കേരളത്തില്‍ നില്‍ക്കുന്നതിലും ഭേദം യുദ്ധഭൂമിതന്നെ; ജന്മനാട്ടിലേക്ക് തിരിച്ചുവന്ന നഴ്സുമാരെ സര്‍ക്കാരും അവഗണിക്കുന്നു

19nurse1കൊച്ചി: യുദ്ധഭൂമികളില്‍നിന്നും ജന്മനാട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു നഴ്സുമാര്‍ക്ക്… നിങ്ങളുടെ ജീവിതം ഞങ്ങളുടെ കൈകളില്‍ ഭദ്രം എന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ മാസങ്ങള്‍ക്കു മുന്‍പ് അവരോട് പറഞ്ഞത്. അതിനു പിന്നാലെ പല സ്വകാര്യ ആശുപത്രികളുടെ തലവന്‍മാരും വാര്‍ത്താ പ്രാധാന്യം നേടാന്‍ രംഗത്തെത്തി. മടങ്ങിയെത്തിയവര്‍ക്ക് ഞങ്ങള്‍ ജോലി നല്‍കുമെന്നായിരുന്നു മാധ്യമ ക്യാമറകള്‍ക്കു മുന്നില്‍ അവരുടെ പ്രഖ്യാപനം. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കിയവരെ ആരേയും കാണാനില്ല. യാഥാര്‍ഥ്യമായി ഇവിടെയുള്ളത് ഇനി മുന്നോട്ട് എങ്ങനെ ജീവിതം കൊണ്ടുപോകും എന്നറിയാതെ പകച്ചുനില്‍ക്കുന്ന കുറേ ജീവിതങ്ങള്‍ മാത്രം. ട്രെയ്ന്‍ഡ് നഴ്സസ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (ടിഎന്‍എഐ) യുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ആശിര്‍ഭവനില്‍ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ നഴ്സുമാര്‍ക്കായി സംഘടിപ്പിച്ച സംഗമത്തിലാണ് നഴ്സുമാര്‍ പൊള്ളുന്ന സത്യങ്ങള്‍ പങ്കുവച്ചത്.

ജീവന് സുരക്ഷിതത്വമില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സങ്കടക്കടലുകള്‍ താണ്ടി സംഘര്‍ഷ ഭൂമിയിലേക്ക് മടങ്ങാനാണ് പലരുടെയും തീരുമാനം. തിരിച്ച് പോയില്ലെങ്കില്‍ വൃക്ക രോഗിയായ ഭര്‍ത്താവിന്‍റെ ചികിത്സ മുടങ്ങും. ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ യെമനിലേക്ക് തിരിച്ചുപോയേ പറ്റൂവെന്ന് തിരുവന്തപുരം സ്വദേശിയായ ആതിര പറഞ്ഞു. യെമനിലേക്ക് തിരിച്ചുപോയി ജോലിയെടുത്ത് ഭര്‍ത്താവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന് നിറകണ്ണുകളോടെയാണ് ആതിര അധികൃതരോട് അപേക്ഷിച്ചത്. ഭര്‍ത്താവിന്‍റെ ചികിത്സാ ചെലവിനായി ഒരു വര്‍ഷം മുന്‍പാണ് യമനിലെ ഇന്‍റര്‍നാഷണല്‍ ആശുപത്രിയില്‍ ആതിര ജോലിക്ക് കയറിയത്. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ പണയപ്പെടുത്തിയാണ് യാത്രയ്ക്കുള്ള തുക കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെ ചികിത്സയും കടങ്ങള്‍ വീട്ടാനുള്ള പണവും കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് അവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ ഭര്‍ത്താവിന്‍റെ രോഗം മൂര്‍ഛിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ മാത്രമാണ് ജീവന്‍നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചു. അതിനാല്‍ സഹപ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേരും തിരിച്ചുവരാന്‍ തയ്യാറായെങ്കിലും അവിടെ തന്നെ പിടിച്ചു നില്‍ക്കാനായിരുന്നു ആതിരയുടെ ശ്രമം. ഒടുവില്‍, ഇന്ത്യയില്‍ നിന്നയച്ച അവസാന കപ്പലില്‍ ആതിര ഇന്ത്യയിലേക്ക് മടങ്ങി.

ആനുകൂല്യങ്ങളും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ലഭിക്കാത്തതിനാല്‍ മൂന്നുമാസത്തേയ്ക്കുള്ള അവധിയും തിരിച്ചു പോകാനുള്ള വിസയും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നു. യമനിലേക്ക് തിരിച്ചു പോകാനുള്ള അനുമതിക്കായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ അവിടെയുള്ള ഇന്ത്യന്‍ എംബസി അടച്ചുവെന്നും അങ്ങോട്ടുള്ള യാത്രയ്ക്ക് അനുമതി നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ ആതിരയുടെ ജീവിതം വഴിമുട്ടി. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഇനിയെന്തുചെയ്യുമെന്ന അവസ്ഥയിലാണ് ഈ യുവതി.

സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഉപേക്ഷിച്ച് നാട്ടിലേക്ക് പാലായനം ചെയ്തവരാണിവര്‍. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ലഭിക്കുന്നില്ല. മൂന്നുമാസത്തിനുള്ളില്‍ തിരിച്ചുപോയില്ലെങ്കില്‍ വിദേശത്തെ ജോലിയും നഷ്ടമാകും. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഞ്ചുതവണ നേരില്‍ കണ്ടുവെങ്കിലും ഒരു നടപടിയും സ്വീകരിക്കാന്‍ തയാറായില്ലെന്ന് കോട്ടയം സ്വദേശി രേഖ പറഞ്ഞു. ടിഎന്‍എഐയുടെ ഭാരവാഹികളായ ഡോ. റോയ് കെ. ജോര്‍ജ്ജ്, പി.എസ്. സോന, പ്രൊഫ. രേണു സൂസന്‍ തോമസ്, കെ.എം. റിയാസ്, എസ്.പി. ബിജു തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

കലാപ ഭൂമിയിലേക്ക് ഞങ്ങള്‍ക്ക് തിരിച്ചു പോയേ പറ്റൂ

കോട്ടയം: കുടുംബത്തെ ദുരിതക്കയത്തില്‍നിന്ന് രക്ഷനേടാന്‍ യെമനിലെ കലാപഭൂമിയിലേക്ക് മടങ്ങിയേ മതിയാവൂവെന്നു പറയുമ്പോള്‍ ശ്യാമിലിക്കും ശാലിനിക്കും സുനിലയ്ക്കും ഭയമില്ല. മടങ്ങിവന്നവര്‍ക്ക് സര്‍ക്കാരിന്‍െറ ആനുകൂല്യങ്ങള്‍ പ്രഖ്യാപനങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മടക്കമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇവരുടെ പക്ഷം. “ജോലിയില്ലാതായിട്ട് ഒരുമാസത്തിലേറെയായി. അതിനൊപ്പം വീട്ടുചെലവുകളും കുട്ടികളുടെ പഠനവും എങ്ങനെനടക്കുമെന്ന് വേവലാതി വേറെയും” -യുദ്ധഭൂമിയില്‍നിന്ന് മടങ്ങിയത്തെിയ കോട്ടയം പുത്തനങ്ങാടി പുത്തന്‍പുരയില്‍ സുനിലയുടെ വാക്കുകളാണിത്.

യാഫയിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായി ജോലിനോക്കവെയാണ് യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. ഇതോടെ കലാപബാധിതപ്രദേശമല്ലാതിരുന്നിട്ടും സര്‍വതും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ജീവിത സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഏഴുവര്‍ഷം മുന്‍പാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഭര്‍ത്താവ് ബൈജുവിനെ ഏല്‍പ്പിച്ച് സുനില യെമനിലേക്ക് പോയത്. നാലുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതോടെ രണ്ടുകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന നിര്‍ധനകുടുംബത്തിന്‍െറ ചുമതലയും ഏറ്റെടുക്കേണ്ടിവന്നു. അപ്രതീക്ഷതമായി തിരിച്ചുവന്നപ്പോള്‍ ഒരുമാസത്തെ ശമ്പളം പോലും ഉപേക്ഷിച്ചായിരുന്നു മടക്കം.

നാട്ടില്‍ പല ജോലിക്കായി ശ്രമിച്ചെങ്കിലും നടന്നില്ലെന്നു സുനില. പാലാ പിഴക് സ്വദേശികളും സഹോദരിമാരുമായ ശ്യാമിലിയും ശാലിനിയും യുദ്ധഭൂമിയിലേക്ക് തിരികെപ്പോകാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരുലക്ഷം രൂപവീതം ബാങ്ക് വായ്പയെടുത്താണ് യെമനിലെ അല്‍ഹിലാല്‍ ആശുപത്രിയില്‍ ജോലിക്കായിപോയത്. ശ്യാമിലി ലാബ് ടെക്നീഷ്യനായും ശാലിനി നഴ്സുമായാണ് ജോലിചെയ്തത്. ആറുമാസത്തിനുള്ളില്‍ തിരികെയത്തെുമെന്ന് എഴുതിക്കൊടുത്തശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. ഏജന്‍സിയില്‍ പണം കെട്ടിവച്ച് ജോലിക്കുപോയ ഇവര്‍ക്ക് ഇനി മറ്റൊരു രാജ്യത്ത് ജോലി ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും. ഇതാണ് ഇവര്‍ തിരികെ യെമനിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

യെമനില്‍നിന്നുള്ള അവസാന വിമാനത്തിലത്തെിയ ഇവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ സര്‍ക്കാരിന്‍െറയും സ്വന്തം കുടുംബത്തിന്‍െറയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിരികെയത്തെിയത്. സര്‍ക്കാരിന്‍െറ ചെലവില്‍ നാട്ടിലത്തെിയ തങ്ങളെ മടങ്ങി പോകാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നിലെന്ന് പരാതിയും ഇവര്‍ മറച്ചുവെച്ചില്ല.

യെമനില്‍നിന്നും തിരിച്ചത്തെിയ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കോട്ടയം കൃഷ്പപിള്ളഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധജില്ലകളിലെ 60ഓളംപേര്‍ പങ്കെടുത്തു. വിവിധആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഈമാസം 20ന് 20 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. പുനരധിവാസ പ്രശ്നമുള്‍പ്പെടെയുള്ളവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് എന്നിവര്‍ക്ക് കൈമാറും. യോഗം തീരുമാനിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി കെ.ജി അജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീകൃഷ്ണപിള്ള, ജില്ലാ രക്ഷാധികാരി വി.പി ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. ജില്ലാകമ്മിറ്റിയംഗം സി.ജോര്‍ജ് സ്വാഗതവും റഷീദ് മുക്കാലി നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment