ഇന്ത്യക്കും വന്‍ ഭൂകമ്പ ഭീഷണി

138172-425x282-Earthquakeന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ വരാനിരിക്കുന്ന വന്‍ ഭൂകമ്പം ഇന്ത്യയില്‍ വന്‍ നാശനഷ്ടമുണ്ടാക്കുമെന്ന് ഭൂകമ്പ വിദഗ്ധരുടെ മുന്നറിയിപ്പ്. തീവ്രതയേറിയ ഭൂകമ്പം എപ്പോള്‍ വേണമെങ്കിലും സംഭവിക്കുമെന്ന് ഭൂകമ്പശാസ്ത്രജ്ഞനായ ബി.കെ. രസ്തോഗി പറഞ്ഞു.

കാശ്മീര്‍, ഹിമാചല്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവ അടങ്ങിയ മേഖലയിലാണ് വന്‍നാശമുണ്ടാകുക. ഭൂഫലകങ്ങളിലെ ഘര്‍ഷണംമൂലം വന്‍ ഊര്‍ജം മേഖലയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. ഈ മര്‍ദം 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ മേഖലയെ നിര്‍ണായകമായി ബാധിക്കും.

റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 10 കോടി ടണ്‍ ടി.എന്‍.ടിക്ക് തുല്യമായത്ര ഊര്‍ജം പുറപ്പെടുവിച്ചതായും വിദഗ്ധര്‍ പറയുന്നു. ഭൗമശാസ്ത്രപരമായി നിര്‍ണായകമായ മേഖലയാണ് ഹിമാലയം. ഇന്ത്യന്‍, യൂറേഷ്യന്‍ ഭൂഫലകങ്ങള്‍ സംഗമിക്കുന്നത് ഹിമാലയന്‍ മേഖലയിലാണ്. ഇന്ത്യന്‍ ഫലകം വടക്ക് ദിശയിലേക്ക് തള്ളിനീങ്ങുകയാണ്. യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് അത് കടന്നുകൊണ്ടിരിക്കുന്നതായി ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂഫലകങ്ങളുടെ ഈ പരസ്പര സമ്മര്‍ദംമൂലം ഭൂമിക്കടിയില്‍ വന്‍തോതില്‍ ഊര്‍ജം ഉണ്ടാവുന്നുണ്ട്.

ഭൂപാളികളില്‍ ചലനം സംഭവിക്കുന്നതും പരസ്പരം കൂട്ടിമുട്ടി വന്‍ ഊര്‍ജം രൂപപ്പെട്ടതും നേരത്തേ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. ഭൂകമ്പശാസ്ത്രജ്ഞന്‍ വിനോദ് കുമാര്‍ ഗൗര്‍ രണ്ടു വര്‍ഷംമുമ്പ് ഭൂകമ്പ സാധ്യതയെപ്പറ്റിയുള്ള നിഗമനം ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

Print Friendly, PDF & Email

Leave a Comment