Flash News

രോദനം… (കഥ) വര്‍ഷിണി വിനോദിനി

March 25, 2015 , വര്‍ഷിണി വിനോദിനി

rodanam titleസ്വൈര്യം കളഞ്ഞു നാശം..!
നീ ഇങ്ങനെ ആര്‍ത്തലച്ച് കരയുന്നതിന്‍റെ കാരണം വ്യക്തമാക്കൂ..
നിനക്ക് വിശക്കുന്നുണ്ടോ…?
വിശക്കുന്നവന്‍ അന്നം നല്‍കണമെന്നത് ദൈവ വചനം..
ഞാനത് അനുസരിയ്ക്കുന്നു..
നിനക്ക് ഒരു പിടിയല്ല..
വയറു നിറയെ ഉണ്ണാനുള്ള അരിമണികള്‍ നിന്‍റെ മാറാപ്പ് സഞ്ചിയില്‍ നിറഞ്ഞ നാഴികള്‍ കൊണ്ട് അളക്കാതെ ഞാന്‍ കമഴ്ത്തി തരാം..
തോളിലെ ആ ഭാരം ചുമന്ന് നീ ഈ വീടിന്‍റെ മുന്‍ വശത്തെ തൊടിയിലൂടെ ഇറങ്ങുന്ന ഇടുങ്ങിയ ഇടവഴിയിലേയ്ക്ക് പ്രവേശിയ്ക്കുക..
ആ ഇടവഴി അവസാനിയ്ക്കുന്ന മാളിക മുറ്റത്ത് കിരീടമണിഞ്ഞ രാജാവിനേയും രാജ്ഞിയേയും കാണാം..
പ്രജകളുമായുള്ള അവരുടെ തര്‍ക്കങ്ങള്‍ മൂക്കുമ്പോള്‍ ഓടി വരുന്ന വാത്സല്ല്യവും..
സ്നേഹ പ്രകടന ഹര്‍ജികളാല്‍ അവരെ പാട്ടിലാക്കുന്ന അരമന റാണിയേയും കാണാം..
പൊട്ടിച്ചിരികളുടേയും ആഹ്ലാദങ്ങളുടേയും ലോകം നിനക്ക് അന്യമല്ല ….
സാവകാശം നീങ്ങാം.. ഇനി ആ മാളിക മതിലിനപ്പുറത്തേയ്ക്ക് ഒന്ന് എത്തി നോക്കിയാല്‍ ഇന്നേ വരെ കാണാത്ത ഒരു പുതു ലോകം ദര്‍ശിയ്ക്കാം…
ഒരു കുഞ്ഞിന്‍റെ കാലടി ശബ്ദം കൊതിച്ച് മരവിച്ച് കിടക്കുന്ന ചാണക വെള്ളം തെളിച്ച തറയും..
ആ തറയില്‍ വിശപ്പിന്‍റെ ആലസ്യം തീര്‍ക്കാനാവാതെ തളര്‍ന്നുറങ്ങുന്ന കിരീടമില്ലാത്ത രാജകുമാരനും രാജകുമാരിയും…
കൊതിപ്പിയ്ക്കുന്ന രുചികളുടെ ആവിയും മണവും…
അലുമിനിയം പാത്രങ്ങളുടെ തട്ടലുകളും മുട്ടലുകളും കാത്ത് കിടക്കുന്ന അടുക്കളയും..
വിറയ്ക്കുന്ന ചുണ്ടുകളാല്‍ ഒരായുഷ്ക്കാലം തീര്‍ക്കാനായി ഒരിടം തിരഞ്ഞെടുത്ത പോലെ ആ മുക്കില്‍ ചുരുണ്ടിരിയ്ക്കുന്ന കരിഞ്ഞ ജീവനും..
തോളിലെ ഭാരം ഇപ്പോള്‍ അസഹ്യമായി തോന്നുന്നില്ലേ…?
ആ മാറാപ്പിലെ അരി മണികള്‍ അവളുടെ മടിത്തട്ടിലേയ്ക്ക് പകര്‍ത്തി അവള്‍ കൈമാറുന്ന കടാക്ഷവും കൈപറ്റി ഇടം വലം നോക്കാതെ ഇറങ്ങി തിരിച്ച ഇടുങ്ങിയ ഇടവഴിയിലൂടെ തന്നെ തിരിയ്ക്കുക.. കരുണയെന്ന മഹത് പ്രവൃത്തിയില്‍ വിശ്വസിച്ച് കൈകള്‍ കഴുകി ഭോജന മുറിയില്‍ വന്നാല്‍ കിണ്ണങ്ങളുടേയും കരണ്ടികളുടേയും ഒച്ചകള്‍ അലസോലപെടുത്തുന്നതായി തോന്നുകില്ല…!

അല്പം വിശ്രമം ആകാം..
ഇനി ഒരു യാത്രയ്ക്ക് ആവശ്യം വരുന്നതിനേക്കാളേറെ പണതുട്ടുകള്‍ പണ സഞ്ചിയില്‍ അടുക്കി നിന്നെയൊരു യാത്രയ്ക്ക് ഒരുക്കുകയാണ്..
പണ സഞ്ചി ഇടുപ്പില്‍ ഭദ്രമായി തന്നെ ഇരിയ്ക്കട്ടെ..
കാല്‍ നടയാകാം..
വരണ്ട വയല്‍പ്പാടങ്ങളുടേയും ഞെട്ടറ്റു വീണ ഞാവല്‍പ്പഴ മരങ്ങളുടേയും ഇടയിലൂടെ പരിചിതമല്ലാത്ത വഴികളിലൂടെയുള്ള അലച്ചല്‍ ഒരു കൊച്ചു ഭവനത്തിന്‍റെ ഉമ്മറ പടിയില്‍ അവസാനിപ്പിയ്ക്കും..
ആ വേലി മറ നീക്കി തുറന്നു കിടക്കുന്ന കതകില്‍ തട്ടിയാല്‍ ആള്‍മറ നീക്കി തിളക്കമുള്ള കണ്ണുകളും മിനുക്കമുള്ള മുഖവുമുള്ള സുന്ദരി സല്‍ക്കരിയ്ക്കാനായി ഓടി വരും..
അവളുടെ ഭര്‍ത്താവ് അന്യദേശത്തു നിന്ന് അവര്‍ക്ക് പിറന്ന പൊന്നോമനയെ കാണാന്‍ മരുഭൂമിയില്‍ നിന്ന് ഇറങ്ങി വരുന്ന സന്തോഷമാണ് ആ മുഖത്ത്..
മുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന പൂക്കളിലും..അകത്ത് മകന്‍ പലഹാരങ്ങള്‍ ഒരുക്കുന്ന വാത്സല്ല്യ ഹൃദയത്തിലും കാണാം അവളുടെ മുഖത്തെ വിവിധ വര്‍ണ്ണങ്ങള്‍ പാറി കളിയ്ക്കുന്നത്..
ഇനിയും കുറച്ച് ദൂരം യാത്ര ചെയ്യാനുള്ളതാണ്..
ഇരുട്ടി തുടങ്ങിയാല്‍ പിന്നെ കാല്‍നടക്കാര്‍ അധികം കാണില്ല..
അധിക സമയം അവിടെ കരുതി വെയ്ക്കാനില്ല…
പുറപ്പെടാം..
കിഴക്ക് വശത്തായി ഇഷ്ടം പോലെ സ്ഥലം ഒഴിഞ്ഞു കിടക്കുന്നു..
നടത്തത്തിന്‍റെ വേഗത ചുരുക്കി ചുറ്റും നോക്കിയാല്‍ ആള്‍മറയില്ലാതെ തുറന്നു കിടക്കുന്ന ഒരു കൂര കാണാം..
അനുവാദത്തിനായി കാത്തു നില്‍ക്കേണ്ടതില്ല… ദശയില്ലാതെ എല്ലുന്തിയിരിയ്കുന്ന വികൃത രൂപത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേയ് കോലത്തെ തട്ടി തടഞ്ഞ് വീഴുമെന്നത് നിശ്ചയം..
അവള്‍ക്ക് വെട്ടം ഭയപ്പാടുണ്ടാക്കുന്നുവത്രെ,.. അവള്‍ ഒരു മനോരോഗിയാണ്‍…
നിരാലംബയാണ്….
ഒരമ്മയാണ്..
ഏതോ ഇരുളാര്‍ന്ന പകലുകളും ഉഷ്ണിച്ച രാത്രികളും അവള്‍ക്കു നല്‍കിയ പ്രണയോപഹാരം ആ മടിത്തട്ടില്‍ മയങ്ങി ഉറങ്ങുന്നു.. ഇടുപ്പിലെ പണസഞ്ചി ഇരിയ്ക്കുന്നിടം ഇപ്പോള്‍ ഇറുക്കുന്നുവല്ലേ..?
അതിനെ വലിച്ചെടുത്ത് അവള്‍ അറിയാതെ അവളുടെ സാരി തലപ്പില്‍ കെട്ടിയിട്ട് വന്ന വഴിയ്ക്കു തന്നെ തിരിയ്ക്കാം..

