Flash News

ആരോപണവും അവരോഹണവും (കോരസണ്‍)

March 20, 2015 , കോരസണ്‍

arohanamമുന്‍ കണക്ക്ടിക്കട്ട് ഗവര്‍ണര്‍ ജോണ്‍ റോലാന്‍ഡ് രണ്ടര വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടു. ആരോപണ വിധേയനായ ഇദ്ദേഹം അവിഹിതമായി നടത്തിയ ഇടപാടുകള്‍ കേന്ദ്ര സംവിധാനം തെളിവുകള്‍ നിരത്തിയാണ് കുറ്റാര്‍ഹന്‍ എന്നു രേഖപ്പെടുത്തിയത്. കേരളത്തില്‍ ഒരു മുന്‍ മന്ത്രി ആരോപണവിധേയനായി, കുറ്റക്കാരനെന്നു ബോദ്ധ്യപ്പെട്ടു ജയിലില്‍ കഴിഞ്ഞതിനു ശേഷം, വീണ്ടും പൊതു പ്രവര്‍ത്തനത്തില്‍ തിരക്കാവുകയും, ഇന്ന് ആദര്‍ശ പുത്രനായി മുന്നണികളില്‍ ചാടിക്കളിച്ച് ‘അഴിമതി- അഴിമതി’ എന്നു വിരല്‍ ചൂണ്ടി നടക്കുന്ന കാഴ്ചയാണ് വാല്‍ക്കണ്ണാടിയില്‍ കാണുന്നത്.

ബാര്‍ കോഴ ആരോപണങ്ങളുടെ മുന്‍പില്‍ നമ്മുടെ ജനപ്രതിനിധികള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ സാക്ഷര കേരളത്തിന്റെ ആത്മാവിലേല്‍പ്പിച്ച മുറിവ് അടുത്തെങ്ങും ഉണങ്ങുകയില്ല. മുന്നണി-കക്ഷി ഭേദമെന്യേ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കേരള ഭരണ സംവിധാനവും, പരസ്പര ചെളി വാരിയെറിയല്‍ ആഘോഷമാക്കുന്ന മാധ്യമങ്ങളും ഒരു സാധാരണ പൗരന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. വന്‍ കോഴ കൊടുത്തിട്ട് ഇപ്പോള്‍ പുറത്തുവിടും, വിടും എന്ന് അര്‍ത്ഥസത്യം പുലമ്പുന്ന വന്‍കിട മുതലാളികള്‍ക്ക്, കോഴത്തുക ജനങ്ങളില്‍ നിന്നും പിടിച്ചു പറിക്കാനറിയാം. നഷ്ടപ്പെട്ട പൊതുമുതലും, പ്രവര്‍ത്തന ക്ഷമതയും ഹര്‍ത്താലുകള്‍ മൂലമുണ്ടാവുന്ന കോടികളുടെ നഷ്ടവും, അസൗകര്യങ്ങളും ജനങ്ങളുടെ തലയില്‍. മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഉറഞ്ഞുതുള്ളുകയും, എല്ലാം കഴിയുമ്പോള്‍ കണ്ണിറുക്കി, തള്ളവിരല്‍ ഉയര്‍ത്തി, പുതിയ വിവാദങ്ങള്‍ക്കായി വീണ്ടും കാണാമെന്ന ആശംസയോടെ നേതാക്കള്‍ കൈകോര്‍ത്തു പിരിയുമ്പോള്‍- അവരോഹണം!

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയും ഉണ്ട്. ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രം ഒരാള്‍ കുറ്റക്കാരനാവില്ല. നവ മാധ്യമ സംസ്‌കാരത്തില്‍ വാര്‍ത്തകള്‍ക്കുവേണ്ടി പടച്ചു വിടുന്ന ആരോപണ ശൃംഖലകള്‍ പലതും വ്യക്തതയോ കൃത്യതയോ പുലര്‍ത്താറില്ല. ശരിയെന്നും തോന്നിക്കും വിധം ചര്‍ച്ചകളും സംവാദങ്ങളുമായി കൊഴുപ്പിക്കയാണ് ജനപ്രിയ പരിപാടി. ഇനിയും ഈ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടില്ലങ്കിലോ, ഇത് ഉന്നയിച്ച വ്യക്തിയും, ഏറ്റുപിടിച്ച മാധ്യമങ്ങളും പൊതു നഷ്ടം നികത്തുമോ?

