Flash News

പ്രവാസിയുടെ ദീര്‍ഘയാത്രകള്‍ (ജോണ്‍ മാത്യു)

March 18, 2015 , ജോണ്‍ മാത്യു

pravasi titleമാറുന്ന സാഹചര്യങ്ങളോട് എന്നും പൊരുത്തപ്പെട്ട് പോകുന്നതാണ് മനുഷ്യജീവിതം. പരാതിയുണ്ടാകാമെങ്കിലും,  വേണ്ടിവന്നാല്‍, ശീതീകരിച്ച അവസ്ഥയില്‍നിന്ന് ഒരു മരത്തണലിലേക്കായാലും എത്രവേഗം മാറിയിരിക്കാന്‍ മനുഷ്യന് കഴിയും. എത്ര പിറുപിറുത്താലും ശരീരവും മനസും മുമ്പേ നടക്കും.

ഈയ്യിടെ ഒരു വാര്‍ത്ത വന്നതേയുള്ളൂ, വിദേശത്തുനിന്ന് ഇന്ത്യയില്‍ വന്നിറങ്ങാവുന്ന കേന്ദ്ര വിമാനത്താവളങ്ങള്‍ കേവലം ആറെണ്ണമായി ചുരുക്കാന്‍ സര്‍ക്കാര്‍ ചിന്തിക്കുന്നുവെന്ന്. ‘ചിന്തിക്കുന്നു’ എന്ന വാക്ക് ഇവിടെ എടുത്തെഴുതുകയാണ്. രാഷ്ട്രീയക്കളികള്‍ ഉണ്ടായിരിക്കാം, എങ്കിലും അതിനും ഉപരിയായി വിശാലമായ കച്ചവടതാല്പര്യങ്ങളാണ് ഇതിന് പിന്നിലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അപ്പോള്‍ അത് ‘ചിന്തിക്കുക’യല്ല, തീരുമാനം ഉള്ളറയില്‍ എടുത്തതിനുശേഷം പിന്നീട് ചില സൗജന്യങ്ങള്‍ ചെയ്തുകൊടുത്ത് കാര്യസാദ്ധ്യതക്കുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ന് ഭരിക്കുന്ന ‘വലുതപക്ഷം’ എന്ന് അവകാശപ്പെടുന്ന കക്ഷിയുടെ ആദര്‍ശം അനുസരിച്ചാണെങ്കില്‍ കൂടുതല്‍ വികേന്ദ്രീകരണമല്ലേ വേണ്ടിയിരുന്നത്. പ്രാദേശിക താല്പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കണമെന്നാണ് വലത്-യാഥാസ്ഥിതികചിന്ത. പകരം സോഷ്യലിസ്റ്റ് ആദര്‍ശങ്ങളില്‍ ഊന്നുകയാണെങ്കില്‍ പൊതുഉടമയില്‍ രാഷ്ട്രത്തിന്‍റെ കുത്തകയായിരിക്കണം സംരംഭങ്ങളെല്ലാം. പക്ഷേ, മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദ്ദേശമനുസരിച്ച് വിദേശത്തുനിന്ന് ഇന്ത്യയില്‍ കാലുകുത്തണമെങ്കില്‍ ഒരു സാങ്കല്പികവണ്ടിച്ചക്രത്തിന്‍റെ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന ഈ കേന്ദ്രങ്ങളില്‍ ഒന്നില്‍ എത്തി വീണ്ടും ആ ചക്രത്തിന്‍റെ കാലുകള്‍ നീണ്ടുപോകുന്ന നിങ്ങളുടെ പ്രാദേശിക താവളങ്ങളിലേക്ക് യാത്ര തുടരുകമാത്രമാണ് കരണീയം.

