Flash News

‘മദേഴ്സ് ഡേ’ അതുല്യമായ ഒരു അനുഷ്ഠാനം

May 8, 2021 , ഡോ. ജോര്‍ജ്ജ് മരങ്ങോലി

മാതൃത്വത്തെ ബഹുമാനിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്ന, മാനുഷിക സമീപനങ്ങളുള്‍ക്കൊള്ളുന്ന ‘മദേഴ്സ് ഡേ’ എന്ന തനതായ ആധുനിക പ്രതിഭാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പോലുമായിട്ടില്ല. ഇന്ന് ലോകത്ത് ഏതാണ്ട് 46ല്‍ അധികം രാജ്യങ്ങളില്‍ പല ദിവസങ്ങളിലായി മദേഴ്സ് ഡേ ആചരിക്കാറുണ്ട്. ഇതില്‍ നല്ലൊരു പങ്ക് രാജ്യങ്ങളിലും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാര്‍ക്കുള്ള അഭിവാദന ദിനമായി മാറ്റിവെച്ചിരിക്കുകയാണ്. മക്കള്‍ക്ക് ജീവന്‍ നല്‍കി അവരെ വളര്‍ത്തി വലുതാക്കിക്കൊണ്ട് വരുവാന്‍ അമ്മമാര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കും കൃതജ്ഞതാ സൂചകമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് അമ്മമാരെ ആദരിക്കുവാനും അനുബോധിക്കുവാനും വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അസുലഭ ദിനമായി ഈ ആചരണം ഇന്ന് മാറിക്കഴിഞ്ഞു.

പുരാതന ഗ്രീക്കുകാരുടെയും റോമക്കാരുടെയും നൂറ്റാണ്ടുകള്‍ തന്നെ പഴക്കമുള്ള പഴക്കമുള്ള ആചാരത്തില്‍ നിന്നാണ് മദേഴ്സ് ഡേ എന്ന അനുസ്മരണത്തിന്റെ ഉത്ഭവം. ഗ്രീക്ക് ദൈവങ്ങളുടെ അമ്മയായ ‘റിയ’യുടെ ബഹുമാനാര്‍ത്ഥമാണ് ഗ്രീസിലെ ജനങ്ങള്‍ ഈ ഉത്സവത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. ക്രിസ്തുവിന് 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റോമാക്കാരും അവരുടെ ദേവതമാരുടെ അമ്മ ‘സൈബെലെ’യോടുള്ള ആദരവ് നിലനിര്‍ത്തുവാന്‍ വേണ്ടി സമര്‍പ്പിച്ച് പോന്ന ഒരു പ്രത്യേക ദിവസമായിരുന്നു മദേഴ്സ് ഡേ. മൂന്ന് ദിവസം നീണ്ട് നിന്ന ഘോഷയാത്രകളും, കളികളും, കപട പ്രകടനങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ഉത്സവമായി ഇത് തരം താണ് പോയതു മൂലം ‘സൈബെലെ’യുടെ അനുയായികളെ റോമില്‍ നിന്ന് നിഷ്കാസനം ചെയ്യുകയുണ്ടായി.

പ്രാചീന ക്രിസ്ത്യാനികള്‍ യേശു ക്രിസ്തുവിന്റെ അമ്മ മേരിയോടുള്ള ഉപചാര സൂചകമായി വലിയ നൊയമ്പിന്റെ നാലാമത്തെ ഞായറാഴ്ച മദേഴ്സ് ഡേ ആയി ആരാധിച്ചു പോന്നു. അമേരിക്കയില്‍ മദേഴ്സ് ഡേ ആഘോഷം ആരംഭിക്കുന്നതിന് വളരെ മുന്‍പ് തന്നെ ബ്രിട്ടനിലെ പല മതാധിഷ്ഠിത സമൂഹങ്ങളും ‘മദറിംഗ് സണ്ടേ’ എന്ന പേരില്‍ ഒരു ആഘോഷം നടത്തിപ്പോന്നിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളികളില്‍ പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ത്ഥനക്ക് ശേഷം അമ്മമാര്‍ക്ക് നല്‍കുവാന്‍ വേണ്ടി കേക്കുകളും പൂക്കളും സമ്മാനങ്ങളുമൊക്കെയായി കുട്ടികള്‍ വന്നിരുന്നത് പിന്നീട് വലിയൊരു ആഘോഷമായി മാറി. 19ആം നൂറ്റാണ്ടോട് കൂടി മദറിംഗ് സണ്ടേ ആചരണങ്ങള്‍ പൂര്‍ണ്ണമായിത്തന്നെ നിലച്ചു പോയെങ്കിലും രണ്ടാ ലോക മഹായുദ്ധത്തിന് ശേഷം അത് വിപുലമായി പുനരാരംഭിച്ചു.

അമേരിക്കയില്‍ മദേഴ്സ് ഡേ ആഘോഷ ചടങ്ങുകള്‍ നടത്തണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് എഴുത്തുകാരിയും കവിയത്രിയുമായ ജൂലിയാ വാര്‍ഡ് ഹൗവിയായിരുന്നു. യുദ്ധത്തിനെതിരായി ശബ്ദമുയര്‍ത്തുവാനും സമാധാനത്തിനു വേണ്ടി സമര്‍പ്പണം ചെയ്യുവാനുമായി ഒരു മദേഴ്സ് ഡേ വിളംബരം തന്നെ 1870ല്‍ പ്രസിദ്ധീകരിച്ചു.

ഇതൊക്കെയാണെങ്കിലും മദേഴ്സ് ഡേയുടെ അമേരിക്കയിലെ സ്ഥാപകയായി ഫിലഡല്‍ഫിയയില്‍ സ്കൂള്‍ ടീച്ചറായിരുന്ന അന്നാ ജാര്‍‌വിസിനെയായിരുന്നു കണക്കാക്കിയിരുന്നത്. വിവാഹം കഴിക്കാതിരുന്നിട്ടും കുട്ടികള്‍ ഇല്ലാതിരുന്നിട്ടും ‘മദേഴ്സ് ഡേയുടെ അമ്മ’ എന്നാണ് അന്നാ ജാര്‍‌വിസ് ഇന്നും അറിയപ്പെടുന്നത്. അന്നത്തെ അമേരിക്കന്‍ സമൂഹത്തിന് അമ്മമാരോടുണ്ടായ വര്‍ദ്ധിച്ചുവന്ന അവഗണന കണ്ട് വേദനിച്ച അന്നയുടെ അമ്മ ആന്‍ മരിയ റീവ്സ് അതീവ ദുഃഖിതയായിരുന്നു. ആ അമ്മയുടെ അഭിലാഷം നിറവേറ്റുവാന്‍ വേണ്ടി ഒട്ടേറെ നിയമപാലകരെയും വന്‍‌കിട ബിസിനസ്സുകാരെയും ഉള്‍പ്പെടുത്തി അമ്മമാര്‍ക്ക് വേണ്ടി ഒരു ദേശീയ ദിവസം സമര്‍പ്പിക്കുവാന്‍ അന്നാ ജാര്‍‌വിസ് പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് മദേഴ്സ് ഡേ എന്ന യാഥാര്‍ത്ഥ്യം അമേരിക്കയില്‍ വലിയ ഒരു ആഘോഷമായി മാറിയത്.

ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ, ഇന്ത്യ, ഇറ്റലി, ഡെന്മാര്‍ക്ക്, ഫിന്‍‌ലാന്‍ഡ്, ടര്‍ക്കി, മെക്സിക്കൊ, ക്യാനഡാ, ബെല്‍‌ജിയം, ചൈന, ജപ്പാന്‍, ഫ്രാന്‍സ്, യൂഗ്ലോസ്ലോവിയ, ബഹ്റിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ അവരുടെ അമ്മമാര്‍ ചെയ്ത നിസ്തുല സേവനത്തിനും നല്‍കിയ സ്നേഹത്തിനും നല്‍കിയ സ്നേഹത്തിനും ഉപകാര സ്മരണയായി ഇന്ന് മദേഴ്സ് ഡേ കൊണ്ടാടാറുണ്ട്. ഇന്ന് ലോകത്ത് വളരെ ജനപ്രീതിയാര്‍ജ്ജിച്ച ഒരു ആഘോഷം കൂടിയാണ് മദേഴ്സ് ഡേ.

ഇതിനെല്ലാം പുറമെ പൂ കച്ചവടക്കാരും, കേക്ക് ഉണ്ടാക്കുന്നവരും, ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാതാക്കളും, സമ്മാനങ്ങള്‍ നിര്‍മിക്കുന്നവരുമെല്ലാം പണം വാരിക്കൂട്ടുന്ന ഒരു വാണിജ്യ ആഘോഷം കൂടിയായി മദേഴ്സ് ഡേ രൂപാന്തരപ്പെട്ടുകഴിഞ്ഞു. എന്നിരുന്നാലും അമ്മമാരെ മാത്രമല്ല മാതാപിതാക്കളെ തന്നെ പരിരക്ഷിക്കുവാനും പരിഗണിക്കുവാനും മിനക്കെടുവാന്‍ കൂട്ടാക്കാത്ത ഇന്നത്തെ ഹൈ ടെക് സമൂഹത്തിന്റെ തിരക്കു പിടിച്ച ജീവിതചര്യക്കിടയില്‍ അമ്മമാരെയെങ്കിലും അവഗണിക്കാതിരിക്കുവാന്‍ സഹായിക്കുന്ന, പാശ്ചാത്യമെങ്കിലും മദേഴ്സ് ഡേ പോലുള്ള അനുഷ്ഠാനങ്ങള്‍ അമൂല്യവും അതുല്യവും അനിവാര്യവുമാണെന്ന കാര്യത്തില്‍ സംശയമില്ല.

ഈ വർഷം മെയ് മാസം ഒമ്പതാം തിയതിയാണ് മദേർസ് ഡേ. എല്ലാ അമ്മമാർക്കും സ്നേഹംനിറഞ്ഞ മദേർസ് ഡേ ആശംസകൾ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top