Flash News

കണിയോര്‍മ്മകള്‍: മിനി പി.സി

April 15, 2015 , മിനി പി.സി.

kaniyormakal titleവീണ്ടുമൊരു വിഷു കൂടി വന്നെത്തിയിരിക്കുന്നു. വിഷുവിന്റെ വരവോതി നാടെങ്ങും പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നകളും, വിഷുപക്ഷിയുടെ പാട്ടും ബാല്യത്തിന്റെ ഗൃഹാതുരതയിലെയ്ക്ക് ഇന്നെന്നെ കൈപിടിച്ചു നടത്തുന്നു …ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടുകൂടി വിഷുവിന്റെന എല്ലാ സൌഭാഗ്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച കുട്ടിക്കാലം! വിഷുപുലര്‍ച്ചെ ഞാന്‍ ഉണരും മുന്‍പ്
“ഉണ്ണീ, കണികാണാന്‍ ഉണരൂ, കണ്ണ് തുറക്കരുത്” എന്ന മുന്നറിയിപ്പോടു കൂടി കളഭം മണക്കുന്ന മൃദുകരങ്ങള്‍ കൊണ്ട് അയല്‍‌വക്കത്തെ സാവിത്രിയാന്റി എന്റെ കണ്ണുകള്‍ മൂടിപ്പിടിച്ച് അവരുടെ വീട്ടില്‍ ഒരുക്കിയ കണിയിലേയ്ക്ക് ക്ഷണിക്കും..തലേന്നു രാവില്‍ കണികാണാനുള്ള ത്രില്ലില്‍ കിടക്കുന്നത് കൊണ്ട് ആദ്യ വിളിയ്ക്കുതന്നെ ചാടിയെണീറ്റ് സാവിത്രിയാന്റിയുടെ നേര്യതില്‍ നിന്നും പ്രവഹിക്കുന്ന നാഫ്തലീന്‍ ഗുളികകളുടെ മണവും നുകര്‍ന്ന് ഉഷാറോടെ നടക്കും .

“ഉണ്ണീ ഇനി കണ്ണ് തുറന്നോളൂ…” എന്ന ആന്റിയുടെ ഒച്ച കേള്‍ക്കും വരെ കണ്ണഞ്ചിപ്പിക്കുന്ന ആ മനോഹര കാഴ്ച്ചയെ ഓര്‍ത്തുള്ള അജ്ഞാതമായ ഒരു മിടിപ്പാവും ഉള്ളിലുണ്ടാവുക .ഒടുവില്‍ കണ്ണുതുറക്കുമ്പോള്‍ മുന്നില്‍ നിറയുക മുരളികയൂതി നില്‍ക്കുന്ന കായാമ്പൂവര്‍ണ്ണന്റെ കമനീയ വിഗ്രഹം, ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍ശോഭയാര്‍ന്ന കണിവെള്ളരി, ഉരുളിയ്ക്കും വെള്ളരിക്കുമിടയില്‍ വിശറി പോലെ മനോഹരമായി ഞൊറിഞ്ഞുവെച്ച ഇരട്ടക്കര മുണ്ടില്‍ വാല്‍ക്കണ്ണാടി, വാല്‍ക്കണ്ണാടിയുടെ കഴുത്തില്‍ പൊന്മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കണ്മഷിക്കൂട്, കുങ്കുമചെപ്പ്, പൊതിച്ച നാളികേരം, പഴം, താംബൂലം, വെള്ളിനാണയങ്ങള്‍ ,നിറച്ചെണ്ണ പകര്‍ന്ന് കൊളുത്തി വെച്ച നിലവിളക്ക് , ചക്ക, മാങ്ങ, തുടങ്ങി വീട്ടുവളപ്പില്‍ ഉള്ള ഫലവര്‍ഗങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായ വിഷുകണിയാണ്…

ഏറെ നേരം ആ കാഴ്ച്ച കണ്ട് കണ്‍‌കുളിര്‍പ്പിക്കുന്നതിനിടെ ആ വീട്ടിലെ അപ്പൂപ്പന്‍ തളിര്‍‌വെറ്റിലയില്‍ വിഷുക്കൈനീട്ടം തരും ….പിന്നെ കിഴക്ക് വെള്ള കീറും വരെ പൂത്തിരിയും ലാത്തിരിയും, വിഷുചക്രവും, മത്താപ്പും, കമ്പിത്തിരിയുമൊക്കെ കത്തിച്ച് ഞങ്ങള്‍ കുട്ടികള്‍ ആഘോഷം പൊടിപൊടിയ്ക്കുമ്പോള്‍ മുതിര്‍ന്നവര്‍ ഓലപ്പടക്കവും ,അമിട്ടും, ഗുണ്ടുമൊക്കെ പൊട്ടിച്ച്‌ സന്തോഷം പങ്കുവെയ്ക്കും. പിന്നീട് കുളിച്ച് പുത്തനുടുപ്പിട്ട് വിഷുക്കഞ്ഞിയും, വിഭവസമൃദ്ധമായ സദ്യയും ,വിഷുക്കട്ടയുമൊക്കെ കഴിച്ച് മനോഹരമായി ഒരു വിഷു അവസാനിക്കുമ്പോള്‍ ഉള്ളില്‍ തിരതല്ലുന്ന സന്തോഷത്തിന് അതിരുകളുണ്ടാവില്ല…

ഇന്ന് കാലം കുറെ മുന്നോട്ട് ഉരുണ്ടിരിക്കുന്നു, ദേശവും കാലവും കടന്ന് പുതിയൊരിടത്തില്‍ എത്തിപ്പെട്ടിരിക്കുന്നു, ഫോണിലൂടെ “ഉണ്ണീ കണി കാണാന്‍ ഇക്കുറി വരൂ” എന്ന് വിളിക്കാന്‍ സാവിത്രിയാന്റി ഉണ്ടെങ്കിലും ജോലിത്തിരക്കുകള്‍ അതിന് അനുവദിക്കാറില്ല… എങ്കിലും ഓരോ വിഷുവും എന്നെ ബാല്യത്തിലേയ്ക്ക് വീണ്ടും വീണ്ടും കൈപിടിച്ചു നടത്തുന്നു എന്ന തിരിച്ചറിവ് എന്നിലെ കുട്ടിയെ ഒരുപാട് തൃപ്തിപ്പെടുത്തുന്നു, സാന്ത്വനിപ്പിക്കുന്നു..!

നാട്ടിലായാലും മറുനാട്ടിലായാലും ആഘോഷങ്ങളില്ലാതെ മലയാളിയില്ല…കാരണം ഓരോ ആഘോഷങ്ങളും കൂട്ടായ്മ തേടുന്ന ഉത്സവങ്ങളാണ് അതാണ്‌ മലയാളിയുടെ മനസ്സിന്റെമ നന്മ…ആ നന്മ നിറഞ്ഞ മനസ്സുകള്‍ക്കാണ് ഐശ്വര്യപൂര്‍ണ്ണവും സമ്പല്‍‌സമൃദ്ധവുമായ വിഷു ആശംസിച്ചുകൊണ്ട് എന്റെ വിഷുപക്ഷി പാടുന്നു…

“വിത്തും കൈക്കോട്ടും…വെക്കം കയ്യേന്ത്….ചക്കയ്ക്കുപ്പുണ്ടോ ……”

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top