Flash News

ചുരം കയറി പ്രവാസിയുടെ കാര്‍ഷിക വിപ്ളവം

April 12, 2015 , നജീം കൊച്ചുകലുങ്ക്

churam titileജനുവരി തുടക്കത്തില്‍ വയനാട്ടില്‍ നടന്ന നാഷണല്‍ അഗ്രിഫെസ്റ്റിലെ ശ്രദ്ധിക്കപ്പെട്ട സ്റ്റാളുകളിലൊന്ന് പ്രവാസികളുടേതായിരുന്നു. അമേരിക്കയിലെയും മറ്റും പോളിഹൗസുകളില്‍ സമൃദ്ധമായി വിളയുന്ന സ്‌ട്രോബറി അതേ രുചിയിലും കണ്‍മിഴിവിലും വയനാടന്‍ മണ്ണില്‍ വിളയിച്ചെടുത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രവാസി കൂട്ടുകൃഷിയുടെ നൂറുമേനി തിളക്കമാണ് ഫെസ്റ്റിലെ സന്ദര്‍ശകര്‍ അനുഭവിച്ചറിഞ്ഞത്.

poly2തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണം മൂലം ഏത് നിമിഷവും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചുമടങ്ങേണ്ടിവരുമെന്ന ആധിയില്‍ കഴിയുന്ന സൗദി അറേബ്യയില്‍നിന്നുള്ള ഒരു പ്രവാസി മലയാളി കൂട്ടായ്മയുടേതാണ് ആ കാര്‍ഷിക വിപ്ളവമെന്ന് അറിയുമ്പോഴാണ് സ്ട്രോബറി, തക്കാളി, ഇഞ്ചി തുടങ്ങി അവിടെ അണിനിരന്ന കാര്‍ഷിക ഫലങ്ങളുടെ രുചി ഇരട്ടിക്കുക. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകത്തിന് കീഴില്‍ റിയാദിലുള്ള 28 അംഗങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത തൃശൂര്‍ ജില്ല സൗഹൃദവേദി ഫാംസിന്‍േറതായിരുന്നു ആ സ്റ്റാള്‍.

തിരിച്ചുപോകേണ്ടിവന്നാല്‍ എന്തുചെയ്യും എന്ന് ഗള്‍ഫുനാടുകളിലെ മലയാളികള്‍ സ്വയവും പരസ്പരവും അധികാരികളോടും ചോദിച്ചുതുടങ്ങിയിട്ട് കാലം കുറെയായി. ഭരണാധികാരികള്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന ‘പുനരധിവാസം’ എന്ന വാക്ക് ഒരിക്കലും മുളക്കാത്ത പാഴ് വിത്തായിട്ടും കാലമേറെയായി. അരനൂറ്റാണ്ട് തികയും മുമ്പ് തന്നെ പടുവാര്‍ദ്ധക്യം ബാധിച്ച ഗള്‍ഫ് പ്രവാസത്തിന്മേല്‍ തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം ആധിയൂടെ കനല്‍ കൂടി വിതറിയതോടെ, അധികാരികളെയൊന്നും കാത്തുനിന്നിട്ട് കാര്യമില്ളെന്ന് പ്രവാസികള്‍ക്ക് നല്ല ബുദ്ധിയുദിക്കാനും തുടങ്ങി.

poly3ജീവിക്കണമെങ്കില്‍ സ്വന്തമായിട്ട് തന്നെ ഇറങ്ങണമെന്ന് അവര്‍ക്ക് തോന്നി. അങ്ങിനെയാണ് സ്വന്തം പുനരധിവാസം സ്വയം തന്നെ നട്ടുനനച്ചുവളര്‍ത്താന്‍ പ്രവാസികള്‍ ഒറ്റക്കും കൂട്ടായും ആലോചിക്കാന്‍ തുടങ്ങിയത്. പ്രതീക്ഷകളുടെ വീണ്‍വാക്കുകള്‍ നൂറ്റൊന്നാവര്‍ത്തിക്കാനും നടക്കാപദ്ധതികളുടെ ദിവാസ്വപ്നങ്ങള്‍ പണിയാനുമുള്ള ആണ്ടറുതി വഴിപാടുകളായി സര്‍ക്കാര്‍ വിലാസം വൈറ്റ് കോളര്‍ പ്രവാസി നിക്ഷേപ ആഗോള സംഗമങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പൊടിപൊടിക്കുമ്പോള്‍ അതൊന്നും ഗൗനിക്കാതെ അധ്വാനിയായ യഥാര്‍ഥ പ്രവാസി കൃഷിയുമായി വയനാട് ചുരം കയറിയതും ആ പുതുചിന്ത തെളിച്ച വഴിയേയായിരുന്നു. അല്‍പ സമ്പാദ്യങ്ങള്‍ കൂട്ടിവെച്ച്, പല കൈകള്‍ പരസ്പരം കോര്‍ത്ത് ഫലഭൂയിഷ്ടമായ മണ്ണ് കണ്ടത്തെി അതില്‍ പൊന്ന് വിളയിക്കാനുള്ള ആ യാത്ര ഫലവത്തായതാണ് അഗ്രിഫെസ്റ്റില്‍ ഉന്നാധികാരികളുടേതും പൊതുജനങ്ങളുടേതുമടക്കം മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റാനിടയാക്കിയത്.

poly4സ്റ്റേറ്റ് ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍െറ സഹായത്തോടെയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി (ടി.ജെ.എസ്.വി) ഫാംസ് സ്ട്രോബറി കൃഷി ചെയ്തത്. പതിനയ്യായിരം ഗ്രോ ബാഗുകളില്‍ വിന്‍റര്‍ ഡോണ്‍, സ്വീറ്റ് ചാര്‍ളി എന്നീ സ്ട്രോബറി ഇനങ്ങളുടെ ടിഷ്യു കള്‍ച്ചര്‍ തൈകളാണ് നട്ടത്. പോളിഹൗസിനുള്ളില്‍ തട്ടുകളായി തിരിച്ച് നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പാണ് ഇപ്പോള്‍ നടത്തിയത്. വിളവെടുപ്പ് പൂര്‍ത്തിയാവാന്‍ ആറുമാസം വേണം. മൂപ്പെത്തിയ ഏതാനും ചെടികളില്‍നിന്ന് ആദ്യ വിളവെടുപ്പില്‍ 75 കിലോയാണ് ലഭിച്ചത്. വിളവെടുപ്പ് പൂര്‍ണമാകുമ്പോള്‍ എട്ട് ടണ്ണെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷ. ഒരു ചെടിയില്‍നിന്ന് 500 മുതല്‍ 750 ഗ്രാം വരെ വിളവ് ലഭിക്കും. കിലോക്ക് 250 മുതല്‍ 300 വരെ രൂപ വിലയുണ്ട്. വയനാടിന്‍െറ കാലാവസ്ഥക്ക് ഏറ്റവും ഇണങ്ങിയ ഇനങ്ങളാണത്രെ ഈ സ്ട്രോബറിയിനങ്ങള്‍. ഏതാനും വര്‍ഷം മുമ്പ് കേരള കാര്‍ഷിക സര്‍വകലാശാലയാണ് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ട്രോബറി കൃഷി ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താനുള്ള ആദ്യ അവസരം ലഭിച്ചപ്പോള്‍ നൂറുമേനി വിളയിച്ചത് പ്രവാസികളും.

poly5തൃശൂര്‍ ജില്ല സൗഹൃദവേദി
പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക ഡയറക്ടറുമായ അഡ്വ. സി.കെ മേനോന്‍െറ നേതൃത്വത്തില്‍ ഖത്തര്‍ ആസ്ഥാനമായി ആരംഭിച്ച പ്രവാസി സംഘടനയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി. മൂന്നുവര്‍ഷം മുമ്പാണ് സൗദിയില്‍ റിയാദ് കേന്ദ്രമാക്കി വേദി രൂപവത്കരിച്ചത്. ഇപ്പോള്‍ ജിദ്ദയിലും ദമ്മാമിലും യൂണിറ്റുകളും അയ്യായിരത്തിലേറെ അംഗങ്ങളുമുണ്ട്. അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നിരവധി ക്ഷേമപദ്ധതികളുള്ള കൂട്ടായ്മയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസി പുനരധിവാസം. അതിന്‍െറ ഭാഗമായി റിയാദ് ഘടകത്തിലെ 28പേര്‍ ചേര്‍ന്ന് ടി.ജെ.എസ്.വി ഫാംസ് ആന്‍ഡ് റിസോര്‍ട്ട്സ് രൂപവത്കരിക്കുകയും വയനാട്ടിലെ മാനന്തവാടിക്ക് സമീപം തൊണ്ടര്‍നാട് വില്ളേജിലുള്ള പ്രകൃതി മനോഹരവും ഫലഭൂയിഷ്ടവും സ്വന്തമായി ജലസ്രോതസുമുള്ള ഇരുപത്തഞ്ച് ഏക്കര്‍ ഭൂമി വാങ്ങുകയും ഒന്നര വര്‍ഷം മുമ്പ് ഫാം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. വിദേശനാടുകളില്‍ പ്രത്യേകിച്ച് സ്വിറ്റ്സര്‍ലണ്ടിലും അമേരിക്കയിലുമൊക്കെ പ്രയോഗതലത്തിലുള്ള കൃഷിരീതി മാതൃകയാക്കി വലിയ പോളിഹൗസുകള്‍ നിര്‍മിച്ച് കയറ്റുമതിക്കും ആഭ്യന്തര വിപണിക്കും പറ്റുന്ന വിവിധതരം പഴം പച്ചക്കറിയിനങ്ങളുടെ കൃഷി നടത്തുകയും ഒപ്പം ഫാം ടൂറിസം വികസിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഇതിനെല്ലാം പറ്റിയ ഭൂമിയായിരുന്നു, 28 പ്രവാസികള്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് ഒരു വിഹിതം വീതമെടുത്ത് കൂട്ടിവെച്ച് വാങ്ങിയത്.