ഇങ്ങനെയൊരു സംവിധാനത്തിന് ദീര്‍ഘകാല നിലനില്പില്ലെന്ന് അറിയാം, പക്ഷേ, ചില താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രണ്ടും കല്പിച്ച് ഇറങ്ങിയിരിക്കുന്നവര്‍ക്ക് കുറേക്കാലത്തേകെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല, നേടാന്‍ ഒരു പ്രപഞ്ചം മുഴുവനും. ആത്മാര്‍ത്ഥമായി ആരെങ്കിലും ശ്രമിച്ചാല്‍പ്പോലും ഒരിക്കല്‍ തകര്‍ന്ന ചട്ടവട്ടങ്ങള്‍ പഴയതുപോലെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നുമിരിക്കും.

വിദേശമലയാളികള്‍ തങ്ങളുടെ യാത്രകളോടനുബന്ധിച്ച് മനസ്സുകൊണ്ടെങ്കിലും വെറുത്തിരുന്നത് രണ്ടു കാര്യങ്ങളായിരുന്നു: മുംബൈ വിമാനത്താവളവും എയര്‍ ഇന്ത്യയും. അക്കാലത്ത് ഒരു ‘റീകണ്‍ഫര്‍മേഷനു’പോലും സഹിച്ചിരുന്ന ദുരിതങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ഞെട്ടലാണ്. വിദേശവിമാനസ്ഥാപനങ്ങള്‍ക്ക് ഒരു കത്തെഴുതിയാല്‍ സാദ്ധ്യമായിരുന്നത് എയര്‍ഇന്ത്യ വഴിയാകുമ്പോള്‍ അത് ഒന്നോ രണ്ടോ ദിവസങ്ങളിലെ പണിയായി.

ഇന്ത്യയുടെ സ്വാഭാവികമായ മെല്ലെപ്പോക്ക്, സാങ്കേതികതയുടെ കുറവ്, അപ്രതീക്ഷിതമായുണ്ടായ യാത്രക്കാരുടെ വര്‍ദ്ധന, തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദം തുടങ്ങി എത്രയോ കാരണങ്ങളാണ് അന്ന് പറഞ്ഞിരുന്നത്. ഇങ്ങനെയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ സമര്‍ത്ഥരായ മലയാളികള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ടേയിരുന്നു. ശ്രീലങ്കയിലെ കൊളംബോ അല്ലെങ്കില്‍ സിംഗപ്പൂര്‍ വഴിയുള്ള യാത്രകള്‍. മണിക്കൂറുകള്‍ വൈകിയാലെന്ത്, അവയെല്ലാം ഉല്ലാസപൂര്‍വ്വങ്ങളായിരുന്നു. എണ്‍പതുകളിലെ നമ്മുടെ ചെറിയചെറിയ സാഹസികതകള്‍! ശ്രീലങ്കയില്‍ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റിസോര്‍ട്ടുകളുടെ പ്രത്യേകത അന്ന് യാത്ര ചെയ്തിട്ടുള്ളവര്‍ മറക്കുകയില്ല. ദീര്‍ഘയാത്രക്കുശേഷം തെങ്ങിന്‍തോപ്പുകളുടെ നടുക്ക് ചെമ്പരത്തിപ്പൂക്കളാല്‍ ചുറ്റപ്പെട്ട ആ ഹോട്ടലുകളിലെ നാടന്‍ മീന്‍കറിയുടെ രുചി ഒന്നുവേറെയായിരുന്നു. ഇങ്ങനെയുള്ള യാത്രകളുടെ ഓര്‍മ്മയായി ജോണ്‍ ഇളമതയുടെ മനോഹരമായ ഒരു കഥയുണ്ട്, ‘അളിയന്‍റെ അളിയന്‍.’

ഭൂമിയുടെ കേന്ദ്രം എവിടെയാണ്? ഭൂമിശാസ്ത്രപരമല്ല ഈ ചോദ്യം. വാണിജ്യം വിദ്യാഭ്യാസം ഉല്ലാസയാത്ര തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. ഒരു കാലത്ത് അത് ലണ്ടന്‍ നഗരമെന്ന് കണക്കാക്കിയിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനയാത്രകളെ നിയന്ത്രിച്ചിരുന്നത് അവിടെനിന്നായിരുന്നു. അന്താരാഷ്ട്രരംഗത്തെ സമവാക്ക്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ഒരു ലോകയാത്രാ തലസ്ഥാനത്തിനുവേണ്ടിയുള്ള പിടി അണിയറയില്‍ മുഴുകി.

