Flash News

ഉത്തര്‍‌പ്രദേശിലെ റായ്‌ബറേലിയില്‍ ട്രയ്ന്‍ അപകടത്തില്‍ പെട്ട് 34 പേര്‍ മരിച്ചു; 150-ലേറെ പേര്‍ക്ക് പരിക്ക്

March 21, 2015 , സ്വന്തം ലേഖകന്‍

train-accidentലഖ്‌നൗ: അശ്രദ്ധയും സുരക്ഷാ വീഴ്ചയും ചൂളം വിളിച്ചെത്തിയ റെയ്ല്‍വേ ട്രാക്കില്‍ വീണ്ടും മനുഷ്യ കൂട്ടക്കുരുതി. ഉത്തര്‍ പ്രദേശിലെ റായ്ബറേലി ജില്ലയില്‍ എക്സ്‌പ്രസ് ട്രെയ്ന്‍ അപകടത്തില്‍പ്പെട്ട് 34 പേര്‍ മരിച്ചു. 150ലേറെപ്പേര്‍ക്കു പരുക്കേറ്റു. പലരുടെയും പരുക്കു ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു സൂചന.

റായ്ബറേലി ബ‌ച്‌റാവന്‍ റെയ്ല്‍വേസ്റ്റേഷനു സമീപം ഇന്നലെ രാവിലെ 9.15 നായിരുന്നു ദുരന്തം. കഴിഞ്ഞ മാസം 13നു കര്‍ണാടകത്തിലെ ആനക്കല്‍ സ്റ്റേഷനു സമീപം ബംഗളൂരു- എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസ് അപടകത്തില്‍പ്പെട്ട് 11 പേര്‍ മരിച്ച അപകടത്തിന്‍റെ നടുക്കം മാറുന്നതിനു മുന്‍പാണ് രാജ്യം വീണ്ടും വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുന്നത്.

ഡെറാഡൂണില്‍ നിന്നു വാരാണസിയിലേക്കു വരികയായിരുന്ന ജനതാ എക്‌സ്‌പ്രസ് ആണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമായിട്ടില്ലെങ്കിലും ബ്രേക്ക് തകരാറെന്നാണു പ്രാഥമിക നിഗമനം. ബച്‌റാവന്‍ സ്റ്റേഷനില്‍ സ്റ്റോപ് ഇല്ലാതിരുന്ന ട്രയിനിനു ലഭിച്ച സിഗ്നല്‍ അനുസരിച്ചു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബ്രേക്ക് കിട്ടിയില്ലെന്നു അധികൃതര്‍.

സിഗ്നല്‍ പിന്നിട്ടു പോയ ട്രെയ്ന്‍ മറ്റൊരു ലൈനിലേക്കു വഴിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ എന്‍ജിനു തൊട്ടു പിന്നിലുണ്ടായിരുന്ന ഗാര്‍ഡ് ക്യാബിനും തൊട്ടു പിന്നിലത്തെ ജനറല്‍ കംപാര്‍ട്ട്മെന്‍റും തമ്മില്‍ കൂട്ടിയിടിച്ചു പാളം തെറ്റി. ഈ കംപാര്‍ട്ടുകള്‍ തമ്മില്‍ ഞെരിഞ്ഞമര്‍ന്നാണ് ജനറല്‍ കംപാര്‍ട്ട്മെന്‍റിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരെല്ലാം ഈ കംപാര്‍ട്ട്മെന്‍റിലെ യാത്രക്കാരായിരുന്നു.

30 പേര്‍ സംഭവ സ്ഥലത്തും നാലു പേര്‍ ലക്നോയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. ആദ്യ രണ്ടു കംപാര്‍ട്ടുകള്‍ മാത്രം അപകടത്തില്‍പ്പെട്ടതും ഗാര്‍ഡ് ബോഗിയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതുമാണ് മരണസംഖ്യ കുറച്ചത്. ബ്രേക്ക് ലഭിക്കാതായതിനെത്തുടര്‍ന്നു ഭയപ്പെട്ട ലോക്കോ പൈലറ്റ് മെയ്ന്‍ ലൈനിലേക്കു ഷിഫ്റ്റ് ചെയ്യാന്‍ വോക്കി ടോക്കിയിലൂടെ സ്റ്റേഷന്‍മാസ്റ്ററുടെ സഹായം തേടിയതായി യാത്രക്കാര്‍ പറഞ്ഞു. ഗാര്‍ഡും ലോക്കോ പൈലറ്റും പരസ്പരം സഹായം അഭ്യര്‍ഥിച്ചു വെപ്രാളത്തിലായിരുന്നു എന്നും രക്ഷപ്പെട്ട യാത്രക്കാര്‍.

ലക്നൗവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. അവിടെ നിന്നു കൊണ്ടുവന്ന ദുരന്ത നിവാരണ വാന്‍ ഉപയോഗിച്ചു ബോഗികള്‍ തള്ളിമാറ്റിയും നാട്ടുകാര്‍ വെട്ടിപ്പൊളിച്ചുമാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. സംഭവത്തെക്കുറിച്ച് ഉത്തര മേഖലാ സേഫ്റ്റി കമ്മിഷണര്‍ അന്വേഷിക്കുമെന്ന് റെയ്ല്‍വേ വക്താവ് അനില്‍ സക്സേന അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സാരമായി പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും ആശുപത്രിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് 20,000 രൂപയും നല്‍കുമെന്ന് റെയ്ല്‍വേ അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top