poly6ഭൂമിയിലുണ്ടായിരുന്ന കവുങ്ങ്, സില്‍വര്‍ ഓക്ക്, റബ്ബര്‍, മാവ്, പ്ളാവ്, കാറ്റാടി മരം, ചന്ദം, പുളി, ഞാവല്‍, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങളും ഓറഞ്ച്, പേര, ലീച്ചി, ചാമ്പ തുടങ്ങിയ പഴവര്‍ഗങ്ങള്‍, കുറുന്തോട്ടിയടക്കമുള്ള വിവിധ ഒൗഷധ ചെടികളും ഇല്ലിമുളംകാടുകളും എന്നിവ സംരക്ഷിച്ചുകൊണ്ടുതന്നെയാണ് പുതിയ കൃഷിക്കുവേണ്ട പോളിഹൗസുകള്‍ നിര്‍മിച്ചത്. കുളം, കിണര്‍, തോട് ഉള്‍പ്പെടെയുള്ള ജലസ്രോതസുകളാലും സമൃദ്ധമായിരുന്നതിനാല്‍ കൃഷി എളുപ്പമായിരുന്നു. ചുറ്റിലും പര്‍വതനിരകളും വെള്ളച്ചാട്ടം, തേയില, കാപ്പി തോട്ടങ്ങള്‍ തുടങ്ങിയവയും ഉളളതിനാല്‍ വിനോദ സഞ്ചാരത്തിനുള്ള സാധ്യതയും ഏറെയായിരുന്നു.

സൗഹൃദ വേദി സൗദി ഘടകം സ്ഥാപക ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ആര്‍ രാധാകൃഷ്ണന്‍ റിയാദില്‍നിന്ന് സൗദി അമേരിക്കന്‍ ബാങ്കിലെ രണ്ടുപതിറ്റാണ്ട് നീണ്ട ഒൗദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം നടത്തിപ്പിന്‍െറ ചുമതല ഏറ്റെടുത്തു. തൃശൂര്‍ കഴിമ്പ്രം സ്വദേശിയായ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഫാമില്‍ രണ്ടായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതി വീതമുള്ള മൂന്നു പോളിഹൗസുകളാണ് നിര്‍മിച്ചത്. പശു തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും തീറ്റപ്പുല്ല്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നിവയുടെ ചെറിയ തോതിലുള്ള കൃഷിയുമാണ് തുടക്കത്തിലുണ്ടായിരുന്നത്.

poly7പോളിഹൗസുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടിനം തക്കാളിയുടെയും സ്ട്രോബറിയുടെയും കൃഷി ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന തക്കാളി മുഴുവന്‍ വാങ്ങാന്‍ ദുബായിലെ ഒരു പ്രമുഖ വ്യാപാര ശൃംഖല മുന്നോട്ടുവന്നത് വലിയ പ്രോത്സാഹനമായി. ഇതിനകം വിളവെടുത്ത തക്കാളി ദുബായിലേക്ക് കയറ്റുമതി ചെയ്തു. കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വികസനത്തിന്‍െറ അടുത്ത ഘട്ടത്തില്‍ സംഘടനയിലെ കൂടുതല്‍ പ്രവാസികളെ ഓഹരിയുടമകളാക്കി ചേര്‍ക്കാനാണ് തീരുമാനമെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ വിഷന്‍, ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ക്ഷീര വികസന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി ഭവന്‍, കാര്‍ഷിക വിജ്ഞാന കേന്ദ്രം, മില്‍മ, കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, ഖാദി വ്യവസായ വകുപ്പ്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ സഹായ സഹകരണങ്ങളോടെയാണ് ഈ ഫാം പ്രവര്‍ത്തിക്കുന്നത്. പ്രവാസി പുനരധിവാസം എന്ന ആവശ്യം നിരന്തരം ഉന്നയിച്ച് സര്‍ക്കാറില്‍നിന്ന് ഇപ്പോള്‍ കിട്ടും എന്ന് കാത്തിരുന്ന് കാലങ്ങള്‍ വൃഥാവിലാക്കുന്ന മറ്റ് പ്രവാസി സംഘടനകള്‍ക്കും മാതൃകയാവുകയാണ് തൃശൂര്‍ ജില്ല സൗഹൃദ വേദി.

poly8 poly9

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top