വനിതാ എം.എല്‍.എമാരെ ആക്ഷേപിച്ച് അബു മാപ്പു പറഞ്ഞു

KC-Abuകോഴിക്കോട്: വനിതാ എം.എല്‍.എമാര്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു മാപ്പുപറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനും മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും ആയതിനാല്‍ പ്രസ്തുത പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുന്നതായും അബു എഴുതി അറിയിച്ചു.

നിയമസഭയില്‍ നടന്ന പരാക്രമങ്ങള്‍ക്കിടെ ബിജിമോള്‍ എം.എല്‍.എയെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞത് ബിജിമോളും ഷിബുവും ആസ്വദിക്കുകയായിരുന്നെന്നാണ് കെ.സി. അബു പറഞ്ഞത്. ഷിബുവും ബിജിമോളും തമ്മിലുണ്ടായ രംഗം സിനിമയെക്കാള്‍ മനോഹരമായിരുന്നെന്നും ഈ സംഭവത്തില്‍ ബിജിമോള്‍ക്ക് പരാതിയുണ്ടാകാനിടയില്ലന്നും അബു പറഞ്ഞു.

ജമീല പ്രകാശം പാവം പ്രായമായ ശിവദാസന്‍ നായരെ കടിച്ചതെന്തിനാണ്. വേണമെങ്കില്‍ കരിമ്പുപോലുള്ള പി.കെ. ബഷീറിനെ കടിച്ചുകൂടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്ഫടികത്തില്‍ മോഹന്‍ലാല്‍ മുണ്ട് മാടിക്കുത്തിയതുപോലെ മാടിക്കുത്തിയാണ് ശിവന്‍കുട്ടി എം.എല്‍.എ സ്പീക്കറുടെ ഡയസിലൂടെ നടന്നത്. അദ്ദേഹത്തിന്‍െറ കാക്കി ട്രൗസര്‍പോലും കാണാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തുകയാണോ എന്നുചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അപമാനിക്കലല്ല, സ്ത്രീകള്‍ പരിഭവിക്കുമ്പോള്‍ എങ്ങനെയാണെന്ന് തനിക്കറിയാമെന്നും സംഭവത്തില്‍ ബിജിമോള്‍ക്ക് പരിഭവമില്ലന്ന് മനസ്സിലാക്കാമെന്നും അബു പറഞ്ഞു.

അബുവിന്‍െറ പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ ഇടപെടുകയും അബുവിനോട് ഉടന്‍ ക്ഷമാപണം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ നിര്‍ദേശം മാനിച്ചാണ് മാപ്പുപറയുന്നതെന്ന് അബു പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആദ്യം അബു എഴുതിത്തയാറാക്കിയ ഖേദപ്രകടനം കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരനെ ഫോണില്‍ വായിച്ചുകേള്‍പിച്ചെങ്കിലും സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി. ഒടുവില്‍ തിരുവനന്തപുരത്തുനിന്ന് പത്രക്കുറിപ്പിന്‍െറ രൂപം തയാറാക്കി അയച്ചുകൊടുക്കുകയായിരുന്നു.

അബു നടത്തിയ മോശം പരാമര്‍ശത്തിനെതിരെ കോഴിക്കോട്ട് മഹിളാ, യുവജന സംഘടനകള്‍ വന്‍ പ്രതിഷേധപ്രകടനം നടത്തി. അബുവിന്‍െറ നടക്കാവിലെ വീട്ടിലേക്കും ഡി.സി.സി ഓഫിസിലേക്കും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാര്‍ച്ച് നടത്തി.

Print Friendly, PDF & Email

Leave a Comment