മലയാറ്റൂരില്‍ തീര്‍ഥാടനത്തിന് തിരക്കേറി

mala_thomasകൊച്ചി (ഏപ്രില്‍ 3) : വിശുദ്ധ വാരത്തിന് തുടക്കമായതോടെ മലയാറ്റൂര്‍ കുരിശുമുടിയില്‍ തിരക്കേറി. ഓശാന ഞായറാഴ്ച മുതല്‍ പതിനായിരങ്ങളാണ് മരക്കുരിശുകളുമേന്തി കാവി വസ്ത്രവും ധരിച്ച് കാല്‍നടയായി മലകയറുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും വിശാസികള്‍ കുരിശുമുടിയിലത്തെുന്നുണ്ട്. പുതുഞായര്‍ തിരുനാള്‍ വരെ കുരിശുമുടിയില്‍ ഇടവിട്ട സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയുണ്ടാകും.

പെസഹാദിനമായ വ്യാഴാഴ്ച കുരിശുമുടിയില്‍ രാവിലെ 6.30 ന് കാലുകഴുകല്‍ ശുശ്രുഷ, വിശുദ്ധ കുര്‍ബാന തുടര്‍ന്ന് ആരാധനയും വൈകുന്നേരം ഏഴുമുതല്‍ എട്ട് വരെ പൊതുആരാധനയും നടന്നു. സെന്‍റ് തോമസ് പള്ളിയില്‍ (താഴത്തെ പള്ളി) കാല്‍കഴുകല്‍ ശുശ്രൂഷ, കുര്‍ബാന, നേര്‍ച്ചക്കാരുടെ കാലുകഴുകല്‍ ശുശ്രൂഷ,പൊതുആരാധന, പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷ എന്നിവക്ക് വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് കാര്‍മികനായി.

ഇന്ന് പീഡാനുഭവ വെള്ളിയാഴ്ച കുരിശുമുടിയില്‍ രാവിലെ 7.30 ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, നഗരികാണിക്കല്‍. സെന്‍റ് തോമസ് പള്ളിയില്‍(താഴത്തെ പള്ളി) രാവിലെ 5.30 ന് ആരാധന 6.30 ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍, കുര്‍ബാന സ്വീകരണം, വൈകുന്നേരം മൂന്നിന് ആഘോഷമായ കുരിശിന്‍െറ വഴി, വാണിഭത്തടം പള്ളിയിലേക്ക് വിലാപയാത്ര, തുടര്‍ന്ന് ഫാ. ജോസഫ് വളക്കനകത്ത് പീഡാനുഭവ സന്ദേശം നല്‍കും. വലിയ ശനിയാഴ്ച കുരിശുമുടിയില്‍ രാവിലെ 7.30 ന് വലിയ ശനി തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാത്രി 11.45 ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, ആഘോഷമായ വിശുദ്ധ കുര്‍ബാന. സെന്‍റ് തോമസ് പള്ളിയില്‍ (താഴത്തെ പള്ളി) രാവിലെ ആറിന് വലിയ ശനി തിരുക്കര്‍മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാത്രി 11.45 ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, കുര്‍ബാന. അഞ്ചിന് ഉയിര്‍പ്പ് ഞായറാഴ്ച കുരിശുമുടിയില്‍ രാവിലെ 5.30, 7.30 വൈകുന്നേരം ആറിന് കുര്‍ബാന. സെന്‍റ് തോമസ് പള്ളിയില്‍(താഴത്തെ പള്ളി) രാവിലെ 5.30, 6.30, വൈകുന്നേരം 5.30 ന് കുര്‍ബാന.

Print Friendly, PDF & Email

Leave a Comment