Flash News

കേരള ഭരണം വീണ്ടും സരിതാനായരുടെ സാരിത്തുമ്പില്‍ (ലേഖനം) മോന്‍സി കൊടുമണ്‍

April 10, 2015 , മോന്‍സി കൊടുമണ്‍

moncy4image (1)പാലായിലെ കത്തോലിക്കരെല്ലാം ദുഃഖ വെള്ളിയും ദുഃഖ ശനിയും കഴിഞ്ഞ്‌ ഉയിര്‍പ്പിന്റെ പാതിരാ കുര്‍ബ്ബാനയില്‍ കുരിശിലേറ്റിയ ക്രിസ്‌തുവിനെ ഉയിര്‍പ്പിച്ച്‌ കുരിശും മുത്തി വീട്ടിലെത്തിയപ്പോഴാണറിഞ്ഞത്‌ വീണ്ടും ഇതാ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ കൂടി.

കേരള രാഷ്ട്രീയത്തില്‍ വെള്ളയിട്ട പകല്‍മാന്യന്‍മാര്‍ക്കെല്ലാം ഒരു കാലത്തു പേടിസ്വപ്‌നമായിരുന്ന സാക്ഷാല്‍ സരിതാനായര്‍ എന്ന ദേവി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. ഉമ്മച്ചായനെതിരെ തിരുവനന്തപുരത്ത്‌ എല്‍.ഡി.എഫുകാര്‍ കഷ്ടപ്പെട്ട്‌ സംഘടിപ്പിച്ച സമരം രണ്ടു കൂട്ടരും കൂടി രഹസ്യമായി ഒത്തുതീര്‍പ്പുണ്ടാക്കി സരിതയെന്ന കുരിശിനെ ഒരു സ്ഥലത്തുകൊണ്ടു പെട്ടെന്നു കബറടക്കി ഒതുക്കിയതായിരുന്നു.

ഈ പ്രാവശ്യം കുഞ്ഞുകുഞ്ഞിന്‌ ഒരു കുഞ്ഞാശ്വാസമുണ്ട്‌, കാരണം തന്റെ മുഖ്യമന്ത്രിപദത്തിന്‌ കഴുകകണ്ണുമായി കാത്തിരുന്ന പാലായിലെ മാണിക്യത്തിനും പുത്രനുമിട്ടാണ്‌ സരിതമോള്‍ എട്ടിന്റെ പണി കൊടുത്തത്‌. എന്നാല്‍ ഇതു പൂഞ്ഞാറിലെ പുലിക്കുട്ടി പി.സി.ജോര്‍ജിന്റെ ബ്ലാക്ക്‌മെയിലിംങ്ങ്‌ പണിയാണെന്നു പഴി പറഞ്ഞ്‌ സരിതയെകൊണ്ട്‌ യഥാര്‍ത്ഥ കത്ത്‌ പുറത്ത്‌ കാണിപ്പിച്ചപ്പോഴാണ്‌ ചക്കിനുവെച്ചത്‌ വീണ്ടും കൊക്കിനായത്‌.

സാങ്കേതികവിദ്യയില്‍ അത്ര വിദഗ്‌ധരായ ചാനലുകാര്‍ സരിതയുടെ കണ്ണുവെട്ടിച്ച്‌ യഥാര്‍ത്ഥ കത്തില്‍ നിന്നും പല പകല്‍മാന്യന്മാരുടെയും പേര്‍ ഒപ്പിയെടുത്തു. വിവിധ ചാനലുകള്‍ പല പല ചോദ്യശരങ്ങള്‍ ചടപടാ തൊടുത്തു വിട്ടപ്പോള്‍ സരിത അറിഞ്ഞോ അറിയാതെയോ കത്തിലെ ചില പേപ്പറുകള്‍ തുറന്നുവെച്ചിരുന്നു. ഒരുപക്ഷെ, ദൈവനിശ്ചയമായിരിക്കാം. കാക്കകണ്ണുകളുമായി ചാകര തേടി നില്‍ക്കുന്ന ചാനലുകാര്‍ക്ക്‌ റേറ്റിംഗ്‌ കൂട്ടുവാന്‍ വീണ്ടും ഒരവസരം കൂടിയൊത്തു കിട്ടിയെന്നു തന്നെ പറയാം.

ഒളിക്യാമറകളുമായി ആരുടെയുംകിടപ്പുമുറികളില്‍ കയറിച്ചെല്ലുന്ന നാണം കെട്ട ചാനലുകാരാണ്‌ സരിതയെന്ന തട്ടിപ്പുകാരിയെ കേരളത്തിന്റെ മൂല്യതാരമാക്കിയതും വീണ്ടും ഭരണസിരാകേന്ദ്രം കുലുക്കുവാന്‍ പോകുന്നതും. മുന്‍മന്ത്രി തെറ്റയിലിന്റെ കിടപ്പറരംഗം, കോഴിക്കോട്‌ ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ കാമുകീമാമുകന്‍മാരുടെ സ്വകാര്യതയില്‍ കടന്നുകൂടി അവരുടെ ചുംബനരംഗങ്ങള്‍, നിരപരാധിയാം പാവം പീതാംബരക്കുറുപ്പിന്റെ തോണ്ടല്‍ രംഗം, ഇവ ക്യാമറകളില്‍ ഒപ്പിയെടുത്ത്‌ സന്ധ്യാസമയത്ത്‌ വീടുകളില്‍ ടിവിയില്‍ കൂടി കാണിക്കുന്ന തരംതാണ പരിപാടി കേരളത്തിലെ ചാനലുകള്‍ നടത്തുന്നത്‌ വരും പിഞ്ചുതലമുറയ്‌ക്കു ദോഷം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

കേരളരാഷ്ട്രീയം എന്നു പറയുന്നത്‌ `അഡള്‍ട്‌സ്‌ ഒണ്‍ലി’യായി മാറി കഴിഞ്ഞിരിക്കുന്നു. നിയമസഭയില്‍ തുണിയൂരിക്കളിയും, കടിയും, പ്രേമവും, പ്രണയരംഗങ്ങളും അക്രമങ്ങളും. സന്ധ്യാസമയത്ത്‌ വീടുകളില്‍ അവിഹിതബന്ധത്തിന്റെയും അബോര്‍ഷന്റെയും ലൈംഗികചുവയുള്ള സീരിയലുകളുടെ പരമ്പര. വരും പിഞ്ചുതലമുറയ്‌ക്ക്‌ വീടുകളിലിരുന്ന്‌ സമാധാനമായി ഹോംവര്‍ക്ക്‌ ചെയ്യാന്‍ സാധിക്കുന്നില്ല. മാതാപിതാക്കള്‍ക്ക്‌ ഇവരെ ശ്രദ്ധിക്കുവാന്‍ സമയമില്ലാതായിരിക്കുന്നുകാരണം, എവിടെയും സരിത മയം. വീണ്ടും ഹരിതകേരളം സരിതകേരളമാക്കി ഭരണസിരാകേന്ദ്രം താഴെവീഴുമെന്ന സ്ഥിതിയിലാക്കിയിരിക്കുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ ആദ്യം കല്ലെറിയട്ടെ.

എന്തായാലും സരിതയ്‌ക്ക്‌ എയിഡ്‌സ്‌ എന്ന രോഗമില്ലായിരുന്നത്‌ നന്നായി അല്ലെങ്കില്‍ ഒരു മുന്നണി തന്നെ തകര്‍ന്നു നശിച്ചുപോയേനെ. ഒരുപക്ഷെ, നേരെ മറിച്ചാണെങ്കില്‍, ജോസ്‌ കെമാണി, അബ്ദുള്ളക്കുട്ടി, ഗണേഷ്‌കുമാര്‍, അനില്‍കുമാര്‍, പി.സിവിഷ്‌ണുനാഥ്‌, കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍, കൊടുക്കുന്നില്‍ സുരേഷ്‌, ആര്യാടന്‍ മുഹമ്മദ്‌, അടൂര്‍ പ്രകാശ്‌ ഇവരുടെ കാര്യം കഷ്ടത്തിലാവുകയും ചെയ്യും. കഷ്ടരേ! മോഹന്‍ലാലിന്റെ കാര്യം വിട്ടുകളയാം.

എന്തായാലും പാവപ്പെട്ടവന്റെ കാര്യങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇവര്‍ക്കു സമയമില്ല. കാരണം, പരസ്‌പരം വിഴുപ്പലക്കാനും ചെളിവാരിയെറിയാനും മാത്രമെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമയമുള്ളൂ. കേരളം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നം ഇനി കുടിവെള്ളമാണ്‌ ഭാവിയില്‍ പരസ്‌പരം മനുഷ്യര്‍ ഇതിനുവേണ്ടി കുത്തിക്കൊലപോലും നടക്കത്തക്ക ഒരു വരള്‍ച്ച സംജാതമായിക്കൊണ്ടിരിക്കയാണ്‌. അതുപോലെ മാലിന്യസംസ്‌കരണം. മാലിന്യം മൂലമുണ്ടാകുന്ന അതിഗുരുതരമായ രോഗങ്ങളെ തരണം ചെയ്യുവാന്‍ ഒരു ഗവണ്‍മെന്റിനും ഇതുവരെയും സാധിച്ചിട്ടില്ല.

അഴിമതി നിറഞ്ഞ്‌ കൂത്താടി നില്‍ക്കുന്ന ഒരു ഭരണത്തിന്‌ എന്തുചെയ്യുവാന്‍ സാധിക്കും കുറെ മാസങ്ങള്‍ക്കു മുന്‍പ്‌ തിരുവനന്തപുരം കിംസ്‌ ഹോസ്‌പിറ്റലിന്റെ മുകളില്‍ നിന്നും ഒരു നിര്‍ധനയായ പാവം പെണ്‍കുട്ടി താഴെവീണു മരിച്ചതിന്റെ കാരണം ഇവരെല്ലാവരുംകൂടി ഇപ്പോഴും മൂടിപൊതിഞ്ഞുവെച്ചിരിക്കുകയാണ്‌. ഇതിനൊന്നിനും പരിഹാരം കാണുവാനോ ആ പാവപ്പെട്ട കുടുംബത്തിനു നീതി കിട്ടുന്നതിനുവേണ്ടി ശ്രമിക്കുവാനോ ഒരു രാഷ്ട്രീയക്കാര്‍ക്കും സമയമില്ല. കഷ്ടം തന്നെ. സരിതയടെ സാരിത്തുമ്പില്‍ തൂങ്ങുവാനേ ചാനലുകാര്‍ക്കും സമയമുള്ളൂ. വെറും കടലാസുപീഡനങ്ങളാണ്‌ സരിത എന്ന്‌ ലോകതട്ടിപ്പുകാരിയുടെ കയ്യിലിരിക്കുന്നത്‌.

മോനിക്ക ലിവിന്‍സ്‌കി അമേരിക്കയില്‍ ക്ലിന്റണെ വീഴ്‌ത്താന്‍ ചില അവശിഷ്ടങ്ങള്‍ ബാങ്കില്‍ സൂക്ഷിച്ചതുപോലെയുള്ള ബുദ്ധിയൊന്നും സരിതക്കില്ലാതെപോയതും ഇവരുടെയൊക്കെ നല്ലകാലം. പിന്നെയെന്തിനാണ്‌ നാണം കെട്ട ചാനലുകാരെ നിങ്ങള്‍ സരിതാനായരുടെ സാരിത്തുമ്പില്‍ തൂങ്ങി നടക്കുന്നത്‌.

“കേരം തിങ്ങും കേരളനാടെ നിന്‍കോലം കണ്ടു കരഞ്ഞോട്ടെ ഞാന്‍ !!!”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top