Flash News

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് തിരക്കേറി

May 7, 2015 , സ്വന്തം ലേഖകന്‍

koodal manikyam ulsavam3ഇരിങ്ങാലക്കുട: അത്യപൂര്‍വമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും കൊണ്ട് ശ്രദ്ധേയമായ കൂടല്‍മാണിക്യം ഉത്സവത്തിന് വന്‍ തിരക്ക്. നാലമ്പലത്തിനുള്ളില്‍ താന്ത്രിക ചടങ്ങുകളും കലാപരിപാടികളും മറ്റ് ക്ഷേത്രോത്സവങ്ങളില്‍നിന്ന് കൂടല്‍മാണിക്യത്തെ വ്യത്യസ്തമാക്കുന്നു.

പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ദേവനെ ആവാഹിച്ച് എഴുന്നള്ളിക്കുന്ന സമ്പ്രദായം കൂടല്‍മാണിക്യത്തിലെ അത്യപൂര്‍വ സവിശേഷതയാണ്. തനി സ്വര്‍ണത്തിലും വെള്ളിയിലും ഉള്ള നെറ്റിപ്പട്ടങ്ങളും ശാന്തി ശുദ്ധി സംരക്ഷിക്കാനായി തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ ഇരുഭാഗത്തും ഉള്ളാനകളെ നിര്‍ത്തുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മാതൃക്കല്‍ ബലിദര്‍ശനത്തിന് മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവബലികളുമായി സാമ്യമുണ്ട്. ബലി അര്‍പ്പിക്കുമ്പോള്‍ ചെണ്ട, തിമില, കൊമ്പ്, കുഴല്‍ എന്നീ വാദ്യങ്ങള്‍ രണ്ടുനേരവും ഉപയോഗിക്കാറുണ്ട്. മറ്റുക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലി തൊഴാന്‍ ഭക്തജനങ്ങളെ അനുവദിക്കാറില്ല. ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമ പുണ്യമാണെന്നാണ് വിശ്വാസം. അതിനാല്‍ ദര്‍ശനത്തിന് എന്നും തിരക്കാണ്.

ബ്രഹ്മകലശവും താന്ത്രിക ചടങ്ങുകളും ഉള്‍ക്കൊണ്ടുള്ള മഹോത്സവങ്ങള്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും മാത്രമാണുള്ളത്. തരണനെലൂര്‍ തന്ത്രിമാരാണ് രണ്ടിടത്തേയും തന്ത്രിമാര്‍. ദേവന്‍ ആദ്യമായി ശ്രീകോവിലില്‍നിന്ന് പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യം മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടുദിവസവും രാവിലെ 7.45നും രാത്രി 8.15നുമാണ് മാതൃക്കല്‍ ബലിദര്‍ശനം. പള്ളിവേട്ടക്കും ആറാട്ടിനും രാവിലെയാണ് മാതൃക്കല്‍ ബലി ഉണ്ടാകുക. ആറാട്ടുനാള്‍ പ്രഭാതത്തില്‍ മംഗളവാദ്യത്തോടും ശംഖനാദത്തോടുംകൂടി ഭഗവാനെ പള്ളി ഉണര്‍ത്തി പശുക്കുട്ടിയെ കണികാണിച്ചശേഷം പുതിയ പട്ടുടയാടകള്‍ അണിയിച്ച് തിരുവാഭരണങ്ങളും ചന്ദനവും ചാര്‍ത്തി പാണിക്കൊട്ടി പുറത്തേക്ക് എഴുന്നള്ളിക്കും. മേല്‍ശാന്തി തിടമ്പ് കൈയില്‍പിടിച്ചാണ് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. തുടര്‍ന്ന് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് പുറത്തേക്ക് എഴുന്നള്ളിപ്പ് ആനപ്പുറത്ത് കയറ്റി ക്ഷേത്രം പ്രദക്ഷിണം ചെയ്യും. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, മൂഴിക്കുളം ശീവേലിക്ക് തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മാത്രമേ ദേവനെ പുറത്തേക്ക് എഴുന്നള്ളിക്കാറുള്ളൂ. അതുകൊണ്ടാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാതൃക്കല്‍ ദര്‍ശനത്തിന് പ്രാധാന്യമേറുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ് മറ്റൊരു പ്രത്യേകത. കേരളത്തിലെയും പുറത്തുമുള്ള പ്രമുഖ കലാകാരന്മാര്‍ ഉല്‍സവദിനങ്ങളില്‍ ഇവിടെയെത്തും. കഴിഞ്ഞദിവസം പ്രസിദ്ധ ചലച്ചിത്ര താരം ഇഷ തല്‍വാറിന്‍െറ കഥക് കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്. കേരളത്തില്‍ അപൂര്‍വമായാണ് ഇഷ കഥക് അവതരിപ്പിച്ചിട്ടുള്ളത്. ഗുരുവും പ്രശസ്ത കഥക് നര്‍ത്തകിയുമായ വിജയ ശ്രീചൗധരിയും ഒപ്പമുണ്ടായിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ പ്രപൗതി ബംഗളൂരു എസ്. ഐശ്വര്യയുടെ സംഗീത കച്ചേരിക്കും സംഗീത പ്രേമികള്‍ സാക്ഷികളായി. വ്യാഴാഴ്ച രാത്രി ഗായകന്‍ ജി. വേണുഗോപാലിന്‍െറ ഗാനമേള കേള്‍ക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

koodal manikyam ulsavam koodal manikyam ulsavam2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top