ബജറ്റിന് നിയമസാധുത, നടപടിയെടുക്കാനാകില്ല

sa

തിരുവനന്തപുരം: മന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ നിയമനടപടിയെടുക്കാന്‍ കഴിയില്ല. എല്ലാ പഴുതും അടച്ചാണ് ബജറ്റ് അവതരിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ചട്ടങ്ങളില്‍ പറയാത്ത അസാധാരണ സംഭവവികാസങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. സ്പീക്കറുടെ നിര്‍ദേശപ്രകാരം അവതരിപ്പിക്കുന്ന ബജറ്റിന് അതുകൊണ്ടുതന്നെ സാധുതയുണ്ട്. തന്‍െറ നിര്‍ദേശപ്രകാരമാണ് മാണി ബജറ്റ് അവതരിപ്പിച്ചതെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റ് നിശ്ചിത കസേരയില്‍ നിന്നുവേണം അവതരിപ്പിക്കണമെന്ന് നിയമമില്ല. ഇക്കാര്യം ധനമന്ത്രിക്ക് തീരുമാനിക്കാം. അതിനാല്‍, ധനമന്ത്രി ഇരിപ്പിടം മാറിയാണ് ബജറ്റ് അവതരിപ്പിച്ചത് എന്ന വാദം നിലനില്‍ക്കില്ല. ബജറ്റ് സഭയുടെ മേശപ്പുറത്ത് വെച്ചതോടെ അതിന് നിയമസാധുതയുമായി.

നടപടിക്രമം പാലിച്ചാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. സംഘര്‍ഷത്തിന്‍െറ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കുന്നതിനായി താന്‍ ധനമന്ത്രിയെ ക്ഷണിക്കുകയും ഒപ്പം ബജറ്റ് അവതരിപ്പിക്കാന്‍ കൈകൊണ്ട് ആംഗ്യംകാണിക്കുകയും ചെയ്തു. സഭയില്‍ 8.55ന് ഫസ്റ്റ്ബെല്‍ കൊടുത്തു. അതിന് മുമ്പുതന്നെ പ്രതിപക്ഷ എം.എല്‍.എമാര്‍ ഡയസില്‍ കയറി സ്പീക്കര്‍ക്ക് കയറാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു. കമ്പ്യൂട്ടറും ഉപകരണങ്ങളും തകര്‍ത്തു. മേശക്കു മുകളിലും മുന്നിലും പ്രതിഷേധക്കാര്‍ കയറിനിന്നിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ലങ്കിലോ എന്നുകരുതി നിന്നുകൊണ്ടാണ് ധനമന്ത്രിയെ അവതരണത്തിനായി ക്ഷണിച്ചത്. മൈക്ക് ഇല്ലാതിരുന്നതിനാലാണ് ആംഗ്യം കാണിച്ചത്. കൃത്യം 9.02നുതന്നെ ബജറ്റ് അവതരണം തുടങ്ങി. അദ്ദേഹം കുറച്ചുനേരം ബജറ്റ് പ്രസംഗം വായിക്കുകയും പിന്നീട് സഭയുടെ മേശപ്പുറത്ത് വെക്കുകയുംചെയ്തു. ബജറ്റ് പ്രസംഗവും രേഖകളും എം.എല്‍.എമാരുടെ മുറികളില്‍ എത്തിക്കുമെന്നും സഭ ഇപ്പോള്‍ പിരിയുന്നുവെന്നും തിങ്കളാഴ്ച രാവിലെ 8.30ന് വീണ്ടും സമ്മേളിക്കുമെന്നും അറിയിച്ച ശേഷമാണ് ഡയസില്‍നിന്ന് മടങ്ങിയത്. നടപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

സഭയില്‍ എം.എല്‍.എമാരുടെ സീറ്റ് തീരുമാനിക്കുന്നത് സ്പീക്കറാണ്. മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കുന്നത് മുഖ്യമന്ത്രിയുമാണ്. ധനമന്ത്രി കെ.എം. മാണിയുടെയും സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറയും സീറ്റുകള്‍ പരസ്പരം മാറ്റി ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ രാവിലെ എട്ടിന് രേഖാമൂലം അവശ്യപ്പെട്ടു. ഇതനുസരിച്ചാണ് സീറ്റുമാറ്റി നല്‍കിയത്. സ്പീക്കറുടെ വഴി തടയുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇത് സ്പീക്കര്‍ക്ക് എതിരായുള്ള പ്രതിഷേധമായി കാണുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുന്നില്ലന്നും സ്പീക്കര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment