ന്യൂഡല്‍ഹി: ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേ കാരണത്താല്‍, കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും പരമോന്നത കോടതി റദ്ദാക്കി.
അതേസമയം, സാമുദായിക സൗഹാര്‍ദത്തിനും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനും ഭീഷണിയുയര്‍ത്തുന്ന വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനുള്ള അധികാരം കോടതി നിലനിര്‍ത്തി. 2012ല്‍ ബാല്‍താക്കറെയുടെ മരണവേളയില്‍ നടന്ന സംസ്ഥാന വ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനത്തിന്‍െറ പേരില്‍ രണ്ടു യുവതികള്‍ അറസ്റ്റിലായ സംഭവത്തത്തെുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി ശ്രേയ സിംഗാള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.
അറിയാനുള്ള സ്വാതന്ത്ര്യത്തെ നേരിട്ടു ബാധിക്കുന്നതാണ് 66 എ വകുപ്പെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്താണ് ചെയ്ത കുറ്റമെന്ന് മനസ്സിലാക്കാന്‍പോലും കഴിയാത്ത തരത്തില്‍ അവ്യക്തമാണ് 66 എ വകുപ്പിലെ ഭാഷ. ‘ഉപദ്രവമോ പ്രയാസമോ അപകടമോ തടസ്സമോ നിന്ദയോ പരിക്കോ ഭയമോ ശത്രുതയോ വെറുപ്പോ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തെറ്റായ ഒരു വിവരം’ എന്ന വാക്യത്തെ എങ്ങനെയും വ്യാഖ്യാനിക്കാം. ഭരണഘടന അനുവദിച്ച അഭിപ്രായ സ്വാതന്ത്ര്യ പ്രകാരം നടത്തിയ കുഴപ്പമില്ലാത്ത പ്രസംഗംപോലും ഈ വകുപ്പിന് കീഴില്‍ കൊണ്ടുവരാനാകുമെന്നും വിശാലമായതലത്തിലേക്ക് ഈ വകുപ്പിനെ കൊണ്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ക്കുമിടയിലെ സന്തുലനം പാലിക്കാന്‍ ഈ വകുപ്പിന് കഴിയുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിലേക്ക് അമിതമായി കടന്നുകയറ്റമാണിത്. സംവാദവും ഒരാള്‍ക്കുവേണ്ടി വാദിക്കലും എരിവുകേറ്റലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ആദ്യത്തെ രണ്ടും ഒരാള്‍ക്ക് പ്രയാസമുണ്ടായാലും അനുവദിക്കുന്നതില്‍ പ്രശ്നമില്ല.
66 എ വകുപ്പ് പ്രകാരമുള്ള കേസിലെ പ്രോസിക്യൂഷന് നടപടി ക്രമങ്ങളും യുക്തിരഹിതമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. മാനനഷ്ടക്കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് ക്രിമിനല്‍ ശിക്ഷാനിയമം 199ാം വകുപ്പ് പ്രകാരം ലഭ്യമായ സംരക്ഷണം ഐ.ടി നിയമത്തിലെ 66 എ വകുപ്പിന് കീഴില്‍ സമാനകുറ്റം ആരോപിക്കപ്പെട്ട ഒരാള്‍ക്കില്ല. മാനനഷ്ടത്തിന് ഇരയായ വ്യക്തി നേരിട്ട് പരാതി നല്‍കണമെന്നും മാനനഷ്ടത്തിനിടയാക്കിയ സംഭവം നടന്ന് ആറു മാസത്തിനകം ഇത് വേണമെന്നും ക്രിമിനല്‍ ശിക്ഷാനിയമം 199ാം വകുപ്പ് പറയുന്നുണ്ട്. എന്നാല്‍, ഈ രണ്ട് വ്യവസ്ഥകളും 66 എ വകുപ്പിന് ബാധകമല്ല.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നേരത്തേയുള്ള അനുമതിയോടെയാണ് കോടതി സ്വമേധയാ ഇടപെടുന്നതും കുറ്റം ചുമത്തുന്നതുമെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. എന്നാല്‍, അതേ കുറ്റം ഇന്റര്‍നെറ്റില്‍ ചെയ്യുമ്പോള്‍ നടപടിക്രമങ്ങളിലുള്ള ഈയൊരു പരിരക്ഷ 66 എ വകുപ്പ് നല്‍കുന്നില്ളെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.