വീട്ടു പടി കടന്നതും കിണറ്റില്‍ നിന്ന് വെള്ളം കോരി കാലും കൈയ്യും മുഖവും കഴുകി ഉമ്മറ തിണ്ണയില്‍ ചായുമ്പോഴേയ്ക്കും ചായയും പലഹാരവും തയ്യാറയിരിയ്ക്കും..
പതിവില്ലാത്ത യാത്ര…
ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ഇച്ചിരി നേരം കതകടച്ച് മുറിയിലിരിയ്ക്കൂ..
തനിച്ചാകുന്ന ആ നിമിഷങ്ങളില്‍ വേദനകള്‍ പടര്‍ന്ന ചൊദ്യങ്ങളെ വായുവിലേയ്ക്ക് എടുത്തെറിയുക…
അതേ വേഗതയില്‍ തിരിച്ചു വന്നു വീഴുന്ന ഉത്തരങ്ങളെ പെറുക്കി കൂട്ടി സൌകര്യാര്‍ത്ഥം വാതില്‍ തുറക്കുക..
ഗാഡമായ ആലോചനയില്‍ എന്നോണം ഞാന്‍ അവിടെ തന്നെ കാവലിരിയ്ക്കുന്നുണ്ടാകും….!

“വിയര്‍പ്പിന്‍റെ രൂക്ഷ ഗന്ധവും ആത്മാവിന്‍റെ വേദനയും അനുഭവപ്പെടുന്നു നീ ആ വാതില്‍ പാളികള്‍ തള്ളി തുറന്നപ്പോള്‍.. പിന്നേയും രോദനം…പിന്നേയും രോദനം.. നിനക്ക് ഇപ്പോഴും വിശക്കുന്നുണ്ടോ..?”

“അല്ലാ… അതല്ലാ..
എന്നെ കേള്‍ക്കാന്‍ മനസ്സ് കാണിയ്‌ക്കൂ…
നിങ്ങള്‍ക്കറിയോ..
എന്റെ കഴുത്തിലും മാറിലും ഒരുപാട് ചൂട് കുരുക്കള്‍ പൊന്തിയിരിയ്ക്കുന്നു.. ചുട്ടു പൊള്ളലുകള്‍ സഹിയ്ക്കാനാവാതെ .. സ്വയം ഊതി കെടുത്താനാവാതെ..
ഞാന്‍ വീണ്ടും വീണ്ടും മാനത്ത് വട്ടം കറങ്ങി തിരിയുന്ന മഴമേഘ കൂട്ടങ്ങളെ ഒരു വേനല്‍ മഴയ്ക്കായ് ആര്‍ത്തിയോടെ നോക്കി.. അപ്പോഴുണ്ട്.. അവര്‍ക്ക് പെട്ടെന്ന് കണ്ണും മൂക്കും വായും വന്ന പോലെ.. അവര്‍ ജിജ്നാസയോടെ ചോദിച്ചു,
“നിന്‍റെ പ്രണയം ഒരു ഉല്ലാസ യാത്രയ്ക്ക് പുറപ്പെട്ട് പോയതല്ലേ..? എന്നിട്ടും നീ എന്തിനു ഒരു വിരഹിണി കണക്കെ.. ഒരു പട്ടിണി പാവം കണക്കെ അവന്‍ എറിഞ്ഞു തരുന്ന അന്നത്തിനായി കൈ നീട്ടി നില്‍ക്കുന്നു..?
നിനക്ക് എറിഞ്ഞു തരുന്ന അന്ന പൊതിയില്‍ നിന്നൊരു വറ്റ് മണ്ണില്‍ തെറിച്ചു വീഴുമ്പോഴും ആര്‍ത്ത്തിയോടെ ഒരു മൊട്ടു സൂചി കൊണ്ടതിനെ നോവിയ്ക്കാതെ എടുത്ത് ഭക്ഷിയ്ക്കുന്നു.. കനമുള്ള പോറലുകള്‍ പേറാന്‍ നിനക്കാവുന്നത് എങ്ങനെ…?”