ഒരു സുഹൃത്ത് സംഭാഷണത്തിനിടയില്‍, ഒരു സിനിമാ നടന്റെ സ്വഭാവ ദൂഷ്യങ്ങള്‍ പരാമര്‍ശിക്കുന്നതു കേട്ടു. അയാള്‍ മദ്യാപാനിയും സ്ത്രീലമ്പടനുമാണ്, വാസ്തവം എന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറയുകയാണ്. മറ്റൊരാള്‍, – പിന്നെ, അവനെ കണ്ടാലേ അറിയില്ലേ, പോക്കാണ്! സഹികെട്ട ഒരാള്‍ ഒരു മറുചോദ്യം ചോദിച്ചു എന്ത് അടിസ്ഥാനമാണീ അഭിപ്രായങ്ങള്‍? അതുവരെ പറഞ്ഞു വന്ന സുഖം നഷ്ടപ്പെട്ടു. മറ്റൊരു സുഹൃത്തിന്റെ അടുത്ത ഒരു സാംസാരിക നേതാവ് നാട്ടില്‍ നിന്നു വരുന്നു, സുഹൃത്തിനെ വിളിച്ച് എല്ലാ കാര്യങ്ങളും ക്രമീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു, സുഹൃത്ത് സന്തോഷത്തോടെ സ്വീകരിക്കുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും മറ്റൊരാളുടെ വീട്ടിലേക്ക് അദ്ദേഹം പോയി. പിന്നീട് വിളിച്ചിട്ടു വളരെ തണുത്ത പ്രതികരണം. സുഹൃത്തിനൊന്നും മനസ്സിലായില്ല, എന്താണ് അറിയുന്നത് എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുപോയ കക്ഷി, സുഹൃത്തിനെപ്പറ്റി പറഞ്ഞതു കേട്ടാല്‍ ആരും സുഹൃത്തിനെ ഒഴിവാക്കേനേ ശ്രമിക്കുകയുള്ളൂ. നമ്മില്‍ ചിലരെങ്കിലും ഇത്തരം ആരോപണകഥകള്‍ കലാപരമായി അവതരിപ്പിക്കാന്‍ മികച്ചവരാണ്.

വലിയ തെളിവിന്റെ ഒന്നും പിന്‍ബലമില്ലാതെ രാജ്യദ്രോഹവും, വിധ്വംസക പ്രവര്‍ത്തനങ്ങളും ചുമത്തി, രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഒരു പൗരനെ വ്യക്തിഹത്യ ചെയ്യുന്ന രീതിക്ക് അമേരിക്കയില്‍ പറയുന്ന പദമാണ് മക്കാര്‍ത്തിയിസം. അന്‍പതുകളില്‍, സോവിയറ്റ് ചാരന്മാരെന്ന പേരുദോഷത്തില്‍ വളരെപ്പേരെ ദ്രോഹിച്ച യു.എസ്. സെനറ്റര്‍ ജോസഫ് മക്കാര്‍ത്തിയാണ് ഈ പദത്തിനു അര്‍ത്ഥം കല്‍പ്പിച്ചു തന്നത്. നവ മാധ്യമങ്ങള്‍ കേരളത്തില്‍ മക്കാര്‍ത്തീയിസം ഏറ്റെടുത്തിരിക്കയാണെന്നു തോന്നുന്നു. നേരും സത്യവും ജനത്തിനു മുമ്പില്‍ കൊണ്ടു വരേണ്ട ദൗത്യം മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ, അവതരിപ്പിക്കുന്ന സത്യം തെളിയിക്കാനുള്ള ബാദ്ധ്യതയും, തുടര്‍ച്ചക്രമങ്ങളും ഉണ്ടാവണം, അത് ഇന്ന് ഉണ്ടോ എന്നും സംശയിക്കുകയാണ്. ഇങ്ങനെ എത്രയോ തവണ പലവിധത്തില്‍ ആരോപണ വിധേയരായവരാണ് രണ്ടു പക്ഷത്തും നിലയുറച്ചിരിക്കുന്നത്. ഇവിടെ കബളിക്കപ്പെടുന്നത് പൊതുജനമാണ് എന്നതില്‍ തര്‍ക്കമില്ല.

ആരോപണ വിധേയനായി ശിക്ഷിക്കപ്പെട്ട പൊതു പ്രവര്‍ത്തകന്‍ ഒരിക്കലും ഒരു മത്സരത്തിനും ഉണ്ടാവാന്‍ പാടില്ല. പൊതുപ്രവര്‍ത്തകരുടെ അവിഹിതമായ ഇടപെടലുകളും, ചൂഷണവും അന്വേഷിക്കുവാനുള്ള അഴിമതി വിരുദ്ധ നിയമ സംവിധാനം കേന്ദ്രതലത്തില്‍ ഉണ്ടാവണം. ബിനാമി ഇടപാടുകളെപ്പറ്റി ആരോപണം ഉണ്ടായാല്‍ രഹസ്യമായി അന്വേഷിക്കാനും നിയമനടപടികള്‍ മുമ്പോട്ടുകൊണ്ടു പോകാനുമുള്ള സ്വതന്ത്ര സംവിധാനം എത്രയും വേഗം നിലവില്‍ വരേണ്ടതുണ്ട്. നിയമ പാലകര്‍ നിയമലംഘകരാകുമ്പോള്‍ ശിക്ഷ ഇരട്ടിപ്പിക്കണം. രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയന്ത്രണം എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കലാപം ഉണ്ടാകുമ്പോള്‍ അപ്പോഴുണ്ടാവുന്ന പൊതുനഷ്ടം ആ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഈടാക്കണം അല്ലെങ്കില്‍ നേതാക്കന്‍മാര്‍ ശിക്ഷ അനുഭവിക്കണം.

മുരുകന്‍ കാട്ടാക്കടയുടെ ഒരു വരിക്കവിത ഓര്‍ത്തു പോകുന്നു. “എല്ലാവര്‍ക്കും തിമിരം നമ്മള്‍ എല്ലാവര്‍ക്കും തിമിരം, മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം.”

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top