മാതാവിനെ കാണാന്‍ മഅ്‌ദനിക്ക് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി

madani__1909518042ന്യൂഡല്‍ഹി (മെയ് 16) : പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. രോഗബാധിതയായ അമ്മയെ കാണാന്‍ കര്‍ണാടക വിട്ടു കേരളത്തിലേക്കു വരാന്‍ അഞ്ച് ദിവസത്തെ അനുമതിയാണ് സുപ്രീംകോടതി നല്‍കിയിട്ടുള്ളത്.

തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്‍ററിലെ ചികിത്സയ്ക്കു ശേഷം കരുനാഗപ്പള്ളി അന്‍വാര്‍ശേരിയിലെ വീട്ടില്‍ വിശ്രമിക്കുന്ന അമ്മയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നേരത്തെ സുപ്രീംകോടതിയാണ് മഅദനിക്ക് ചികിത്സ നടത്താന്ഞ ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നത്. ബംഗളൂരു സിറ്റി വിട്ടുപോകരുതെന്ന് കര്‍ശന വ്യവസ്ഥ വച്ചിരുന്നു. ഇതില്‍ ഇളവ് തേടിയാണ് മഅദനി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.

സംസ്ഥാനം വിട്ടുപോകാന്‍ അനുമതി ലഭിച്ചെങ്കിലും മഅദനിയുടെ സുരക്ഷാ ചുമതല കര്‍ണാടക പൊലീസ് ഏറ്റെടുക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. കേരള പൊലീസുമായി ഇക്കാര്യത്തില്‍ ഏകോപനമുണ്ടാകണം. കേരളത്തിലേക്ക് എന്നാണ് പോകേണ്ടതെന്നു മഅദനിക്കു തീരുമാനിക്കാം. കോടതി ഉത്തരവ് കിട്ടയതിനുശേഷം മഅദനി ഇന്നുതന്നെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകും.

ബംഗളൂരു സ്ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന മഅദനി, ഇപ്പോള്‍ ബംഗളൂരുവില്‍ ചികിത്സയിലാണ്. സ്ഫോടന കേസിന്‍റെ വിചാരണ പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടു വര്‍ഷം വേണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ നവംബറില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നതാണ്. ഈ കാലയളവ് പിന്നിട്ടതിനെ തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് മഅദനി ആവശ്യപ്പെട്ടത്. മഅദനിക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. വീല്‍ ചെയറിലാണ് യാത്ര അമ്മ അതീവ ഗുരുതരാവസ്ഥയിലാണ്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കാത്തത് നീതി നിഷേധേമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

അതേസമയം, സ്ഫോടന കേസിന്‍റെ വിചാരണ എന്തുകൊണ്ടാണ് ഇത്രയധികം വൈകുന്നതെന്നു കര്‍ണാട സര്‍ക്കാര്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് മറ്റൊരു കോടതിയിലേക്കു മാറ്റിയതാണ് കാലതാമസമുണ്ടാക്കിയതെന്ന് സര്‍ക്കാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനുള്ള സാഹചര്യം ഉടന്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Print Friendly, PDF & Email

Related News

Leave a Comment