സമ്മാനം നല്‍കാത്തതിന് സ്ഥാപന ഉടമക്ക് തടവും പിഴയും

mdnമഞ്ചേരി: ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നറുക്കെടുപ്പില്‍ 500 ഗ്രാം സ്വര്‍ണം ലഭിച്ചയാള്‍ക്ക് സമ്മാനം നല്‍കാതെ കബളിപ്പിച്ച സ്ഥാപന ഉടമയെ രണ്ടുവര്‍ഷം തടവിനും 5,000 രൂപ പിഴക്കും ശിക്ഷിച്ചു. മഞ്ചേരി വരിക്കോടന്‍ ബില്‍ഡിങ്ങിലെ നെക്സ്റ്റ് റീട്ടെയില്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിന്‍െറ പ്രൊപ്രൈറ്റര്‍ സുനില്‍ നായരെയാണ് ശിക്ഷിച്ചത്.

മഞ്ചേരിയിലെ സ്ഥാപനത്തില്‍നിന്ന് 2010 ജൂലൈ 30ന് മമ്പാട് തമ്പാര്‍ വീട്ടില്‍ ടി. അബൂബക്കര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. അതിന്‍െറ കൂടെ ലഭിച്ച നറുക്കെടുപ്പ് കൂപ്പണ്‍ മകന്‍ നസീമിന്‍െറ പേരില്‍ പൂരിപ്പിച്ച് നല്‍കി. നെക്സ്റ്റ് ഇന്ത്യ ലിമിറ്റഡിന്‍െറ കോഴിക്കോട്ടെ ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 500 ഗ്രാം സ്വര്‍ണം അബൂബക്കറിന്‍െറ 000421 നമ്പര്‍ കൂപ്പണില്‍ അടിച്ചു. എന്നാല്‍, കൂപ്പണ്‍ വേറെയാളുടെ പേരില്‍ പൂരിപ്പിച്ചു നല്‍കിയെന്ന കാരണം പറഞ്ഞ് സമ്മാനം നല്‍കാന്‍ കൂട്ടാക്കിയില്ല.

അബൂബക്കര്‍ ഉപഭോക്തൃകോടതിയെ സമീപിച്ചപ്പോള്‍ 500 ഗ്രാം സ്വര്‍ണവും രണ്ടായിരം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ 2013 ജൂണ്‍ 21ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ സുനില്‍ നായര്‍ അപ്പീല്‍ നല്‍കിയെങ്കിലും വിധി ശരിവെച്ചു. സ്വര്‍ണവും നഷ്ടപരിഹാരവും ലഭിക്കുന്നില്ലന്ന് കാണിച്ച് അബൂബക്കര്‍ വീണ്ടും ഉപഭോക്തൃ കോടതിയെ സമീപിച്ചു.

ആദ്യം ജാമ്യത്തോടെ വാറന്‍റയച്ചപ്പോള്‍ കടതുറന്നിട്ടില്ലന്നും സ്ഥലത്തില്ലന്നും മറ്റും പറഞ്ഞ് മടങ്ങി. വെള്ളിയാഴ്ച സുനില്‍നായര്‍ കടയില്‍ നില്‍ക്കുന്നത് കണ്ട പരാതിക്കാരന്‍ അഭിഭാഷകനെയും കൂട്ടി ഉപഭോക്തൃ കോടതിയില്‍ എത്തി അറസ്റ്റ് വാറന്‍റ് വാങ്ങി. മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഉപഭോക്തൃ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഉപഭോക്തൃ സംരക്ഷണ നിയമം 27ാം വകുപ്പ് പ്രകാരം പ്രതിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു. കൂപ്പണ്‍ കൈമാറരുതെന്ന നിര്‍ദേശം സ്ഥാപന ഉടമ ചൂണ്ടിക്കാട്ടിയെങ്കിലും സ്വന്തം മകന്‍െറ പേരില്‍ കൂപ്പണ്‍ എഴുതിയതിനെ കൈമാറ്റമായി കാണാനാവില്ലന്ന് കോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment