ഭോപ്പാല്‍: പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഭാഗ്യശൂന്യരാണെന്ന് പരക്കെ വിശ്വസിക്കുന്ന വടക്കേ ഇന്ത്യക്കാര്‍ക്ക് പുത്രന്മാര് മാത്രം ജനിക്കാനുള്ള യോഗാഗുരു രാംദേവ് വികസിപ്പിച്ചെടുത്ത വിവാദ മരുന്ന് ‘പുത്ര ജീവക്’ സംസ്ഥാനത്ത് വില്‍ക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മരുന്നിന്റെ പേരു മാറ്റാതെ സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നത് അനുവദനീയമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആണ്‍കുഞ്ഞ് ജനിക്കാന്‍ മരുന്ന് എന്ന പരസ്യവുമായി പുറത്തിറങ്ങിയ ദിവ്യ ഫാര്‍മസിയുടെ പുത്ര ജീവക് ബീജ് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ മരുന്ന് ഉപയോഗിച്ചാല്‍ ആണ്‍കുഞ്ഞ് ജനിക്കുമെന്നാണ് ഉത്പാദകര്‍ നല്കുന്ന ഉറപ്പ്. മരുന്നിന്റെ ഉത്പാദനവും വില്‍പ്പനയും തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചിരുന്നു. ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമാണ് പുത്ര ജീവക് ബീജ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിപണിയില്‍ നിന്ന് ഉത്പന്നം പിന്‍വലിച്ച് ഫാര്‍മസിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നായിരുന്നു സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടത്.
എന്നാല്‍ മരുന്നിന്റെ പേര് മാറ്റില്ലെന്ന് രാംദേവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആണ്‍കുട്ടി ജനിക്കുമെന്ന് ഉറപ്പുവരുത്താനല്ല, കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പാക്കാനുള്ള് മരുന്നാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ മരുന്നിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.
ലിംഗാനുപാതത്തെ ഗൗരവമായി കണക്കാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആണ്‍കുട്ടികള്‍ മാത്രം പിറക്കാന്‍ എന്ന പരസ്യവുമായി വരുന്ന മരുന്നിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നു വന്നിരിക്കുകയാണ്. പുത്ര ജീവക് ബീജ് വില്‍പ്പന നിരോധിച്ച് അന്വേഷണം ആരംഭിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ നടക്കുന്നതിനിടെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മരുന്ന് നിരോധിച്ചത്. മരുന്നുമായി ഉയരുന്ന വിവാദം മോദി സര്‍ക്കാരിനെ അപമാനിക്കാനാണ് എന്നാണ് രാംദേവ് പ്രതികരിച്ചത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി അടുപ്പമുള്ളയാളാണ് യോഗ ഗുരു ബാബ രാംദേവ്. ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ അടുത്തിടെ രാംദേവിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചിരുന്നു. തനിക്ക് കാബിനറ്റ് റാങ്ക് നല്‍കാനുള്ള ഹരിയാന സര്‍ക്കാരിന്റെ വാഗ്ദാനം രാംദേവ് തന്നെ നിരസിക്കുകയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply