വിദ്വേഷം പെരുപ്പിച്ച മതപ്രസംഗങ്ങളാണ് ലോകത്തില്‍ കൊടുംഭീകരത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന വാദം എത്രമാത്രം ശരിയെന്നറിയില്ല; എന്നാല്‍, ഒരു പഴമൊഴി സത്യമെന്നു കരുതാനാണ് കൂടുതല്‍ സാധ്യത. ‘അവഗണിക്കപ്പെടുന്ന സ്ത്രീയുടെ മുലപ്പാല്‍ നരകാഗ്നിയേക്കാള്‍ ഭയാനകം.’ അനാഥരായ കുട്ടികള്‍, അവരെ പോറ്റാനും സ്വയം ജീവിതം നിലനിര്‍ത്താനുമായി എന്തു വിട്ടുകൊടുക്കേണ്ട ദുരവസ്ഥ!, തിരിച്ചുവരവിനു യാതൊരു സാധ്യതയുമില്ലാത്ത പുരുഷന്മാര് ഇട്ടുപോയ അനാഥത്വം, എടുത്തെറിയപ്പെട്ട ജീവിതം. ആരും സഹായിക്കാനില്ല എന്ന തിരിച്ചറിവ്, ഇതാണ് ഇന്നത്തെ സിറിയയിലെ സ്ത്രീകളുടെ നേര്‍ക്കാഴ്ച.
യുദ്ധവും, മതഭ്രാന്തും, പീഢനവും മൂലം നിര്‍ബന്ധിതമായി ആട്ടിപ്പായിക്കപ്പെട്ട മനുഷ്യക്കൂട്ടം ഇന്ന് 52 മില്യനിലധികമായി എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഇടത്തരം രാജ്യങ്ങളായ സ്പെയിന്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയോളം വരും ഈ അഭയാര്‍ത്ഥികള്‍. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇത്രയും ഭീമമായ അഭയാര്‍ത്ഥി പ്രവാഹവും, നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കലും നടന്നിട്ടില്ല. തുര്‍ക്കിയില്‍ എത്തപ്പെട്ട അഭയാര്‍ത്ഥികളില്‍ 75 ശതമാനവും സിറിയയില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികുളുമാണ്. കൈയ്യില്‍ കിട്ടിയ വസ്ത്രങ്ങളും എടുത്ത് കുട്ടികളെയും കൂട്ടി വീടുവിട്ട് ഓടിപ്പോന്ന ലക്ഷക്കണക്കിനു സ്ത്രീകളുടെ രോദനം ഒരു ക്യാമറ കണ്ണിലും പെട്ടില്ല, അവര്‍ക്കു ദേശവുമില്ല, ചോദിക്കാന്‍ ആളുമില്ല. തുര്‍ക്കിയിലെ തണ്ണീര്‍മത്തങ്ങ വയലുകളില്‍ പ്ലാസ്റ്റിക്ക് കൂടുകള്‍ ചുമരുകളാക്കി, ആഹാരത്തിനും വസ്ത്രത്തിനുമായി എന്തും കൊടുക്കാന്‍ തയ്യാറായ നിസ്സഹായരായ ഈ അമ്മമാര്‍ക്ക്, പത്തുവയസ്സെത്തുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാനാവുന്നില്ല. സ്ഥലം ഉടമകളായ തുര്‍ക്കികളുടെ കാമകണ്ണുകളെ ഭയന്ന് ആര്‍ക്കെങ്കിലും കുട്ടിയെ വിവാഹം ചെയ്യിച്ചു കൊടുക്കുവാനാണ് അമ്മമാര്‍ ശ്രമിക്കുന്നത്. ഈ അമ്മമാര്‍ ചുരത്തുന്ന മുലപ്പാലിന്, ഭൂമിയെ പല തവണ ചുട്ടുകരിക്കുവാനുള്ള സ്ഫോടകവിഷമാണ് പകര്‍ന്നു നല്കാനാവുന്നത്. ആണവ ആയുധങ്ങളെപ്പറ്റി ഇനി അധികം ചര്‍ച്ചചെയ്യേണ്ടി വരില്ല, അതിനു മുമ്പുതന്നെ, ഭസ്മാസുരന്മാര് ഭൂമിയുടെ നാലുകോണില്‍ നിന്നും ഏതു രൂപത്തിലും അവതരിക്കാം.
സ്ത്രീ സംരക്ഷണം എന്ന ലേബലില്‍ ബഹുഭാര്യത്വം തുര്‍ക്കിയില്‍ തിരിച്ചെത്തിയിരിക്കുന്നു. തങ്ങള്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്നു എന്ന ഈ സ്ത്രീകളുടെ നിലവിളി കേവലം വനരോദനമായിത്തീരുന്നു. ചെറിയ ഔദാര്യത്തിനുപോലും പലതിനും വഴങ്ങേണ്ടി വരുമ്പോള്‍ അന്തസ്സിനും അഭിമാനത്തിനും എന്തു വില?
ബോധപൂര്‍വ്വമായ ഈ വംശഹത്യകള്‍ക്ക് ആയിരക്കണക്കിനു വര്‍ഷങ്ങളിലെ പഴക്കമുണ്ട്. ഒരിക്കല്‍ കലാ-സംസ്കാരങ്ങളുടെ ഈറ്റില്ലമായിരുന്ന ഈ ഭൂമിയില്‍ ചോരപ്പുഴയുടേയും മനുഷ്യക്കുരുതികളുടെയും നിരവധി കഥകള്‍ പറയുവാനുണ്ട്. ഓട്ടോമെന്‍ യുഗത്തിന്റെ അവസാന നാളുകളില്‍ ലക്ഷക്കണക്കിനു അര്‍മീനയക്കാരെയും, ഗ്രീക്കുകാരെയും, സുറിയാനി ക്രിസ്ത്യാനികളെയും, കുര്‍ദ്ദിഷ് വംശജരെയും കശാപ്പ് ചെയ്ത് ഒരു നൂറു വര്‍ഷം മുമ്പു നടന്ന ചരിത്രം മാത്രമാണ്. പിതൃഭൂമി പിടിച്ചെടുത്ത്, പുരുഷന്മാരെ കഴുത്തറുത്ത് സ്ത്രീകളെ നാടോടികളാക്കിയ കുപ്രസിദ്ധ സെയ്ഫോ നരഹത്യക്ക് നൂറുവര്‍ഷമാകുകയാണ്. തനിയാവര്‍ത്തനങ്ങള്‍ കണ്ടില്ല എന്നു നടിക്കുകയാണ് പുറംലോകം, തമ്മില്‍തല്ലി നശിക്കട്ടെ എന്നതാണു ലോക സംരക്ഷകരുടെ താല്പര്യമെന്നു തോന്നുന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ജനനവും, ആയുധ-ധന സമാഹരണവും ആരും അറിയാതെ നടന്നുവെന്നാണ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴും സുലഭമായി നടക്കുന്ന മേല്‍ത്തരം ആയുധ കച്ചവടത്തില്‍ ലാഭം കൊയ്യുന്ന സാമ്രാജ്യങ്ങള്‍, തങ്ങള്‍ കൂടി യാത്ര ചെയ്യുന്ന കപ്പലിന്റെ നങ്കുരം കൂടിയാണ് ചിതറിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാലം തെളിയിക്കാതിരിക്കില്ല.
കേവലം 6 മാസങ്ങള്‍ക്കുള്ളില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നായി 20,000-ല്‍ പരം സന്നദ്ധഭടന്മാരെ ഐ.എസ്.ഐ.എസിനു സമ്പാദിക്കാനായെങ്കില്‍, എന്താണിതിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം? ആരോടാണീ പക? എന്തിനാണിത്രയും കൊടുംപാതകങ്ങള്‍? ഒരു പരിധിവരെ ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു കാരണക്കാരായ സേച്ഛാധിപതികളെ തുടച്ചു നീക്കി അസ്ഥിര ലോകത്തിനു വഴിതെളിച്ചവരാര്? ഒന്നും വ്യക്തമല്ല, എങ്കിലും ചില സത്യങ്ങള്‍ തെളിഞ്ഞു വരുന്നുണ്ട്. ജീവിതത്തില്‍ യാതൊരു സാധ്യതയും മുമ്പിലില്ല, ചുറ്റും മതിലുകള്‍ മാത്രം , ജീവിതം ഒടുങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം, താന്‍ ഒരു പരാജയം മാത്രമാണ് എന്ന ലോകത്തിന്റെ വിരല്‍ ചൂണ്ടല്‍, താന്‍ തകരുമ്പോഴും ചിലര്‍ സുരക്ഷിതരായി മുമ്പോട്ടു കുതിക്കുന്നു, ജീവിതത്തില്‍ ഒന്നും അവശേഷിപ്പിക്കാനില്ല, തന്റെ ജീവിതം കൊണ്ട് ഒരു അര്‍ത്ഥവും ഉണ്ടായിട്ടില്ല, തന്റെ വിശ്വാസങ്ങള്‍ ഒക്കെ വെറും മിഥ്യ, എങ്കില്‍ എനിക്കും ലോകത്തോട് ഒരു കാര്യം പറയുവാനുണ്ട്. കേട്ടുകൊള്ളൂ- ഞാനില്ലാതിരിക്കുമ്പോഴും എപ്പോഴെങ്കിലും ഞാന്‍ ഉണ്ടായിരുന്നുവെന്നും നിങ്ങള്‍ അറിയൂ എന്നതാണു സന്ദേശം.
അശക്തരായ മനുഷ്യരുടെ ആന്തരീക സംഘര്‍ഷങ്ങളും അഭിമാന ബോധവും, കരുത്തുറ്റ, അതിക്രൂരമായ, രക്തപങ്കിലമായ ഭാഷയിലാണ് സംവേദിക്കപ്പെടുന്നത്. ധനവും പ്രതാപവും ഉള്ളവര്‍ ഇതു വെറും ഭീകര പ്രവര്‍ത്തനമായി അവഗണിച്ചേക്കാം. അവര്‍ ഭയക്കുന്നത് അവരുടെ സൗഭാഗ്യങ്ങളുടെ കുറച്ചിലുകളെ ഓര്‍ത്തിട്ടാണ്. അതേ അതാണു ഞാനും ആഗ്രഹിക്കുന്നത്. നിഷ്പ്രഭമായ ഒരു ബാല്യത്തിലൂടെ, ഒന്നും നേടുവാനില്ലാത്ത ഒരു വലിയ കൂട്ടം മനുഷ്യര്‍ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയോ ലേബലില്‍ പ്രതികരിക്കുന്നെങ്കില്‍, അതിനു ഇരകളാവുന്ന ദുര്‍ബല വര്‍ഗ്ഗമുണ്ടെങ്കില്‍, ജാതിയുണ്ടെങ്കില്‍, ക്ഷമിക്കൂ, ഞങ്ങള്‍ക്കു പറയാനുള്ളതു ലോകത്തോടാണ്.
വലിയ സാമ്രാജ്യങ്ങളും അന്തര്‍ദ്ദേശീയ സംഘടനകളും കേവലം നോക്കുകുത്തികളാവുന്ന യമനിലെ സാമ്രാജത്വ നിഴല്‍ യുദ്ധങ്ങളില്‍ ആശാദീപമാകാന്‍ ഇന്ത്യക്ക് കഴിയുന്നു എന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇച്ഛാശക്തിയും, വിഭവ സമാഹരണത്തിനു ശേഷിയും, നേതൃത്വപാടവുമുള്ള ചെറുസമൂഹങ്ങള്‍ക്കു ചെറുതിരികള്‍ അവടവിടെയായി കൊളുത്താനാവും മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ !
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply