Flash News

സഞ്ചാര വിശേഷങ്ങള്‍ – 3: സിംഹപുരിയില്‍ ഒരു വാരം (സരോജ വര്‍ഗീസ്സ്‌, ന്യൂയോര്‍ക്ക്‌)

May 22, 2015 , സരോജ വര്‍ഗീസ്സ്‌

simha titleഓര്‍മ്മകളില്‍ നീലക്കുറിഞ്ഞിയും, വരയാടുകളും, മൂന്നാറിന്റെ കുളിര്‍മ്മയും വിട്ട്‌പോകാതെ നില്‍ക്കുമ്പോഴാണു സിംഗപ്പൂര്‍/മലേഷ്യ സന്ദര്‍ശനം ഒത്ത്‌ വന്നത്‌. നെടുമ്പാശ്ശേരിയില്‍നിന്നും ആറു മണിക്കൂര്‍കൊണ്ട്‌ പറന്നെത്താവുന്ന സിംഗപ്പൂര്‍ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നവിധത്തില്‍ കലാഭംഗിയോടേയും, ശുചിത്വം പാലിച്ചുകൊണ്ടും നിലകൊള്ളുന്നു. അംബരചുംബികളായ കെട്ടിടങ്ങള്‍ വാസ്തുകലയുടെ എല്ലാ മനോഹാരിതയും പ്രദര്‍ശിപ്പിക്കുന്നു.സാരി ചുറ്റിയ ഭാരതീയ വനിതകളും, പര്‍ദ്ദ ധരിച്ച സ്ത്രീകളും, ഉയരം കൂടിയ ഉപ്പുറ്റിയുള്ള ചെരിപ്പുകള്‍ ധരിച്ച ചൈനക്കാരും തിങ്ങിനിറഞ്ഞ നിരത്ത്‌ ഒരു അന്തര്‍ദ്ദേശീയ സ്വഭാവം പ്രകടിപ്പിച്ചിരുന്നു. നാനാവിധത്തിലുള്ള മനുഷ്യര്‍, അവരുടെ വസ്ത്രങ്ങളുടെ ഏഴു നിറങ്ങളില്‍ നിന്നുതിരുന്ന ബഹുശതം വര്‍ണ്ണങ്ങള്‍, അവര്‍ പാലിക്കുന്ന അച്ചടക്കവും മര്യാദകളും. ഇത്‌ ഞാന്‍ കാണാന്‍ കാത്തിരുന്ന നഗരം തന്നെയെന്ന്‌ എന്റെ മനസ്സ്‌ മന്ത്രിച്ചു. ഞങ്ങളെ എതിരേല്‍ക്കാന്‍ ടൂറിസം വകുപ്പയച്ച കാര്‍ വന്നിരുന്നു. മലയാളികള്‍ എത്താത്ത സ്‌ഥലമില്ലെന്നു പറയുന്നപോലെ ഇന്ത്യക്കാര്‍ എത്താത്ത സ്‌ഥലവും ഈ ഭൂമുഖത്തുണ്ടാകയില്ല. കാറുമായി വന്ന ഡ്രൈവര്‍ ഇന്ത്യക്കാരനായിരുന്നു. അയാള്‍ ധാരാളം സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ അവിടെ ഇറങ്ങിയ സമയം പ്രഭാതമായിരുന്നു. മനോഹരമായ തെരുവീഥികള്‍ക്ക്‌ ഇരുവശവും കണ്ണിനു ആനന്ദം പകരുന്ന ചെടികളും പൂക്കളും. കൂടാതെ നിരത്തിന്റെ മദ്ധ്യഭാഗത്തായി പാതകളെ വേര്‍തിരിച്ചുകൊണ്ട്‌ പനകളും വളര്‍ന്ന്‌ നില്‍ക്കുന്നു. അമേരിക്കയില്‍ വളരെ കാലം ജീവിച്ചിട്ടും വൃത്തിയായി സൂക്ഷിക്കുന്ന ഇവിടത്തെ നിരത്തുകള്‍ കണ്ടിട്ടും അവിടെയുള്ള പാതകളും പച്ചപ്പും എന്തൊരു ആനന്ദമാണു നല്‍കിയത്‌.

09സിംഗപ്പൂര്‍ എന്ന പേരു വന്നത്‌ മലയ ഭാഷയിലെ സിംഹപുര എന്ന വാക്കില്‍നിന്നാണു. ഈ വാക്കിന്റെ ഉത്ഭവം സംസ്‌കൃതമാണ്. സിംഗ (ഹ) എന്നാല്‍ സിംഹം എന്നും പുര എന്നാല്‍ പട്ടണമെന്നും ആ ഭാഷയില്‍ അര്‍ത്ഥമുണ്ട്‌. തമിഴ് സംസാരിച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള ചോള രാജാക്കന്മാരുടെ സ്വാധീനം മൂലമാണീ പേരു വന്നത്‌ എന്ന്‌ വിശ്വസിച്ചു വരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഈ നഗരം സ്‌ഥാപിച്ച ശ്രീ വിജയന്‍ സിംഗ്‌ നിലഉത്മ അവിടെ ചെന്നപ്പോള്‍ ഒരു സിംഹത്തെ കണ്ടെന്നും അതുകൊണ്ടാണീ പേരു വന്നതെന്നും പറയുന്നുണ്ട്‌. എന്നാല്‍ സിംഹം ആ കാലത്ത്‌ അവിടെയില്ലായിരുന്നുവെന്ന്‌ ചരിത്രം കണ്ടെത്തുന്നു. എന്തായാലും “സിംഹപുരി” എന്ന സംസ്‌‌കൃത പദം പരക്കെ സിംഗപ്പൂര്‍ ആയി അറിയപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലെ ഭാഷയായ സംസ്‌കൃതത്തില്‍ നിന്നാണു ആ വാക്കുണ്ടായത്‌ എന്ന്‌ നമുക്കൊക്കെ അഭിമാനിക്കാം. അവിടെ ഒരു വാരം താമസിക്കാന്‍ സൌഭാഗ്യമുണ്ടായത്‌ വളരെ സന്തോഷം നല്‍കുന്നു. ഒരു ആഴ്‌ച്ചകൊണ്ട്‌ കണ്ടുതീര്‍ക്കാവുന്ന ഒരു നഗരവും പരിസരവുമല്ല അതെന്ന്‌ ബോദ്ധ്യമുണ്ടായിട്ടും കാണാന്‍ കഴിയുന്നത്‌ കാണുക എന്ന സഞ്ചാരികളുടെ അതേ ചിന്തയില്‍തന്നെ ഞാനും എന്റെ കൂട്ടുകാരും ആശ്വസിച്ചു.

01സിംഗപ്പൂരിന്റെദേശീയ ചിഹ്നം ഒരു സിംഹതലയും അതിന്റെ വായില്‍നിന്നും പീച്ചാംകുഴലില്‍നിന്നെന്നവണ്ണം ഒഴുകി വീഴുന്ന ജലപ്രവാഹവുമാണു്‌. മത്സ്യത്തിന്റെ ഉടലിലാണു സിംഹത്തിന്റെ തല സ്‌ഥാപിച്ചിട്ടുള്ളത്‌. ഈ സിംഹതല അല്‍പ്പം ഇടത്തോട്ട്‌ ചരിഞ്ഞാണു കാണപ്പെടുന്നത്‌. കൂടുതല്‍ പുരോഗമനപരമായ സ്വാഭാവികത്വം പ്രകടിപ്പിക്കാന്‍ തല വലത്തോട്ട്‌ ചരിയണമെന്ന്‌ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായമുണ്ടാകുകയുണ്ടായി. എന്നാല്‍ അത്‌ മാറ്റുവാന്‍ നീക്കങ്ങള്‍ ഉണ്ടായില്ല. സിംഹതല നിര്‍ഭയത്തത്തിന്റേയും, ദൃഢതയുടേയും, ഉല്‍കൃഷ്ടതയുടേയും പ്രതീകമായി നിലകൊള്ളുന്നു.

സിംഗപ്പൂര്‍ നഗരം ചുറ്റിയടിക്കാന്‍ ടൂറിസം വക ബസ്സുകള്‍ ഓടുന്നുണ്ട്‌. സന്ദര്‍ശകര്‍ ഓരോ സ്‌ഥലത്തും ഇറങ്ങി കാഴ്‌ച്ചകള്‍ കണ്ട്‌ വീണ്ടും അത്തരം ബസ്സുകളില്‍ കയറി അടുത്ത സ്‌ഥലത്തേക്ക്‌ യാത്ര ചെയ്യുന്നു. ഇത്തരം ബസ്സുകള്‍ നഗരവീഥികളിലൂടെ കറങ്ങികൊണ്ടിരിക്കും. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള സീറ്റുകളില്‍ ഇരുന്ന്‌ നഗരത്തിന്റെ തിക്കും തിരക്കും കണ്ടുള്ള യാത്ര അവിസ്‌മരണീയമാണു്‌. എത്രയോ അച്ചടക്കത്തോടും ശ്രദ്ധയോടുമാണു ഈ വാഹന സൌകര്യം ടൂറിസം വകുപ്പ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സഞ്ചാരികളുടെ സൌകര്യം തന്നെ അവരുടെ സന്തോഷം. അതേപോലെതന്നെ കുറച്ചു ദൂരം കരയിലൂടെ ഓടിയതിനു ശേഷം ബസ്സ്‌ ബോട്ടായി മാറിക്കൊണ്ട്‌ നദിയിലൂടെ ചുറ്റിക്കറങ്ങി സഞ്ചാരികളെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നത് ഇവിടത്തെ ഒരു ആകര്‍ഷണമാണ്‌.

06541 അടി ഉയരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള യന്ത്ര ഊഞ്ഞാല്‍ (Ferris Wheel) ആണു്‌ ഇവിടത്തെ മറ്റൊരു ആകര്‍ഷണം. ഇതിനെ സിംഗപ്പൂര്‍ ഫ്ലയര്‍ എന്നാണു പറയുന്നത്‌. ലാസ്‌വാഗസ്സില്‍ നിര്‍മ്മിച്ച യന്ത ഊഞ്ഞാല്‍ ഉണ്ടാകുന്നത്‌വരെ ഇത്‌ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യന്ത്ര ഊഞ്ഞാല്‍ എന്നു കണക്കാക്കപ്പെട്ടിരുന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ഇരുപത്തിയെട്ട്‌ ക്യാപ്‌സൂളുകളില്‍ ഇരുപത്തിയെട്ട്‌ യാത്രക്കാര്‍ക്ക്‌ സഞ്ചരിക്കാവുന്ന വിധമാണ് ഇതിന്റെ സംവിധാനം. ഇതിലിരുന്ന്‌കൊണ്ട്‌ സിംഗപ്പൂര്‍ നഗരത്തിന്റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാവുന്നതാണു്‌. അര മണിക്കൂര്‍ യാത്രക്ക്‌ 33 സിംഗപ്പൂര്‍ ഡോളറാണു യാത്രക്കാരില്‍ നിന്നും വാങ്ങുന്നത്‌. നമ്മള്‍ മലയാളികളുടെ പൂരങ്ങളിലും ഉത്സവങ്ങളിലും യന്ത്ര ഊഞ്ഞാലില്‍ ഇരുന്ന ഓര്‍മ്മകള്‍ നവീനമായ രീതിയില്‍ നിര്‍മ്മിച്ച ഇതിന്റെ വിശാലമായ കൊച്ചു പേടകങ്ങളിലിരുന്ന്‌ അയവിറക്കാം.

12ഉള്‍ക്കടലിനരികില്‍ ഒരു ഉദ്യാനം (Gardens by the Bay) സഞ്ചാരികളെ വളരെ ആനന്ദിപ്പിക്കുന്ന ഒന്നാണു്‌. മെറീന ഉള്‍കടലിനരികെ നിര്‍മ്മിച്ച ഈ പൂന്തോട്ടം കൊണ്ട്‌ സിംഗപ്പൂര്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌ പൂന്തോട്ടങ്ങളുടെ നഗരിയെന്ന പേരില്‍ നിന്നും പൂന്തോട്ടത്തില്‍ ഒരു നഗരി എന്ന പരിവര്‍ത്തനമാണു്‌. ഉള്‍ക്കടലിനരികില്‍ ഒരു ഉദ്യാനം സഞ്ചാരികളെ വളരെ ആനന്ദിപ്പിക്കുന്ന ഒന്നാണു്‌. എഴുപത്തിയൊമ്പത്‌ ഏക്കറിലാണു ഈ ഉദ്യാനം സ്‌ഥിതി ചെയ്യുന്നത്. മറീന ഉള്‍ക്കടലിനു കസവ്‌ തുന്നിയ പോലെ ഈ പൂന്തോട്ടത്തിന്റെ മുന്നിലൂടെ ഉല്ലാസ നടത്തത്തിനായി രണ്ട്‌ കിലൊമീറ്ററോളം ദൂരത്തില്‍ ഒരു നടപ്പാതയുണ്ട്‌. ജീവിതത്തിന്റെ മുഷിപ്പും ഏകാന്തതയും ഒരു പരിധിവരെ ഒഴിവാക്കാന്‍ വിനോദസഞ്ചാരങ്ങള്‍ സഹായിക്കുന്നു. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് തീര്‍ക്കുന്ന വിസ്‌മയങ്ങള്‍ കാണുന്നത്‌ ഒരനുഭൂതിയാണു്‌. നഗരവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുവാനും അവര്‍ക്ക്‌ പ്രകൃതിദത്തമായ പച്ചപ്പും, പൂക്കള്‍ വിടര്‍ന്ന്‌ നില്‍ക്കുന്ന സസ്യജാലങ്ങളുടെ സാമീപ്യവും നല്‍കാന്‍ ഇത്തരം ഉദ്യാനങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ അവിടത്തെ ഗവണ്‍മന്റ്‌ വിശ്വസിക്കുന്നു.

07ഇതിനകത്താണു ക്ലൌഡ്‌ ഫോറസ്റ്റ് ഒരുക്കിയിട്ടുള്ളത്‌. ഇവിടേക്ക്‌ എത്തിച്ചേരാന്‍ എലിവേറ്ററുകളുണ്ട്‌. ഇറങ്ങിവരുന്നതിനായി വൃത്താകൃതിയിലുള്ള പാതകള്‍ ഉണ്ട്‌. അതിലൂടെ ഇറങ്ങി വരുമ്പോള്‍ സഞ്ചാരികള്‍ക്ക്‌ കുളിരു പകര്‍ന്ന്‌കൊണ്ട്‌ അടുത്തുള്ള വെള്ളച്ചാട്ടങ്ങളുടെ പൊട്ടിച്ചിരികളുണ്ട്‌. നീഹാരം തിങ്ങി നില്‍ക്കുന്ന ഒരു അഭൌമ ഭംഗിയാണീ കൃത്രിമ കാടുകള്‍ നല്‍കുന്നത്‌. ഇവിടെ മറ്റു ചെടികളെ ചുറ്റിപ്പടര്‍ന്ന്‌കൊണ്ട്‌ എന്നാല്‍ ഇത്തിക്കണ്ണികളാകാത്ത അനവധി സസ്യജാലങ്ങളെ കാണാം.

സിംഗപ്പൂരിലെ മൃഗശാല സഞ്ചാരികള്‍ക്കായി പല വിനോദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌. മൃഗങ്ങള്‍ക്ക്‌ മേയാന്‍ വിശാലമായ സ്‌ഥലമുണ്ട്‌. ദുഷ്‌ട മൃഗങ്ങളെ ചുറ്റും കിടങ്ങുകള്‍ ഉണ്ടാക്കി സംരക്ഷിച്ചുവരുന്നു. ഇവിടത്തെ ഏറ്റവും മുഖ്യമായ കാഴ്‌ച്ച ഉരങ്ങ്‌ – ഹുട്ടന്‍ എന്ന കുരങ്ങാണു്‌. മനുഷ്യകുരങ്ങുകളില്‍നിന്ന്‌ വ്യത്യ്‌സ്തമായി ഇവക്ക്‌ ദേഹമാസകലം ചെമ്പിച്ച രോമങ്ങളാണുള്ളത്‌. ഇവ എപ്പോഴും മരത്തില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വാക്കുണ്ടായത്‌ മലയയും ഇന്‍ഡൊനേഷ്യന്‍ ഭാഷയും കൂടികലര്‍ന്നാണു. ഉരങ്ങ്‌ എന്നാല്‍ വ്യക്തി, ഹുട്ടന്‍ എന്നാല്‍ കാട്‌. കാട്ടില്‍ വസിക്കുന്നവന്‍ എന്നാണത്രെ ഈ വാക്കിന്റെ അര്‍ത്ഥം.സിംഗപ്പൂര്‍ മൃഗശാലയില്‍ സഞ്ചാരികള്‍ക്ക്‌ ആനപ്പുറത്ത്‌ കയറി ഒരു സവാരി വേണമെങ്കില്‍ അതിനുള്ള സൌകര്യങ്ങള്‍ ഉണ്ട്‌. മുന്നൂറോളം ജാതി വിവിധ മൃഗങ്ങളും, ഇഴജന്തുക്കളും, പക്ഷികളുമൊക്കെ അവിടെയുണ്ട്‌.

03ഉരങ്ങ്‌ ഹുട്ടനു സംസാരിക്കാനുള്ള ശേഷിയില്ലെങ്കിലും ചില ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കും. നമുക്ക്‌ അത്‌ ചിലപ്പോള്‍ മനുഷ്യ ഭാഷയായി തോന്നാം. ഇവിടെയുള്ള ഒരു കുരങ്ങന്‍ അതെപോലെ കാണികളോട്‌ ആപ്പിള്‍ വേണോ എന്ന്‌ ചോദിച്ചത്‌ മറ്റ്‌ സഞ്ചാരികള്‍ക്ക്‌ വളരെ ഹരമായി. മൃഗശാലക്കടുത്തുള്ള ഫയര്‍ ഷോ ആവേശഭരിതമാണു്‌. ഏതൊ ഒരു ദ്രാവകം വായക്കകത്താക്കി പ്രദര്‍ശനക്കാര്‍ അത്‌ ഒരു പന്ത്‌ രൂപത്തില്‍ തുപ്പി തീ ഗോളങ്ങളുണ്ടാക്കുന്ന കാഴ്‌ച്ച ശ്വാസം അടക്കിപ്പിടിച്ചിരുന്നേ കാണാന്‍ കഴിഞ്ഞുള്ളു. ഉപജീവനത്തിനായി മനുഷ്യര്‍ എന്തൊക്കെ ചെയ്യുന്നു. മറ്റ്‌ സഞ്ചാരികള്‍ സന്തോഷത്തിന്റെ ആര്‍പ്പ്‌ വിളികള്‍ മുഴക്കുമ്പോള്‍ എന്റെ കരള്‍ നോവുകയായിരുന്നു. ഈ ജീവിതമെന്ന കടങ്കഥ ചോദിച്ചും ഉത്തരം പറഞ്ഞു മനുഷ്യരാശി മുന്നോട്ട്‌ പ്രയാണം തുടരുന്നു.

മെറിന ഉള്‍ക്കടലില്‍ നിര്‍മ്മിച്ചിരിക്കുന്ന പൊങ്ങി കിടക്കുന്ന മൈതാനം (Floating Stadium) സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കൌതുകമാണു്‌. കടലില്‍ പൊങ്ങി കിടക്കുന്ന ഈ മൈതാനം അഴിച്ചെടുത്ത്‌ മാറ്റാവുന്നതും വീണ്ടും കൂട്ടിചേര്‍ക്കാവുന്നതുമാണു്‌. മൌണ്ട്‌ ഫാബേര്‍ എന്ന 344 അടി ഉയരമുള്ള കുന്ന്‌ സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ ആകര്‍ഷണമാണു്‌. ഇതിന്റെ മുകളില്‍ നിന്ന്‌ നോക്കിയാല്‍ 04സിംഗപൂര്‍ നഗരത്തിന്റെ ഒരു സമ്പൂര്‍ണ്ണ കാഴ്‌ച്ച സാദ്ധ്യമാണു്‌. ഇവിടെ നിന്നും സെന്റോസ എന്ന വിനോദ സഞ്ചാരികളുടെ താവളത്തിലേക്ക്‌ ക്യേബിള്‍ കാര്‍ യാത്ര ക്രമീകരിച്ചിട്ടുണ്ട്‌. സെന്റോസ എന്ന ദ്വീപിന്റെ പേരും നമ്മുടെ സംസ്കൃത പദമായ സന്തോഷില്‍ നിന്നാണു്‌.

കാഴ്‌ച്ചകളുടെ ഉത്സവം അങ്ങനെ അവസാനിക്കുകയാണു്‌. സിംഹ നഗരിയിലെ ഒരു വാരം പെട്ടെന്ന്‌ കഴിഞ്ഞു. പുതുമകള്‍ കാണാനുള്ളപ്പോള്‍ ജീവിതത്തിന്റെ നാഴിക സൂചികള്‍ നീങ്ങി പോകുന്നത്‌ നമ്മള്‍ അറിയുന്നില്ല. ഹൃദയാവര്‍ജ്ജകമായ കുറെ ഓര്‍മ്മകള്‍ ഈ നഗരം സമ്മാനിച്ചു. കണ്ടതെല്ലാം എഴുതിയോ, കാണാന്‍ ബാക്കി വെച്ചതിനെക്കുറിച്ച് എഴുതിയോ എന്ന്‌ ചോദിച്ചാല്‍ കണ്ടതെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്നവയായിരുന്നു എന്നേ പറയാന്‍ കഴിയൂ. ഇനി അടുത്ത രാജ്യമായ മലേഷ്യയിലേക്ക്‌ പറക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്യാനുണ്ട്‌. അവിടത്തെ വിശേഷങ്ങളുമായി വീണ്ടും കാണാം.

(തുടരും)

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top