ഇന്ന് ലോക തൊഴിലാളി ദിനം

International-Labour-Dayതിരുവനന്തപുരം: ഇന്ന് ലോക തൊഴിലാളി ദിനം. തൊഴില്‍ സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്തിയതിന്റെ വാര്‍ഷികം ലോകമെമ്പാടും ആചരിക്കുമ്പോള്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്ക് മുന്നിലാണ് ട്രേഡ് യൂണിയനുകള്‍. പുതിയ തൊഴിലിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ നിരോധിക്കപ്പെട്ടിരിക്കുന്ന കാലത്തിലാണ് ലോക തൊഴിലാളി ദിനം ഓര്‍മ്മപ്പെടുത്തലായി മുന്നില്‍ വരുന്നത്. ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട തൊഴിലാളി മുന്നേറ്റത്തിനാണ് മെയ് 1 സാക്ഷ്യം വഹിച്ചത്.

ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യവുമായി 1886 മെയ് 1ന് ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റില്‍ തടിച്ചുകൂടിയ തൊഴിലാളികളെ വെടിയുതിര്‍ത്തായിരുന്നു ഭരണകൂടം അവരെ സ്വീകരിച്ചത്. പിന്നീട് തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി എട്ട് മണിക്കൂര്‍ ജോലി എന്ന ആശയം ലോകമെമ്പാടും സ്വീകരിക്കപ്പെട്ടപ്പോള്‍ മെയ് ഒന്നിനെ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1904ല്‍ ആസ്റ്റര്‍ഡാമില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. നൂറ്റാണ്ടിനിപ്പുറം തൊഴിലിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ വന്ന് ചേര്‍ന്നിരിക്കുന്നു. എന്നാല്‍ തൊഴിലെടുക്കുന്നവന് ഇന്നും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ട അവസ്ഥയാണ് എല്ലായിടത്തുമുളളത്. മാറിയ തൊഴില്‍ സംസ്‌കാരത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അപ്രസക്തമാകുന്നു. അതുകൊണ്ടു തന്നെ തൊഴിലാളി ദിനം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ലോകത്തെ കെട്ടിപ്പടുക്കുന്ന തൊഴിലാളികളുടെ മുന്നേറ്റ ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

Print Friendly, PDF & Email

Leave a Comment