Flash News

വാല്‍ക്കണ്ണാടി – ‘ഈ വിഷുക്കണി ഉണര്‍ത്തിയ ചരിത്രത്തിന്റെ മുറിപ്പാടുകള്‍’

April 22, 2015 , കോരസണ്‍

vishukkani title2015-ലെ വിഷുക്കണി സമൃദ്ധിയുടേയും നന്മകളുടേയും പുലര്‍ക്കാല ആശംസകളായി കണ്‍പീലികളില്‍ നിറഞ്ഞുവരുമ്പോള്‍, മനുഷ്യചരിത്രത്തിലെ രക്തപങ്കിലമായ സംഭവങ്ങളുടെ നിണമൂര്‍ന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയായി മാറ്റപ്പെടുകയാണ്.

അമേരിക്കയുടെ 16-ാം പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കണ്‍ വീരചരമമടഞ്ഞിട്ട് ഈ ഏപ്രില്‍ 15-ന് 150 വര്‍ഷം തികഞ്ഞു. അമേറിക്കന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളായ ആഭ്യന്തര യുദ്ധത്തില്‍ എട്ടു ലക്ഷത്തിലധികം ചെറുപ്പക്കാരും പുരുഷന്മാരും തമ്മില്‍ പൊരുതി, രക്തം ചിന്തി അമേരിക്കന്‍ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ഒപ്പം, വര്‍ഗ്ഗ-വര്‍ണ്ണത്തിന്റെ പേരില്‍ അടിമകളാക്കപ്പെട്ട ഒരു ജനതയുടേ വിമോചനവും. ഏറ്റവും സങ്കീര്‍ണ്ണമായ ഒരു യുഗത്തിന്റെ പര്യവസാനത്തിന് കാര്‍മ്മികത്വം വഹിച്ച മഹാനായ ഏബ്രഹാം ലിങ്കണ്‍, താന്‍ ഏറ്റെടുത്ത ധീര നിലപാടുകളുടെ പേറില്‍ സ്വന്തം ജീവന്‍ ബലി കൊടുക്കേണ്ടിവന്ന ദിനമാണ് 1865 ഏപ്രില്‍ 14. വിധിയുടെ കവചം ഒരു പിസ്റ്റലില്‍ നിന്നും ഉതിര്‍ന്നു, ഫോര്‍ഡ് തിയ്യേറ്ററില്‍ അരങ്ങേറിയ വില്‍ക്സ് ബൂന്ത് എന്ന നടന്റെ അനശ്വര നാട്യത്തില്‍, ചരിത്ര പുരുഷന്റെ നിണം കാലത്തിന്റെ കോവിലില്‍ ഒരു പുതിയ അദ്ധ്യായം രേഖപ്പെടുത്തി.

വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും ഇല്ലിനോയിയിലെ സ്‌പ്രിംഗ്ഫീല്‍ഡ് വരെയുള്ള 1,654 മൈല്‍ ലിങ്കന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടു നടത്തിയ റെയില്‍ യാത്രയില്‍ നിറഭേദമന്യേ മില്യന്‍ കണക്കിനു ജനങ്ങള്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി. അമേരിക്കയിലെ ഓരോ കുടുംബത്തിനും, വ്യത്യസ്ഥമായ, വ്യക്തിപരമായ തേങ്ങളായിരുന്നു ഈ യാത്രയിലുടനീളം അനുഭവപ്പെട്ടത്. വിര്‍ജീനിയ മുതല്‍ ടെന്നസി വരെയുള്ള പല ചതുപ്പുകലിലും പൂഴ്‌ന്നു പോയ ലക്ഷക്കണക്കിനു പുരുഷന്മാരുടെ ശരീരം പോലും കാണാന്‍ സാധിക്കാതെ പോയ കുടുംബങ്ങള്‍ ! തങ്ങളുടെ പിതാവിന്റെയോ സഹോദരന്റേയോ ശാവക്കല്ലറകള്‍ പോലും ഉണ്ടാക്കാനാവാത്ത വിതുമ്പലുകള്‍, വിമുഖതകള്‍, അവര്‍ക്കൊക്കെ, തങ്ങളുടേ നഷ്ടപ്പെടലിന്റെ മൂര്‍ത്തീമത്‌ഭാവമായി ഏബ്രഹാം ലിങ്കന്റെ സംസ്ക്കാരം പരിണമിച്ചു. കറുത്ത വര്‍ഗക്കാരിയായ ഒരു അമ്മ ഈറന്‍മിഴികളോടേ പറഞ്ഞു “അദ്ദേഹം മരിച്ചത് എനിക്കുവേണ്ടിയാണ്, ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..” വിദ്വേഷത്തിന്റെ വിട്ടുമാറാത്ത കറപിടിച്ച ആ ദിനങ്ങളില്‍ മന്‍‌ഹാട്ടനിലൂടെ കടന്നുപോയ ലിങ്കന്റെ വിലാപയാത്രയില്‍ അനുഗമിക്കാന്‍ പോലും അന്നത്തെ മുനിസിപ്പല്‍ അധികാരികള്‍ കറുത്തവരെ അനുവദിച്ചില്ല. എന്നാല്‍, തലസ്ഥാനത്തുനിന്നും വന്ന കടുത്ത സമ്മര്‍ദ്ദത്തില്‍ ഏതാനും ചില കറുത്തവരെ വിലാപയാത്രയുടെ ഏറ്റവും അവസാനം നടക്കാന്‍ അനുവധിച്ചു എന്നുമാത്രം. ഏതാണ് മൂന്നു ട്രില്യന്‍ അമേരിക്കന്‍ പെനികളില്‍ മുദ്രണം ചെയ്യപ്പെട്ട, ഉത്സാഹിയും, തമാശുകാരനും, മനുഷ്യസ്നേഹിയും, വിശ്വസ്തനുമായിരുന്ന ഒരു ജനനായകന്റെ മുഖം ലോകത്തില്‍ അമേരിക്കയുടെ തന്നെ മുഖമായിത്തീര്‍ന്നു.

1915 ഏപ്രില്‍ 15-ന് ഓട്ടോമന്‍ ഭരണകൂടത്തിന്റെ വിളംബര പ്രകാരം 800-ലധികം ക്രിസ്ത്യന്‍ സാഹിത്യകാരന്മാരും, രാഷ്‌ട്രീയ സാമുദായിക നേതാക്കന്മാരും, ബുദ്ധിജീവികളും കിരാതമായി വധിക്കപ്പെട്ടു.

ക്രിസ്ത്യന്‍ നേതാക്കളെ വധിക്കുന്നതിന്റെ ഭാഗമായ നിര്‍ദ്ദേശങ്ങള്‍ ഒരേ ദിവസം, അതീവരഹസ്യമായി മോസ്ക്ക് യോഗങ്ങളില്‍ വിളംബരം ചെയ്യപ്പെട്ടു. അതാണ് “സെയ്‌ഫോ” എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കിരാതമായ നരഹത്യ. ഇതു സംഭവിച്ചിട്ട് 100 വര്‍ഷം തികയുന്നു. 1914 മുതല്‍ 6 വര്‍ഷം നീണ്ടുനിന്ന കല്‍ദായ-സിറിയന്‍ വംശഹത്യയില്‍ തുര്‍ക്കികളാല്‍ നിഷ്‌ഠൂരം വധിക്കപ്പെട്ട മൂന്നു മില്യനിലധികം സുറിയാനിക്കാര്‍, അര്‍മീനിയന്‍, ഗ്രീക്ക് വംശജര്‍ എല്ലാം ക്രിസ്ത്യാനികളായിരുന്നു. ഏറ്റവും കിരാതവും അപരിഷ്‌കൃതവുമായ ഈ കൂട്ടക്കുരുതികളുടെ തനിയാവര്‍ത്തനം ഇന്നും ഉണ്ടാവുന്നു എന്നത് വിധിയുടെ ചപലകരങ്ങള്‍ ! മിദ്രനിലും ഡിയാര്‍ ബക്കീര്‍ പ്രോവിന്‍സുകളിലും മാത്രം ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികളാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ മെത്രാന്മാരും വൈദികരും ഉള്‍പ്പെട്ടിരുന്നു.

സ്വന്തം ജനതയെ ഒറ്റുകൊടുത്ത് പ്രതിഫലം പറ്റിയ സാമുദായിക നേതാക്കളുടെ ചിത്രവും, വിക്കിലീക്ക്സ് പുറത്തുവിട്ട ഓട്ടോമെന്‍ മന്ത്രിസഭാ യോഗത്തിന്റെ റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്. 1931-ല്‍ തുര്‍ക്കി സുല്‍ത്താനായിരുന്ന മുസ്തഫാ കമാലിനു ഈ സഭാനേതാവിന്റെ സഹായം ആവശ്യമില്ലാതെ വരികയും അദ്ദേഹത്തെ അപമാനിക്കയും, തരംതാഴ്ത്തുകയും നാടുകടത്തുകയും ചെയ്തു. സഫറാന്‍ ആശ്രമത്തിലെ പാത്രിയാര്‍ക്കീസും തുറാബ് ഭവനിലെ വിമത പാത്രിയാര്‍ക്കീസും തമ്മിലുള്ള കിടമത്സരങ്ങളില്‍ മൂന്നു ലക്ഷത്തിലധികം അഫ്ഗാന്‍ ക്രിസ്ത്യാനികളാണ് നിര്‍ബ്ബന്ധമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതെന്ന വെളിപ്പെടുത്തലുകള്‍ വര്‍ഗീയ-വംശീയ കലാപകാലത്തിന്റെ ബാക്കി പത്രമായി അവശേഷിച്ചിരിക്കുന്നു.

103 വര്‍ഷം മുമ്പ് ഒരു ഏപ്രില്‍ മാസത്തില്‍, ഏറ്റവും സുരക്ഷിതമെന്നു കരുതിയ ടൈറ്റാനിക് കപ്പല്‍ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നിപതിച്ചു. ഓരോ ഏപ്രില്‍ പതിനഞ്ചും ഉണര്‍ത്തുന്ന ഉലകിന്റെ ഉലക്കല്‍; മനുഷ്യ നന്മയുടെ ഉണര്‍ത്തുപാട്ടാകട്ടേ എന്ന് ആശിക്കാം.

“മറ്റുള്ളവരെ ബലിമൃഗമാക്കുന്ന സാമാന്യബലി –
വിശ്വാസി സ്വയമര്‍പ്പിക്കുന്ന ആത്മബലി,
ദേവത തന്നെ ബലിയാക്കപ്പെടുന്ന ദിവ്യബലി”
ആനന്ദ്  (സംഹാരത്തിന്റെ പുസ്തകം)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top