വിഴിഞ്ഞം പദ്ധതി സുതാര്യമായി നടപ്പാക്കണം

vm sudheeran_0_10തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തി സുതാര്യമായി ഉടന്‍ നടപ്പാക്കണമെന്ന് കെ.പി.സി.സിയുടെ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു. മലബാര്‍ സിമന്‍റ്സിലെ അഴിമതി സി.ബി.ഐ അന്വേഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിഴിഞ്ഞം സംബന്ധിച്ച് ചില സംശയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് മുതലെടുപ്പ് നടത്താനും ജനങ്ങളില്‍ തെറ്റിദ്ധാരണ വളര്‍ത്താനും സഹായകമായ ഒരു അവസരവും നല്‍കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തോടെ എല്ലാ സംശയങ്ങളും എല്ലാവര്‍ക്കും മാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വ്യക്തമാക്കി.

മലബാര്‍ സിമന്‍റ്സിലെ അഴിമതി സംബന്ധിച്ച എല്ലാ കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി നേരത്തേ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ നിലപാടില്‍ത്തന്നെയാണ് പാര്‍ട്ടി. നിയമവിദഗ്ധരുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കണം.

സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക തുക എത്രയുംവേഗം കൊടുക്കാനും കണ്‍സ്യൂമര്‍ഫെഡിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും നടപടിയെടുക്കണം. തൃശൂരിലെ ജനതാദള്‍-യു നേതാവ് ദീപക്കിന്‍െറ കൊലപാതകത്തെക്കുറിച്ച അന്വേഷണം ഐ.ജിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കണം.

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ സി.പി.എം സംസ്ഥാന നേതൃത്വം പരസ്യമായി ശാസിച്ച സംഭവം അത്ഭുതകരമാണ്. അഴിമതിക്കെതിരെ പറഞ്ഞ അച്യുതാനന്ദനെ ശാസിക്കുകയും അഴിമതി നടത്തിയയാളെ സംരക്ഷിക്കുകയുമാണ് സി.പി.എം. ഇതോടെ അഴിമതിയോടുള്ള അവരുടെ സമീപനം വ്യക്തമായെന്നും സുധീരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment