പ്രശാന്ത്ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കി

yadavന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, അനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാരണം കാണിക്കല്‍ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലന്ന് വിലയിരുത്തിയാണ് പുറത്താക്കല്‍.

അരവിന്ദ് കെജ്രിവാളിനും അച്ചടക്ക സമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്. നോട്ടീസ് നല്‍കിയ സമിതിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്ത പ്രശാന്ത് ഭൂഷണ്‍ സമിതി അംഗങ്ങളായ ആശിഷ് ഖേതാനും പങ്കജ് ഗുപ്തക്കുമെതിരെയാണ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

2ജി ഇടപാടില്‍ ആരോപണ വിധേയമായ എസാര്‍ കമ്പനിക്ക് ഗുണകരമാവുന്ന രീതിയില്‍ തെഹല്‍ക വാരികയില്‍ വാര്‍ത്ത പടച്ചുവിട്ടെന്നാണ് ഖേതാനെതിരായ ആക്ഷേപം. ഇക്കാര്യം പിന്നീട് കമ്പനിയില്‍ നിന്നു ചോര്‍ന്ന ചില ഇ-മെയിലുകളില്‍നിന്ന് വെളിപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. തട്ടിപ്പു കമ്പനികളില്‍ നിന്ന് രണ്ടു കോടി രൂപ സംഭാവന സ്വീകരിച്ചെന്ന പരാതി പങ്കജ് ഗുപ്തക്കെതിരെയുണ്ട്. ഇക്കാര്യം പാര്‍ട്ടി ലോക്പാല്‍ അഡ്മിറല്‍ രാംദാസിന്‍െറ പരിഗണനക്കു വിടുന്നതിനു പകരം അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കുകയാണ് ചെയ്തത്. ആരോപണ വിധേയരായവര്‍ തനിക്കും മറ്റു ചില നേതാക്കള്‍ക്കുമെതിരെ അച്ചടക്കലംഘനം ആരോപിച്ചതിനു പിന്നാലെ വിചാരണ ചെയ്യുന്നത് അപഹാസ്യമാണെന്നും ഭൂഷണ്‍ കത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും റെയില്‍ഭവനു മുന്നില്‍ ധര്‍ണ നടത്താനും കെജ്രിവാള്‍ തീരുമാനിച്ചത് പാര്‍ട്ടി സമിതികളില്‍ ആലോചിക്കാതെയാണെന്ന് യാദവും ആരോപിച്ചു. പ്രധാന വിഷങ്ങളില്‍ ഒന്നും ചര്‍ച്ചയില്ലാതെയായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അതിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതില്‍ വിഷമിക്കുന്ന ഒരു വലിയവിഭാഗം പ്രവര്‍ത്തകരുണ്ടെന്ന് ബോധ്യപ്പെടുത്താനും ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് മാറരുതെന്ന് പാര്‍ട്ടിയെ ഓര്‍മപ്പെടുത്താനുമാണ് സ്വരാജ് സംവാദ് സംഘടിപ്പിച്ചതെന്നും പാര്‍ട്ടി അതിന്‍െറ പ്രാരംഭ ലക്ഷ്യങ്ങളെ തള്ളിപ്പറയാത്ത കാലത്തോളം ഇത്തരമൊരു കൂടിച്ചേരല്‍ പാര്‍ട്ടി വിരുദ്ധമല്ലന്നും ഭൂഷണ്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തിയ സ്ഥിതിക്ക് മറുപടി പരസ്യപ്പെടുത്താത്തതില്‍ അര്‍ഥമില്ലന്നു കാണിച്ചാണ് കത്ത് അവസാനിപ്പിച്ചിരുന്നത്.

Print Friendly, PDF & Email

Leave a Comment