Flash News

കോവൂര്‍ കുഞ്ഞുമോന്‍ ഡപ്യൂട്ടി സ്‌പീക്കറാകാന്‍ സാധ്യത

March 19, 2015 , സ്വന്തം ലേഖകന്‍

kovoor-kunjumonതിരുവനന്തപുരം (മാര്‍ച്ച് 20) : ഒഴിവുള്ള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ആര്‍.എസ്.പി. പിടിമുറുക്കുന്നു. യുഡിഎഫില്‍ അഭിപ്രായ സമന്വയം ഉണ്ടായാല്‍ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ പുതിയ ഡപ്യൂട്ടി സ്പീക്കര്‍ ആയി തെരഞ്ഞെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആര്‍.എസ്.പി. നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദം ആര്‍.എസ്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. അസീസ് കൊല്ലത്ത് മാധ്യമങ്ങളോടു വിശദീകരിച്ചു. ഈ ആവശ്യം മുഖ്യമന്ത്രി യുഡിഎഫിലെ ഘടകകക്ഷി നേതാക്കളെ അറിയിക്കും. അവരുടെ അഭിപ്രായംകൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആണു കൈവശം വച്ചിരുന്നതെങ്കിലും ഇക്കുറി കാര്യമായ അവകാശവാദങ്ങള്‍ അവര്‍ക്കില്ല. നേരത്തേ കേരള കോണ്‍ഗ്രസ് എം അവകാശമുന്നയിച്ചിരുന്നു. എന്നാല്‍, അവര്‍ക്കും ഇപ്പോള്‍ സമ്മര്‍ദമില്ല.

ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍. ശക്തനെ സ്പീക്കറായി തെരഞ്ഞെടുത്തതിനെത്തുടര്‍ന്നാണ് പകരക്കാരനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചത്. യുഡിഎഫില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കാര്‍ത്തികേയന്‍റെ മണ്ഡലമായിരുന്ന അരുവിക്കരയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന നിലപാടാണ് ആര്‍.എസ്.പി. ആദ്യം സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചകളില്‍ അരുവിക്കരയ്ക്കു പകരം വേറൊരു മണ്ഡലം വിട്ടുതരികയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പാര്‍ട്ടിക്കു നല്‍കുകയും ചെയ്യണമെന്നാണ് ആര്‍.എസ്.പി.യുടെ ആവശ്യം. യുഡിഎഫിനു സ്വീകാര്യമായ ഫോര്‍മുല ആണിതെന്നാണു കരുതുന്നത്.

അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നു കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഘടകകക്ഷിക്കു വിട്ടുകൊടുക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രൂപീകരണ വേളയില്‍ത്തന്നെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തര്‍ക്ക വിഷയമായതാണ്. ചീഫ് വിപ്പ് പി.സി. ജോര്‍ജിന് ഈ സ്ഥാനമാണ് ആദ്യം വാഗ്ദാനം നല്‍കിയത്. അന്നു മന്ത്രിസഭയില്‍ ഇടം ലഭിക്കാത പോയ വി.ഡി. സതീശനെയും ഡെപ്യൂട്ടി സ്പീക്കര്‍ പദവികാട്ടി മോഹിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍, സതീശനും താത്പര്യമില്ലെന്നു പറഞ്ഞൊഴിഞ്ഞു. മൂന്നു പതിറ്റാണ്ടിലേറക്കാലമായി കോണ്‍ഗ്രസ് ഭരണകാലത്ത് രണ്ടു സ്പീക്കറേയും രണ്ടു ഡെപ്യൂട്ടി സ്പീക്കറേയും നിയമസഭ കാണുന്നുണ്ട്. കോവൂര്‍ കുഞ്ഞുമോന്‍ ഡെപ്യൂട്ടി സ്പീക്കറാവുന്നതോടെ ചരിത്രം ആവര്‍ത്തിക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top