കളിപ്പാട്ടങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നികുതി ഉയര്‍ത്തി. വില കൂടും. പ്ലാസ്റ്റിക് ചൂല്‍, മോപ്പ് നികുതി ഉയര്‍ത്തി. വില ഉയരും. വെളിച്ചെണ്ണയ്ക്ക് നികുതി ഉയര്‍ത്തി. വില ഉയരും. അരി, അരിയുല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി. വില ഉയരും. അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് 5 ശതമാനവും നികുതി. 110 കോടി രൂപയുടെ അധികവരുമാനം ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്നവ നികുതിവിമുക്തമായി തുടരും.

ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഇവയുടെ വില ഉയരും. ഒരുലക്ഷം രൂപവരെ വിലവരുന്ന പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി നിലവിലുള്ള 6 ശതമാനത്തില്‍ നിന്നും 8 ശതമാനമായും ഒരു ലക്ഷത്തിനു മുകളില്‍ 2 ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനത്തില്‍ നിന്നും 10 ശതമാനമായും 2 ലക്ഷത്തിനു മുകളില്‍ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമായും വര്‍ദ്ധിപ്പിക്കും. ഇതുവഴി സര്‍ക്കാരിനു ഒരു വര്‍ഷം 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

വെള്ളനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരു നല്‍കും – കാര്‍ത്തികേയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഈ സ്കൂള്‍ ക്യാംപസില്‍ ഹൈസ്കൂളിനായി ഒരു പുതിയ ബ്ളോക്ക് നിര്‍മ്മിക്കുന്നതിനായി 7 കോടി രൂപ വകയിരുത്തി.കുടുംബശ്രീക്ക് 121 കോടി. തിരുവനന്തപുരത്തെ കുടുംബശ്രീ ആസ്ഥാനത്തിനായി അഞ്ചു കോടി. കൈത്തറി, കരകൗശല പ്രോല്‍സാഹനത്തിന് ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കായി രണ്ടുകോടി.

കിലയെ സര്‍വകലാശാലയാക്കും.നാലു പുതിയ കാര്‍ഷിക പോളിടെകനിക്കുകള്‍. കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്.പേറ്റന്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വര്‍ഷം പലിശ ഇളവ്‌. പേറ്റന്റ് ലഭിച്ച വിദ്യര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പരമാവധി 3 വര്‍ഷം വരെ പ്രതിവര്‍ഷം 3 ലക്ഷം രൂപ വീതം. ഇതിനായി 5 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസിക്ക് 210 കോടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top