വ്യാജ സദാചാര പൊലിസ് വാര്‍ത്ത തകര്‍ത്തത് രണ്ട് കുടുംബങ്ങളെ

vyaja titleകൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് കോഴിക്കുളങ്ങരയില്‍ പ്ളസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തീ കൊളുത്തി മരിച്ച സംഭവത്തിന് പിന്നില്‍ സദാചാര പൊലീസ് ആണെന്ന പ്രചാരണത്തെ എതിര്‍ത്ത് പൊലിസും നാട്ടുകാരും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വതി ആത്മഹത്യ ചെയ്തത്. അശ്വതി കാമുകനായ യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തുകയും ആരും കാണാതെ ഇയാളുമായി സംസാരിച്ചിരിക്കുകയുമായിരുന്നു. എന്നാല്‍, ബന്ധുക്കളില്‍ ഒരാള്‍ വീട്ടില്‍ അസമയത്ത് പെണ്‍കുട്ടിക്കൊപ്പം യുവാവിനെ കണ്ടപ്പോള്‍ അത് ആരാണെന്ന് തിരക്കി. ഇതേതുടര്‍ന്ന് വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കള്‍ തടഞ്ഞുനിര്‍ത്തി എന്തിനാണ് വീട്ടില്‍ വന്നതെന്ന് അന്വേഷിക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെയാണ് യുവാവിനെ ചോദ്യം ചെയ്തത്. തന്‍െറ പ്രണയം പിടിക്കപ്പെട്ടതിലുള്ള ഭയം മൂലമാകാം പെണ്‍കുട്ടി ഉടന്‍ ജീവനൊടുക്കുകയും ചെയ്തു. ഇത്രയുമാണ് സംഭവം എന്നിരിക്കേ, ആണ്‍കുട്ടിയുമായി സംസാരിച്ചതിന് പെണ്‍കുട്ടിയെ സദാചാര പൊലിസ് ചമഞ്ഞത്തെിയ സംഘം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു എന്നും ഇതാണ് ആത്മഹത്യക്ക് കാരണമാക്കിയതെന്നുമാണ് ഒരു പത്രം പ്രചരിപ്പിച്ചത്. മറ്റു പത്രങ്ങളെല്ലാം ഈ വാര്‍ത്ത കൃത്യമായി നല്‍കി.

പെണ്‍കുട്ടിയുടെ മരണത്തെതുടര്‍ന്ന് പൊലീസ് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തിയത്. കൊടുങ്ങല്ലൂര്‍ സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും സമീപവാസികളുടേയും മൊഴിയെടുത്തു. അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള സദാചാര ഗുണ്ടായിസവും നടന്നിട്ടില്ലെന്ന് പൊലിസിന് ബോധ്യമായി. മാത്രമല്ല, പെണ്‍കുട്ടികളുള്ള ഏതു വീട്ടിലും നടക്കാവുന്ന സംഭവമേ ഇവിടെയും നടന്നിട്ടുള്ളൂ എന്നും പെണ്‍കുട്ടിയുടെ സുരക്ഷയെ കരുതിയാണ് വീട്ടുകാരും ബന്ധുക്കളും സംഭവത്തില്‍ ഇടപെട്ടത് എന്നും പൊലിസ് വ്യക്തമായി. ഇതേതുടര്‍ന്ന് കാമുകനായ യുവാവിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ ബന്ധുക്കളെ കേസെടുക്കാതെ വിട്ടയക്കുകയും ചെയ്തു. ഇതും വാര്‍ത്ത വളച്ചൊടിച്ച പത്രം ആയുധമാക്കി. ‘പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് ബന്ധുക്കളുടെ ചോദ്യം ചെയ്യലാണെന്നും ഇവരെ വെറുതെ മൊഴിയെടുത്തശേഷം വിട്ടയക്കുകയായിരുന്നു’വെന്നും പത്രം വീണ്ടും എഴുതി. മാത്രമല്ല, സദാചാര പൊലിസിനെക്കുറിച്ച് ഒന്നാം പേജില്‍ ഫീച്ചറും നാട്ടിലുള്ളവരുടെ പ്രതികരണങ്ങളും മറ്റും ചേര്‍ത്ത് സംഭവം കൊഴുപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലിസ് വീണ്ടും സമ്മര്‍ദത്തിലായി. ഇതേതുടര്‍ന്നാണ് അശ്വതിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവായ മുരളിയടക്കം ചിലരെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. പെണ്‍കുട്ടിയുടെ മരണത്തിന്‍െറ ഉത്തരവാദിത്തം തന്‍െറ ചുമലിലാകുമോ എന്ന ഭയത്തെതുടര്‍ന്ന് മുരളി തൂങ്ങിമരിക്കുകയും ചെയ്തു. അങ്ങനെ രണ്ടുപേരുടെ ആത്മഹത്യ ഒരു കുടുംബത്തെ തകര്‍ത്തുകളഞ്ഞു.

