കടല്‍ക്ഷോഭം: കേരളത്തില്‍ അതീവജാഗ്രത

ccccccതിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്.

ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വീശുന്ന ശക്തമായ കാറ്റാണ് കടല്‍ക്ഷോഭത്തിന് കാരണം. രണ്ടു ദിവസമായി തെക്കന്‍ ജില്ലകളില്‍ വീശുന്ന കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഉത്തര കേരളത്തിലേക്കും വ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ഉത്തരമേഖലയിലും കടല്‍ക്ഷോഭം ശക്തിയാര്‍ജിക്കും.

ഞായറാഴ്ച രാവിലെ മുതല്‍ മലബാര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. ഇതു കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. അതേസമയം, രണ്ടുദിവസമായി സംസ്ഥാന വ്യാപകമായി പെയ്ത മഴയില്‍ കനത്ത നാശനഷ്ടമുണ്ടായതായി ലാന്‍ഡ് റവന്യൂ കമീഷണര്‍ അറിയിച്ചു. കടല്‍ക്ഷോഭത്തിനുള്ള സാധ്യത കണക്കിലെടുത്ത് റവന്യൂ ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താനും അവധിയിലുള്ള ഉദ്യോഗസ്ഥരോട് ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടുദിവസമായി പെയ്യുന്ന മഴ അടുത്ത 24 മണിക്കൂര്‍ ശക്തമായി തുടരും. ചൊവ്വാഴ്ച രാവിലെ വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴക്ക് സാധ്യതയുണ്ട്. കേരളത്തിനും ലക്ഷദ്വീപ് തീരത്തിനുമിടയില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴി തുടരുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ ശക്തമായ ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മിന്നലിന് സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment