ദുഃഖവെള്ളി ദിനത്തിലെ സമ്മേളനം: കുര്യന്‍ ജോസഫിന്റെ പരാമര്‍ശം ഞെട്ടിച്ചുവെന്ന് ചീഫ് ജസ്റ്റിസ്

kuryan josephന്യൂഡല്‍ഹി: ദുഃഖവെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെതിരെ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് നല്‍കിയ കത്തിന് മറുപടിയുമായി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു രംഗത്ത്.

മാര്‍ച്ച് 18ന് ഇക്കാര്യമുന്നയിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. എന്തുകൊണ്ട് ദീപാവലി, ഹോളി, ദസറ ദിനങ്ങളില്‍ സമ്മേളനം നടത്തുന്നില്ലെന്ന് കത്തില്‍ ചോദിക്കുന്നു. ദുഃഖവെള്ളിയാഴ്ചയായതിനാല്‍ തനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉള്ളതിനാല്‍ താന്‍ കേരളത്തിലേക്ക് മടങ്ങണമെന്നും പറഞ്ഞിരുന്നു.

അതേസമയം, തന്റെ സഹപ്രവര്‍ത്തകനില്‍ നിന്നുണ്ടായ ഇത്തരത്തിലുള്ള ഒരു പരാമര്‍ശം തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് എച്ച്എല്‍ ദത്തു പറഞ്ഞു. കുടുംബപരമായ ആവശ്യങ്ങളുണ്ടെങ്കില്‍ തന്റെ കുടുംബത്തെ ഡല്‍ഹിയിലേയ്ക്ക് കൊണ്ടുവരുവാന്‍ കുര്യന്‍ തയാറാകണം. വ്യക്തി താല്പര്യമല്ല, സ്ഥാപനത്തിന്റെ താല്പര്യമാണ് പ്രധാനമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ദു:ഖവെള്ളിയാഴ്ച ചേരാനുള്ള തീരുമാനം വലിയ വാര്‍ത്തകള്‍ക്ക് വഴിവെച്ചിരുന്നു. സമ്മേളനം നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ലില്ലി തോമസ് സമര്‍പ്പിച്ച അപേക്ഷ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. മുമ്പും ഇത്തരത്തില്‍ സമ്മേളനങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി അപേക്ഷ തള്ളിയത്.

Print Friendly, PDF & Email

Leave a Comment