എന്റെ വേദന അവര്‍ മനസ്സിലാക്കിയിരിയ്ക്കുന്നു.. നിനക്ക് നല്‍കാനാവാത്ത ഉത്തരം ഞാനവര്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതയായി..

“തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് “രണ്ട് കണ്ണുകള്‍” ഇറുക്കി അടച്ചു കൊണ്ട് എന്നോട് പറഞ്ഞു,
‘ജോലിയില്‍ വിള്ളലുകള്‍..
അതു സംബന്ധിച്ച് ജീവിതത്തില്‍ വിള്ളലുകള്‍..
ഒന്നു നിര്‍ത്തി..
കണ്ണുകള്‍ ചിമ്മി അടച്ചു..
ഡാമില്‍ വിള്ളലുകള്‍..
ജീവിതങ്ങളില്‍ ഇങ്ങനെ ക്ഷതികള്‍.. നരകമെവിടെ…
സ്വര്‍ഗ്ഗമെവിടെ..?
സൌഹൃദങ്ങള്‍ പോലും ഒരു മായയാണ് കുട്ടീ..
സ്നേഹം..
ബന്ധങ്ങള്‍..
എല്ലാം മിഥ്യയാണ്..
ഏതില്‍ മുഴുകിയാലും എല്ലാം നശിയ്ക്കും..
ഈശ്വരന്‍ മാത്രം ശാശ്വതം..സ്വന്തം..
നീയും അവനോട് അടുക്കു.. നിന്‍റെ വേദനകളെ ഇല്ലാതാക്കു…”

“കഷ്ടം..! മഴമേഘങ്ങള്‍ പരിതപ്പിച്ചു… പിന്നെ ശാസിച്ചു..
ഏതു നേരവും നിന്നില്‍ ഉയരുന്ന തേങ്ങലുകള്‍ വിശപ്പിന്‍റേതു തന്നെ..
എപ്പോഴും തണുത്തുറച്ച് വിറങ്ങലിച്ചിരിയ്ക്കുന്ന നിന്‍റെ ഉടലിന്‍ ഇടറിയ കാല്‍വെയ്പ്പുകള്‍ ശീലമല്ല…
വിള്ളലുകള്‍ ശീലമല്ല..
വിശപ്പുകള്‍ ശീലമല്ല..
നീ അപരിചിതരെ ഭയക്കേണ്ടിയിരിയ്ക്കുന്നു..
ദുഷ്ചിന്തകള്‍ നിന്നെ ആക്രമിച്ചേയ്ക്കാം…”

ഒരു വേനല്‍ തുള്ളിയെ പോലും അനുവദിയ്ക്കാതെ ആ മഴമേഘ കൂട്ടങ്ങള്‍ വട്ടം കറങ്ങി..കറങ്ങി.. വിട വാങ്ങി..
ഞാന്‍ ഇപ്പോഴും ആലോചനയിലാണ്..
മഴമേഘങ്ങളെ…നിങ്ങളോടിത്രയും പറഞ്ഞു തീര്‍ക്കാനുള്ള ധൈര്യം എനിയ്ക്ക് എവിടെന്നു കിട്ടി..?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top