അഴിമതിവിരുദ്ധ പ്രസ്താവന ആരെയും ലക്ഷ്യംവെച്ചല്ല- ആന്റ‌ണി

A.K-ANTONY-sadആലപ്പുഴ: അഴിമതിവിരുദ്ധ പ്രസ്താവന നടത്തിയത് സര്‍ക്കാറിനെയോ വ്യക്തികളെയോ ലക്ഷ്യം വെച്ചല്ലന്ന് എ.കെ. ആന്‍റണി. കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അനഭിലഷണീയ ദുഷ്‌പ്രവണതകള്‍ തുറന്നുപറയുകയാണ് ചെയ്തത്. എല്ലാവര്‍ക്കും അറിയാവുന്ന സത്യം താന്‍ പറഞ്ഞെന്നെയുള്ളൂ.

കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ ജീര്‍ണത ശക്തിപ്പെട്ടിരിക്കുന്നു. അത് ചൂണ്ടിക്കാട്ടുമ്പോള്‍ വരികള്‍ക്കിടയില്‍ നിന്ന് വ്യാഖ്യാനം വേണ്ട. ആന്തരാര്‍ഥങ്ങള്‍ അതിനില്ല. കേരളീയ സമൂഹത്തിന്‍െറ സന്തോഷവും സന്തുഷ്ടിയും ഇല്ലാതാക്കുന്ന പ്രവണതകളില്‍ തനിക്ക് നിരാശയും ദുഃഖവുമുണ്ട്. പ്രധാനമായും വിവാഹമോചന കേസുകള്‍ കേരളത്തില്‍ കൂടിവരുന്നു. വിദ്യാസമ്പന്നരുടെ ഇടയിലാണ് ഇത് കൂടുതല്‍. ഇതേക്കുറിച്ച് ഇവിടെ ചര്‍ച്ച നടക്കുന്നില്ല. ബംഗളൂരുവിലെ കുടുംബക്കോടതിയില്‍ പോലും ഇത്തരം കേസുകളില്‍ കൂടുതലും മലയാളി കുടുംബങ്ങളുടേതാണ്. കുടുംബഭദ്രതക്ക് ഒരുവിലയും കല്‍പിക്കുന്നില്ല. ഡല്‍ഹി മലയാളികളിലും ഇത് കൂടുതലാണ്.

മദ്യപാനം സാര്‍വത്രികമായി. അതിനെതിരെ ശബ്ദം ഉയരുമ്പോഴും ശീലത്തിന് കുറവില്ല. മറ്റൊരു വിഷയമാണ് അഴിമതി. എല്ലാവര്‍ക്കുമറിയാം അഴിമതി ഇന്ന് എല്ലാതലത്തിലും ഉണ്ടെന്ന്. വിദ്യാര്‍ഥി പ്രവേശത്തിലും അധ്യാപക നിയമനങ്ങളിലും വന്‍ കോഴയാണ് കൊടുക്കേണ്ടിവരുന്നത്. അത് ചര്‍ച്ചാവിഷയമേ ആകുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ മേഖലയിലും അഴിമതി കൊടികുത്തി വാഴുന്നു. സഹകരണ രംഗത്തെ അഴിമതി താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് അവിടത്തെ നിയമനം പി.എസ്.സിക്ക് വിട്ടത്. ഇത്തരം വിഷയങ്ങള്‍ ഇടക്കൊക്കെ ഓര്‍മിപ്പിക്കണം.

എന്നാല്‍, സര്‍ക്കാര്‍ മോശമാണെന്നോ ഏതെങ്കിലും വ്യക്തി അഴിമതിക്കാരനാണെന്നോ അല്ല താന്‍ ഉദ്ദേശിച്ചത്. അഴിമതിയുടെ കാര്യത്തില്‍ ഭരണക്കാരെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. കുടുംബവും സമൂഹവും നന്നായെങ്കിലെ നാട് നന്നാകൂ. നേട്ടങ്ങള്‍ പറയുമ്പോള്‍ ഒപ്പം ജീര്‍ണതയും കാണണം. താന്‍ ഒരിക്കലും ചിന്തിക്കാത്തതാണ് അഴിമതി പ്രസ്താവനയുടെ പേരില്‍ പ്രചരിച്ചത്. ബാര്‍ കോഴക്കേസ് അന്വേഷണ പരിധിയിലെ വിഷയമാണ്. അതിന് ഉത്തരം പറയാന്‍ താന്‍ കോടതിയല്ലന്നും ആന്‍റണി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment