ആരാച്ചാര്‍ നോവലിന്‍െറ പുതിയ കോപ്പി 55000 രൂപക്ക് ലേലം ചെയ്തു

aarachar bookകോട്ടയം: കെ.ആര്‍. മീരയുടെ ആരാച്ചാര്‍ നോവലിന്‍െറ 50,000ാമത്തെ കോപ്പി 55,000 രൂപക്ക് ലേലം ചെയ്തതായി ഡി.സി ബുക്സ് എം.ഡി രവി ഡി.സിയും കെ.ആര്‍. മീരയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അബൂദബിയില്‍ ജോലി ചെയ്യുന്ന മലയാളിയായ ബഷീര്‍ ഷംനാദാണ് പുസ്തകം ലേലം വിളിച്ചത്.

ഒറ്റ പ്രതി മാത്രം അച്ചടിക്കുന്ന ഈ പ്രത്യേക പതിപ്പിന്‍െറ കവര്‍ ഡിസൈന്‍ ചെയ്തത് റിയാസ് കോമുവാണ്. ഈ കവര്‍ ഈ പുസ്തകത്തിന് മാത്രമേ ഉണ്ടാകൂ. പുസ്തകത്തിനൊപ്പം കവര്‍ അച്ചടിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകള്‍ കൂടി റിയാസ് കോമുവിന്‍െറ ഒപ്പോടെ ബഷീര്‍ ഷംനാദിന് സമ്മാനിക്കും.

പാര്‍ച്മെന്‍റ് പേപ്പറില്‍ അച്ചടിച്ച കൃതിയുടെ തുടക്കവും ഒടുക്കവും കെ.ആര്‍. മീരയുടെ കൈയക്ഷരത്തിലാണുള്ളത്. ലതര്‍ ബൗണ്ട് ചെയ്ത പ്രത്യേക പതിപ്പില്‍ എഴുത്തുകാരിയുടെ കൈയൊപ്പുമുണ്ട്. പ്രശസ്ത ചിത്രകാരന്‍ ഭാഗ്യനാഥ് നോവലിനു വേണ്ടി ചെയ്ത പെയ്ന്‍റിങ്ങുകളുടെ 32 കളര്‍ പ്ലേറ്റുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരാച്ചാര്‍ 50,000 കോപ്പി തികഞ്ഞതിന്‍െറ ആഘോഷം ഈമാസം 23ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടക്കും. ചടങ്ങില്‍ നടന്‍ മധു പ്രത്യേക പതിപ്പ് ബഷീര്‍ ഷംനാദിനായി സാമൂഹിക പ്രവര്‍ത്തക അജിതക്ക് കൈമാറും. ലേലത്തുകയായ 55,000 രൂപ സന്നദ്ധ സംഘടനയായ അഭയക്കുവേണ്ടി സുഗതകുമാരി സ്വീകരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment