അമ്മയോണം (കവിത) ജ്യോതീബായ് പരിയാടത്ത്

banner

പുത്തനായെന്തു മധുരം രചിക്കുവാന്‍
എത്തും കിടാങ്ങള്‍ക്കുമുമ്പില്‍ വിളമ്പുവാന്‍?
ഉത്രാടരാവാണുറക്കമെത്തുന്നീല
എത്രയോര്‍ത്തിട്ടൊന്നുമൊത്തേ വരുന്നില്ല.
നാളെയെന്‍കുഞ്ഞുങ്ങളമ്മതന്‍പുണ്യമാ-
ണീ രുചിയെന്നുള്ളിലേറെ ഗര്‍വ്വിച്ചിടാന്‍
നാളേയ്ക്കവര്‍ക്കെന്നുമോര്‍ത്തേനുണയ്ക്കുവാന്‍
നാളെ,ത്തിരുവോണനാളിലെന്തൂട്ടുവാന്‍?

ചേര്‍ക്കുണ്ടിലെക്കൈയ്യു നീട്ടിയ പുത്തരി
പ്രാര്‍ത്ഥനാനിര്‍ഭരം പാകമാക്കീട്ടതു
നീര്‍ത്തിയ പായിലിരുത്തിയിട്ടെങ്ങളെ-
യൂട്ടിനിറച്ചവരെന്റെ വല്യമ്മായി.
പഞ്ജരംവിട്ടു നീ പോരികെന്നുല്ക്കടം
നെഞ്ചിലെന്നും വനതൃഷ്ണ വിളിക്കിലും
നീലവാനം മോഹമുഗ്ദ്ധയാക്കീടിലും
കൂടല്ലിതോമനേ, വീടെന്നു പാടിയി-
ട്ടുള്ളിലെപ്പൈങ്കിളിച്ചങ്കില്‍ പിടപ്പാറ്റി
പാലൂറുമീണമുള്ളച്ചിന്തു തേന്‍ ചേര്‍ത്തു
പുഞ്ചിരിച്ചീന്തൊന്നിന്‍ മുമ്പില്‍വിളമ്പിയി-
ട്ടെന്നേയ്ക്കുമായുള്ള മാധുര്യാമായമ്മ.
ഓര്‍ത്തേ നുണഞ്ഞുപോകുന്നു ഞാന്‍ കൈവിരല്‍
ഓപ്പുവന്നൂട്ടിയ പായസത്തിന്‍ രുചി!
പുന്നെല്ലവില്‍ നറുംശര്‍ക്കര ചേര്‍ത്തതു
നെയ്യില്‍ വിളയിച്ചു കണ്ണനെയൂട്ടീട്ട്‌
ഞങ്ങള്‍ക്കുവേണ്ടിയതില്‍ ബാക്കി വാക്കില-
ത്തുമ്പില്‍ പ്രസാദമായ്‌ തന്നെന്റെ വല്യേച്ചി.
പാചകപ്പാകങ്ങള്‍, സുത്രങ്ങൾള്‍പിന്നെയും
സ്വാദൊക്കുവാനുള്ള മേമ്പൊടിവിദ്യകള്‍
രസനയ്ക്കിയന്നതാം രുചിയേറ്റിയോര്‍
കുഞ്ഞേച്ചിമാരവര്‍ കൈപ്പുണ്യമാണ്ടവര്‍

എന്നാലുമെന്നാലുമോണമല്ലേയെന്റെ-
യുണ്ണികളല്ലേ ? ഞാനമ്മയല്ലേ?

പുത്തനുണക്കലുരിയെടുത്തൂ
പുത്തന്‍ കലത്തിലെപ്പാലെടുത്തൂ
കല്‍ക്കണ്ടമിട്ടു കുറുക്കിവെച്ചൂ
മക്കളെത്തുമ്പോള്‍ വിളമ്പിവെച്ചൂ
ഒന്നാമന്‍ വന്നൂ രുചിച്ചുനോക്കീ
നന്നല്ല, കയ്പ്പെന്നു തട്ടിനീക്കി
രണ്ടാമന്‍ മുഞ്ഞി ചുളിച്ചുകാട്ടി
‘വേണ്ടീരുചികള്‍ മടുത്തു പണ്ടേ’
പിന്നാലെവന്നവര്‍ പിന്തുണയ്ക്കേ
എന്തു ഞാന്‍ ചെയ്കെന്നുഴറിനില്‍ക്കേ
കണ്ണീര്‍ തുടയ്ക്കുന്നു മറ്റൊരുവന്‍
കണ്ണനാമുണ്ണിയെപ്പോലുള്ളവന്‍,
പായസപ്പാത്രം തുടച്ചേ കുടിച്ചിട്ടു
പാല്‍വെണ്മയോലുന്ന പുഞ്ചിരി തൂകീട്ടു
പറയു’ന്നീ കയ്പ്പെനിക്കിഷ്ടമമ്മേ.’

ഇനിയെന്തുവേണമിനിയെന്തുവേണമീ-
നിറവേയെനിക്കോണമമ്മയോണം !!

photo

Print Friendly, PDF & Email

Related posts

Leave a Comment