അശ്വതിയുടെ മരണത്തിന് പിന്നില്‍ സദാചാര ഗുണ്ടായിസം ഉണ്ടോയെന്നറിയാന്‍ തൃശൂര്‍ മേഖല ഐ.ജി ജോസ്, എസ്.പി വിജയകുമാര്‍, ഡിവൈ.എസ്.പി വര്‍ഗീസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്കുമാര്‍ എന്നിവര്‍ കോഴിക്കുളങ്ങര ഗ്രാമത്തിലെത്തിയിരുന്നു. അശ്വതിയുടെ വീട്ടിലെത്തിയ ഐ.ജിയോട് ബന്ധുക്കളും നാട്ടുകാരും സംഭവത്തിനുപിന്നില്‍ സദാചാര ഗുണ്ടായിസം ഇല്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.

പത്രവാര്‍ത്ത വരുത്തിവച്ച ദുരന്തത്തിന്‍െറ രോഷത്തിലാണ് കൊടുങ്ങല്ലൂരിന്‍െറ കിഴക്കന്‍ അതിര്‍ത്തിയിലെ കോഴികുളങ്ങര ഗ്രാമം. അശ്വതിയുടെ മരണത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പാണ് അമ്മാവന്‍ മുരളി തൂങ്ങി മരിച്ചത്. മക്കളില്ലാത്ത മുരളി അശ്വതിയെ മകളെപോലെയാണ് സ്നേഹിച്ചിരുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളിയായ മുരളിയുടെ മരണത്തോടെ ഭാര്യ സുമ തനിച്ചായി. മരണത്തെ തുടര്‍ന്ന് തെറ്റായ വാര്‍ത്ത കൊടുത്ത പത്രം നാട്ടുകാര്‍ കത്തിച്ചു.

സദാചാരഗുണ്ടയെന്ന തെറ്റായ പ്രചാരണത്തത്തെുടര്‍ന്ന് പൊലീസ് നടത്തിയ പക്വതയില്ലാത്ത ഇടപെടലാണ് പുല്ലൂറ്റ് കോഴിക്കുളങ്ങര തെക്കേ കുന്നില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ മുരളിയുടെ മരണത്തിന് കാരണമായതെന്ന് സി.പി.എം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. മുരളിയുടെ ഭാര്യാ സഹോദരിയുടെ മകളായ അശ്വതിയെന്ന വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചതാണ് മുരളിയുടെ ആത്മഹത്യക്ക് കാരണം. ഒരു പ്രമുഖ പത്രമാണ് സദാചാരഗുണ്ടകളാണെന്ന പ്രചാരണം നടത്തിയത്. പ്രദേശവാസികള്‍ ഒറ്റക്കെട്ടായി ഈ ആരോപണത്തില്‍ പ്രതിഷേധിച്ചിരുന്നു.

സദാചാരഗുണ്ടകളെന്ന രീതിയില്‍ ആരും ഇടപെട്ടിട്ടില്ലെന്ന് വിദ്യാര്‍ഥി മരിച്ച അന്നുതന്നെ പൊലീസിന് ബോധ്യമായിരുന്നതാണ്. പിന്നീടാണ് പത്രവാര്‍ത്ത വന്നതും ഉന്നത പൊലീസ് നേതൃത്വത്തിന്‍െറ ഇടപെടലിനത്തെുടര്‍ന്ന് മുരളിയടക്കമുള്ളവരെ ഭീഷണിപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടതും. പൊലീസിനെ ഭയന്നാണ് മുരളി മരിച്ചത്. തെറ്റായ വാര്‍ത്ത പത്രം പ്രചരിപ്പിച്ചതിനെക്കുറിച്ചും പൊലീസിന്‍െറ അനാവശ്യ ഇടപെടലിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment