രാമക്ഷേത്രം ഉപേക്ഷിച്ചിട്ടില്ലന്ന് ആര്‍.എസ്.എസ്

rssനാഗ്പുര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന വിഷയം ഉപേക്ഷിച്ചിട്ടില്ലന്ന് ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ക്ക് അനുകൂലമായ ഹൈകോടതി വിധിക്ക് ശേഷം കേസ് സുപ്രീംകോടതിയിലാണുള്ളത്. കോടതി നടപടിക്രമങ്ങള്‍ സാവധാനമാണ് നീങ്ങുന്നത്. കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീര്‍പ്പു കല്‍പിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ബയ്യാജി ജോഷി ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിനായി ഇനി എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ജോഷി പറഞ്ഞു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണം. വിദേശത്ത് അപമാനിക്കപ്പെടുകയും അനീതിക്കിരയാകുകയും ചെയ്യപ്പെട്ട ഹിന്ദുക്കളെ സ്വീകരിക്കേണ്ടത് സമൂഹത്തിന്‍െറയും സര്‍ക്കാറിന്‍െറയും ഉത്തരവാദിത്തമാണ്. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കണം. ഒരു നിയമം നിര്‍മിച്ചതു കൊണ്ട് മാത്രമായില്ല, ഗോവധ നിരോധം ഫലപ്രദമായി നടപ്പിലാകുന്നെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

പീഡനം നമ്മുടെ പാരമ്പരാഗത വിശ്വാസങ്ങള്‍ക്ക് എതിരാണ്. പീഡന സംഭവങ്ങള്‍ക്ക് മതത്തിന്‍െറ നിറം നല്‍കി സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കരുതെന്ന് പശ്ചിമ ബംഗാളില്‍ 71കാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തെ ചൂണ്ടിക്കാട്ടി ജോഷി കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment