Flash News

ഷൈനയുടെ വീട്ടിലേക്ക് മാധ്യമപ്പട

May 7, 2015 , സ്വന്തം ലേഖകന്‍

rupesh family

തൃപ്രയാര്‍: മാവോയിസ്റ്റുകളായ രൂപേഷ് -ഷൈന ദമ്പതികളുടെ അറസ്റ്റ് വിവരം പുറത്തു വന്നതോടെ വലപ്പാട്ടെ ഷൈനയുടെ വീട്ടിലേക്ക് മാധ്യമ പ്രവര്‍ത്തകരുടെ പ്രവാഹം. താന്‍ മരിക്കുന്നതിന് മുമ്പ് ഷൈനയും രൂപേഷും വീട്ടിലത്തെണമെന്നാണ് ആഗ്രഹമെന്ന് ഷൈനയുടെ മാതാവ് നഫീസ പറഞ്ഞു. ഷൈനയുടെ രണ്ട് പെണ്‍കുട്ടികളെയും അവരെ ഏല്‍പിക്കണം. അതാണന്‍െറ ആഗ്രഹം.

മാധ്യമങ്ങളാണ് രണ്ടുപേരെയും മാവോയിസ്റ്റുകളാക്കി പെരുപ്പിച്ച് കാണിച്ചത്. ഒരു മാവോയിസ്റ്റും നേതാവുമല്ല അവര്‍. ആര് കല്ലെറിഞ്ഞാലും ട്രെയിന്‍ അട്ടിമറിച്ചാലും എന്തൊക്കെ ചെയ്താലും ഇവരുടെ തലയില്‍ കെട്ടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്ത് വരുന്നതെന്നും നഫീസ പറഞ്ഞു. മുത്തങ്ങ പോലുള്ള ജനകീയ സമരങ്ങളില്‍ മാത്രമാണ് രൂപേഷ് പങ്കെടുത്തിരുന്നത്. ഒരു തെളിവുമില്ലാതെയാണ് പൊലീസും മാധ്യമങ്ങളും മാവോയിസ്റ്റുകളെന്ന് ആരോപിച്ചിരുന്നത്. ഇതുമൂലം താനും രണ്ട് പെണ്‍കുട്ടികളും അനുഭവിച്ചുവന്ന മാനസിക പീഡനങ്ങള്‍ നിരവധിയാണ്.

1992ലാണ് ഷൈനയെ രൂപേഷ് വിവാഹം ചെയ്തത്. പിന്നീട് വല്ലപ്പോഴുമൊക്കെയാണ് വീട്ടിലേക്ക് വന്നിരുന്നത്. 2007ലാണ് അവസാനമായി കണ്ടത്. തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുമ്പോഴാണ് തന്നെ കാണാന്‍ ഷൈന വന്നതെന്ന് നഫീസ പറഞ്ഞു. മാവോയിസ്റ്റ് ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍ പൊലീസിന്‍െറ തേര്‍വാഴ്ചയായി.

2011 മേയില്‍ രാത്രി വലപ്പാട്ടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിന്‍െറ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് തന്നെയും കുട്ടികളെയും ഭീഷണിപ്പെടുത്തി. രൂപേഷിന്‍െറ തല കല്ലുകൊണ്ട് ഇടിച്ച് തകര്‍ക്കുമെന്നും നിങ്ങള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യണമെന്നും ഇന്‍സ്പെക്ടര്‍ ആജ്ഞാപിച്ചു. പിന്നീട് ഞങ്ങള്‍ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും നഫീസ പറഞ്ഞു.

പെരിങ്ങോട്ടുകര താന്ന്യം തെക്കിനിയേടത്ത് രാമചന്ദ്രന്‍െറ മകന്‍ രൂപേഷ് നാട്ടിക എസ്.എന്‍ കോളജില്‍ പഠിക്കുമ്പോഴാണ് ഷൈനയുമായി അടുപ്പത്തിലാവുന്നത്. പിന്നീട് ഐ.ടി.ഐ വിദ്യാഭ്യാസം കഴിഞ്ഞ് ഇതിനിടെ കേരള വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ മുത്തങ്ങ, പ്ലാച്ചിമട പോലുള്ള ജനകീയ സമരങ്ങളില്‍ പങ്കെടുത്തു. ഇതിന് കേസുകളും ചാര്‍ത്തപ്പെട്ടു. ഇതിനിടെ നിലമ്പൂര്‍ ട്രെയിന്‍ അട്ടിമറിശ്രമം ആരോപിക്കപ്പെട്ടു. ഇതോടെ ഒളിവില്‍ പോകേണ്ടി വന്നു.

1992ല്‍ രജിസ്റ്റര്‍ വിവാഹം നടത്തിയ രൂപേഷിനും ഷൈനക്കും രണ്ട് പെണ്‍മക്കളാണ്. മൂത്തമകള്‍ ആമി പ്ലസ് ടു കഴിഞ്ഞു. രണ്ടാമത്തെ മകള്‍ സവേര എട്ടാം ക്ലാസിലേക്ക് ജയിക്കുകയും ചെയ്തു.

ഹൈകോടതിയില്‍ അസിസ്റ്റന്‍റ് ആയിരിക്കെയാണ് ഷൈനക്കെതിരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കേസുവന്നത്. മാതാപിതാക്കള്‍ ഒളിവിലായപ്പോള്‍ പൊലീസും ചില സാമൂഹികവിരുദ്ധരും മക്കള്‍ക്കെതിരെ തിരിഞ്ഞു. കൂടംകുളം സമരത്തില്‍ പങ്കെടുത്ത ആമി സുഹൃത്തുക്കളുമൊത്ത് മാവേലിക്കരയില്‍ ഒത്തുകൂടിയപ്പോള്‍ 2012 ഡിസംബര്‍ 29ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു.

കൂടാതെ പൊലീസിന്‍െറ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്ന ഭീഷണികള്‍ക്കെതിരെ നിരവധി തവണ മനുഷ്യാവകാശ സംഘടനകള്‍, ഗാന്ധിപീസ് ഫൗണ്ടേഷന്‍, പ്രതിരോധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒറ്റക്കും കൂട്ടായും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഭീഷണിക്ക് അയവ് വരുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top