ഒട്ടും പ്രതീക്ഷിക്കാതെ പൊടുന്നനെയാണ് അറബികള്‍ ഈ രംഗത്തേക്ക് വന്നത്. ഒരു അറബിക്കഥപോലെതന്നെ കണ്ണടച്ച് തുറക്കുന്നതിനിടയില്‍ ഏതാനും അറബ് വിമാനക്കമ്പനികളും അവരുടെ നഗരങ്ങളും മരുഭൂമിയിലെ മാന്ത്രികതയായി ദേശാടനത്തിന്‍റെ ലോക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് മറ്റു രാജ്യങ്ങളെയും അവരുടെ യാത്രാവ്യവസായപദ്ധതികളെയും വെറളി പിടിപ്പിച്ചു.

ആധുനിക സാങ്കേതികതകള്‍ നിറഞ്ഞ സംവിധാനങ്ങളും കുറഞ്ഞ യാത്രാനിരക്കും ഈ വിമാനക്കമ്പനികളെ ആകര്‍ഷണീയങ്ങളാക്കി. കൂടാതെ അമേരിക്കയില്‍നിന്നും മറ്റും നിരവധി കയറിയിറക്കങ്ങള്‍ ഇല്ലാതെ ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യാക്കാര്‍ക്ക് നാട്ടില്‍ എത്താനുള്ള സൗകര്യങ്ങള്‍ ഇന്ന് ഏറെയാണ്.

എയര്‍ ഇന്ത്യ തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളുള്ള കമ്പനികളാണ് ഇതിന്‍റെ നഷ്ടം ഏറെ അനുഭവിക്കുന്നത്. പഴയ ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ തണലില്‍ അനുസ്യൂതം തുടരുമെന്ന് കരുതിയിരുന്നതാണ് അത്രയൊന്നും മിടുക്കില്ലാത്തവരെന്ന് നമ്മള്‍ കരുതിയ അറബികള്‍ തട്ടിക്കൊണ്ടുപോയത്. ഇത് വെറുതെ കൈയ്യും കെട്ടി നോക്കിയിരിക്കണമെന്നാണോ?

അതുകൊണ്ട് ഏതു വിദേശരാജ്യത്തുനിന്നും ഇന്ത്യയിലേക്ക് വരണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു കേന്ദ്രവിമാനത്താവളത്തില്‍ വന്ന് ഏതാനും മണക്കൂറുകള്‍ ചെലവഴിക്കൂ. നിങ്ങളുടെ യാത്രാചെലവിന്‍റെ ഒരു വീതം ഞങ്ങള്‍ക്കും കിട്ടട്ടെ, അത് ന്യായമായി അവകാശപ്പെട്ടതാണുതാനും. “സാറേ, ഒരു കപ്പ് കാപ്പിയുടെ ചില്ലറ ഞങ്ങള്‍ക്കും തന്നിട്ടു പോകൂ…”

ഇനിയും, പഴയ കാലത്തിലേക്കുള്ള ഒരു ദുരിതയാത്രയാണോ ഭാവിയിലും നമുക്ക് വേണ്ടത്? ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പദ്ധതിക്ക് കുറേ വെള്ളം ചേര്‍ക്കുമായിരിക്കും, അല്പം മധുരം പൂശുമായിരിക്കും, എങ്കിലും ഇത് അസൗകര്യങ്ങള്‍ നിറഞ്ഞതായിരിക്കും. അല്ല, നിങ്ങളുടെ അസൗകര്യങ്ങള്‍, അതില്‍ സര്‍ക്കാരിന് എന്തുകാര്യം?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top