ഐ.ജി.യുടെ കോപ്പിയടി; കൂടുതല്‍ നടപടിയുടെ ഭാഗമായി നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു

thumbnailകൊച്ചി (മെയ് 5) : എല്‍എല്‍എം പരീക്ഷയ്ക്കു തുണ്ടു കടലാസുപയോഗിച്ചു പകര്‍ത്തിയെഴുതിയ തൃശൂര്‍ മേഖലാ ഐജി ടി.ജെ. ജോസിനെ ഇന്‍വിജിലേറ്റര്‍ പിടികൂടി. കളമശേരി സെന്‍റ് പോള്‍സ് കോളെജില്‍ ഇന്നലെ നടന്ന എംജി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിനു കീഴിലുള്ള എല്‍എല്‍എം പരീക്ഷയിലാണ് ഐജിയെ കോപ്പിയടിക്കു പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ ഐജിയോടു നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണിത്. സുരേഷ് രാജ് പുരോഹിതിനാണ് തൃശൂര്‍ റെയ്ഞ്ച് ഐജിയുടെ താത്കാലിക ചുമതല. സംഭവം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബാലസുബ്രഹ്മണ്യന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗത്ത് സോണ്‍ എഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണച്ചുമതല. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാണു തീരുമാനം.

ഐജി ജോസിന്‍റെ നടപടി കേരളത്തിന് അപമാനമാണെന്ന് ചെന്നിത്തല കോഴിക്കോട്ടു പറഞ്ഞു. ജോസിനെതിരേ നടപടിയെടുക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തില്ലെന്നും അദ്ദേഹം. പരീക്ഷയില്‍ കോപ്പിയടിച്ച ഐജിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കളമശേരി സെന്‍റ് പോള്‍സ് കോളെജ് പ്രിന്‍സിപ്പലില്‍ നിന്ന് എംജി സര്‍വകലാശാല റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. ഇനിയുള്ള പരീക്ഷകള്‍ എഴുതുന്നതില്‍ നിന്നു ടി.ജെ ജോസിനെ വിലക്കാനും വിസി നിര്‍ദേശിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി ബാബുവിനെ ചുമതലപ്പെടുത്തി. പരീക്ഷാ കണ്‍ട്രോളര്‍ തോമസ് ജോണ്‍ മാമ്പറയുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് നടപടിക്കു നിര്‍ദേശം. പരീക്ഷാ ഹാളുകളില്‍ ഒരു മാസത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും വിസി.

ഗൈഡിന്‍റെ പേപ്പറുകളായിരുന്നു ഐജി കോപ്പിയടിക്കാന്‍ ഉപയോഗിച്ചത്. പരീക്ഷ തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിനു ശേഷമാണ് ഐജിയെ ഇന്‍വിജിലേറ്റര്‍ പിടികൂടുന്നത്. ഇദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണു ഗൈഡിലെ പേപ്പറുകളും ഫോട്ടോസ്റ്റാറ്റ് പേപ്പറും കണ്ടെത്തിയത്. തുടര്‍ന്നു പരീക്ഷ മുഴുമിപ്പിക്കാതെ ഐജിയെ ഹാളില്‍ നിന്നു പുറത്താക്കി.

കോപ്പിയടിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെയായിരുന്നു ഇന്‍വിജിലേറ്ററുടെ നടപടി. കോപ്പിയടിക്കാന്‍ ഉപയോഗിച്ച പേപ്പറുകള്‍ നല്‍കാന്‍ ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടെങ്കിലും ഇതു നല്‍കാതെയാണ് ഐജി ഹാളില്‍ നിന്നു പുറത്തുപോയത്. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും മറ്റു പരീക്ഷാര്‍ഥികള്‍ വിവരം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഒരു മണിക്കൂറോളം ജോസുമായി ബന്ധപ്പെടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. രണ്ടു ദിവസമായി ടി.ജെ. ജോസ് പരീക്ഷ എഴുതുന്നുണ്ടായിരുന്നു.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയാണ് ടി.ജെ. ജോസ്. പിന്നീട് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment