റെയില്‍വേയെ നശിപ്പിച്ചത് ഉദ്യോഗസ്ഥരുടെ അഴിമതിയും, കെടുകാര്യസ്ഥതയുമെന്ന് റിപ്പോര്‍ട്ട്

indian-railwayന്യൂഡല്‍ഹി: ഇന്ത്യന്‍ റയില്‍വേയെ നശിപ്പിക്കുന്നതിന് കാരണമായിരിക്കുന്നത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട്. റയില്‍വേ ബോര്‍ഡിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പ്രതിവര്‍ഷം പതിനായിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ കണ്ടെത്തല്‍. സാധനസാമഗ്രികള്‍ വാങ്ങാനും കരാറുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുമുള്ള അധികാരം റയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ മാത്രം കേന്ദ്രീകരിക്കുന്നത് വന്‍ അഴിമതിക്ക് ഇടയാക്കുന്നുവെന്നും സമിതി റിപ്പോര്‍ട്ട് പറയുന്നു.

അതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള അധികാരം റയില്‍വേ ബോര്‍ഡില്‍ നിന്ന് പൂര്‍ണമായും എടുത്തുമാറ്റി അധികാര വികേന്ദ്രീകരണം നടത്തണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്. കൂടാതെ റയില്‍വേയെ സ്വതന്ത്ര സ്ഥാപനമാക്കണമെന്നും നയപരമായ കാര്യങ്ങളില്‍ മാത്രമേ റയില്‍വേ മന്ത്രാലയം ഇടപെടാവൂവെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റയില്‍വേയ്ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാന്‍ റയില്‍വേ ബോര്‍ഡിനെ ചുമതലപ്പെടുത്തരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ റയിവേയെ ഏഴുവര്‍ഷംകൊണ്ട് അടിമുടി ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് റയില്‍വേ മന്ത്രി സുരേഷ് പ്രഭു വിദഗ്ധസമിതിയെ നിയോഗിച്ചത്. പ്രവര്‍ത്തനശൈലി, സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ ലോകനിലവാരത്തിലേയ്ക്ക് ഉയര്‍ത്തി റയില്‍വേയുടെ മുഖച്ഛായ മാറ്റുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു സമിതിയുടെ ലക്ഷ്യം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment