അവസാനം ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമായി; ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ഔട്ട്

pc-george-on-maoistതിരുവനന്തപുരം (ഏപ്രില്‍ 6): കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്നുണ്ടാകും. ചീഫ് വിപ്പ് സ്ഥാനത്തുനിന്നു പുറത്താക്കും മുന്‍പ് തത്സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തിലാണു പി.സി. ജോര്‍ജെന്നും സൂചന.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യത്തില്‍ ഇന്നു തീരുമാനമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണിക്കു നല്‍കിയ ഉറപ്പ്. ഇന്നു ചേരുന്ന കെപിസിസി യോഗത്തിനു ശേഷം ഉമ്മന്‍ ചാണ്ടി ജോര്‍ജിന്‍റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കും. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുന്‍പ് മാണിയുമായും പി.സി. ജോര്‍ജുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും.

ജോര്‍ജിനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ മാണിയെ അനുനയിപ്പിക്കാന്‍ ഐ ഗ്രൂപ്പ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. മാണി ഒത്തുതീര്‍പ്പിനു വഴങ്ങാത്ത സാഹചര്യത്തില്‍ ജോര്‍ജിനെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലാത്ത പ്രസിസന്ധിയിലാണ് ഉമ്മന്‍ ചാണ്ടി. ഈ സാഹചര്യം മുന്നില്‍ക്കണ്ട് പുറത്താക്കല്‍ പ്രഖ്യാപനം വരുന്നതിനു മുന്‍പു രാജി പ്രഖ്യാപിക്കാനാണു പി.സി. ജോര്‍ജിന്‍റെ നീക്കം.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റിയാലും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിലനിര്‍ത്തി ജോര്‍ജിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ.എം. മാണി ഇതംഗീകരിക്കാന്‍ സാധ്യതയില്ല. അങ്ങനെവന്നാല്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പി.സി. ജോര്‍ജിന്‍റെ ആവശ്യവും അംഗീകരിക്കാന്‍ കഴിയാതാകും. ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റിയാലും എംഎല്‍എയായി തുടരുമെന്നു ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി വിടാനോ മുന്നണി വിടാനോ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പാര്‍ട്ടി വിട്ടാല്‍ അതു കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു മാണിക്കെതിരേ ശക്തമായ നീക്കം നടത്തി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്ന സാഹചര്യമുണ്ടാക്കാനാകും പി.സി. ജോര്‍ജ് ശ്രമിക്കുക. അങ്ങനെ സംഭവിച്ചാല്‍ അതു കേരള കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ പ്രതിസന്ധിയുണ്ടാക്കും. പി.സി. ജോര്‍ജും കെ.എം. മാണിയും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു ശേഷം ഇന്നു തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment