ബാറുകള്‍ പൂട്ടിയപ്പോള്‍ ‘കുടുംബ ബാറുകള്‍’ കൂടിയെന്ന് എ.കെ. ആന്റണി

ak-antonyതിരുവനന്തപുരം: ബാറുകള്‍ പൂട്ടിയതോടെ കേരളത്തില്‍ കുടുംബ ബാറുകള്‍ വര്‍ധിച്ചുവെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി. കുടുംബ ബാറുകളുടെ എണ്ണം 30 ശതമാനം വര്‍ധിച്ചതായാണു സര്‍വെ റിപ്പോര്‍ട്ടുകള്‍. ഇതു നല്‍കുന്നത് അപകട സൂചനയാണ്. ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നതു കുടുംബങ്ങള്‍ ഒന്നടങ്കം നശിക്കുന്നതിനു കാരണമാകും. അതിനാല്‍, വര്‍ധിച്ചുവരുന്ന മദ്യപാനാസക്തിക്കെതിരേ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും ആന്‍റണി.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍റെ മദ്യപാനാസക്തി പെട്ടെന്നു കുറയ്ക്കാനാവില്ല. ഇതിനു സര്‍ക്കാര്‍ നടപടികള്‍ മാത്രം പോരാ. അതിനു പരിമിതികളുണ്ട്. സംഘടിതമായ ബോധവത്ക്കരണം ആവശ്യമുള്ള മേഖലയാണിത്. അതിനാല്‍, സര്‍വീസ് സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന്‍റെ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കേരളത്തില്‍ കുടുംബ ബന്ധങ്ങള്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്നു. വിവാഹമോചനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. സന്തുഷ്ടമായ കുടുംബ ജീവിതം ഇല്ലാതാവുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബാന്തരീക്ഷം കേരളത്തിലേക്ക് അതിവേഗം കടന്നു വരുന്നു. ഇത്തരം പ്രവണതയ്ക്കു പരിഹാരം കാണാന്‍ സര്‍വീസ് സംഘടനകള്‍ രംഗത്തിറങ്ങണം. സന്തുഷ്ട കുടുംബം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂടി ഈ ദൗത്യത്തിന്‍റെ ഭാഗമാകണം.

ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ശുചിത്വമുള്ള തലസ്ഥാനം തിരുവനന്തപുരമായിരുന്നു. ഇന്നു പലവിധ മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് ഈ നഗരമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തിന്‍റെ ജനപ്രതിനിധിയും ആരോഗ്യമന്ത്രിയുമായ വി.എസ്. ശിവകുമാറിനെ വേദിയിലിരുത്തിയായിരുന്നു ആന്‍റണിയുടെ ഈ വിമര്‍ശനം.

Print Friendly, PDF & Email

Leave a Comment