മേയറുടെ നേതൃത്വത്തിലുള്ള ഹൂസ്റ്റണ്‍ സംഘത്തിന്‌ ഡല്‍ഹിയില്‍ സ്വീകരണം

a3
യു.എസ്‌ അംബാസിഡര്‍ റിച്ചാര്‍ഡ്‌ വര്‍മ, ഹൂസ്റ്റണ്‍ മേയര്‍ ആനിസ്‌ പാര്‍ക്കര്‍, മേയറുടെ ഇന്റര്‍നാഷണല്‍ ട്രേഡ്‌ കമ്മീഷന്റെ സൗത്ത്‌ ഏഷ്യ ചെയര്‍പേഴ്‌സണ്‍, റേച്ചല്‍ വര്‍ഗീസ്‌ എന്നിവര്‍ ഡല്‍ഹി താജ്‌ ഹോട്ടലില്‍ നല്‍കിയ സ്വീകരണത്തില്‍.

ഹൂസ്റ്റണ്‍ മേയര്‍ ആനിസ്‌ പാര്‍ക്കറുടെ നേതൃത്വത്തില്‍ ഇന്ത്യയിലെത്തിയ സംഘത്തിന്‌ ഡല്‍ഹി താജ്‌ ഹോട്ടലില്‍ സ്വീകരണം നല്‍കി. ഇന്ത്യയിലെ യു.എസ്‌ അംബാസിഡര്‍ റിച്ചാര്‍ഡ്‌ വര്‍മയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മുംബൈയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ്‌ സംഘം ഡല്‍ഹിയില്‍ എത്തിയത്‌. അമേരിക്കയിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സംസ്ഥാനമായ ഹൂസ്റ്റണിലേക്ക്‌ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാഴ്‌ചത്തെ സന്ദര്‍ശത്തിനായാണ്‌ മേയറുടെ നേതൃത്വത്തില്‍ മുപ്പതംഗ വിദഗ്‌ധ സംഘം ഇന്ത്യയിലെത്തിയത്‌.

അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണിലാണ്‌ അമേരിക്കയിലെ മൂന്നാമത്തെ വലിയ വിമാനത്താവളവുമുള്ളത്‌. മാത്രമല്ല, ഇവിടുത്തെ പ്രധാന വ്യവസായ മേഖലകളായ ആരോഗ്യം, ഐ. ടി, സ്‌പേസ്‌ ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ മലയാളി സാന്നിധ്യം നിരവധിയാണ്‌. ഹൂസ്റ്റണിലെ ആശുപത്രികളിലെ നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്‌. അതുകൊണ്ടു തന്നെ ഇന്ത്യയും ഹൂസ്റ്റണും തന്മില്‍ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ്‌ യാത്രയുടെ പ്രധാന ഉദ്ദേശ്യമെന്ന്‌ ഡല്‍ഹിയിലെത്തിയ ആനിസ്‌ പാര്‍ക്കര്‍ പറഞ്ഞു.

മുംബൈയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയില്‍ എത്തിയ സംഘം അംബാസിഡര്‍ റിച്ചാര്‍ഡ്‌ വര്‍മയുമായും വ്യോമയാനം, പെട്രോളിയം ആന്‍ഡ്‌ ഗ്യാസ്‌, വാണിജ്യം, വ്യവസായം, മാനവ വിഭവശേഷി വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായും ചര്‍ച്ച നടത്തി. ഏകദേശം അറുനൂറോളം യാത്രക്കാര്‍ പ്രതിദിനം ഹൂസ്റ്റണില്‍ നിന്ന്‌ ഇന്ത്യയിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നുണ്ട്‌. അവര്‍ക്കായി ഇന്ത്യയില്‍ നിന്ന്‌ ഹൂസ്റ്റണിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വ്വീസ്‌ നടത്തണമെന്ന്‌ വ്യോമയാന മന്ത്രിയോട്‌ സംഘം ആവശ്യപ്പെട്ടു. മാത്രമല്ല, നേരിട്ടുള്ള വിമാനം വന്നാല്‍ യാത്രക്കാര്‍ക്ക്‌ വളരെയധികം സമയം ലാഭിക്കാന്‍ കഴിയുമെന്നും ഇത്‌ പല ബിസിനസിനും സഹായകരമാകുമെന്നും സംഘം ചൂണ്ടിക്കാട്ടി. ഗ്യാസ്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യ ലിമിറ്റഡിന്റെ സാരഥികളുമായും സംഘം കൂടിക്കാഴ്‌ച നടത്തി.

റിലയന്‍സും ടാറ്റയുമടക്കം എഴുനൂറിലധികം ഹൂസ്റ്റണ്‍ കമ്പനികള്‍ക്ക്‌ ഇന്ത്യയുമായി വാണിജ്യ ബന്ധമുണ്ട്‌. ഹൂസ്റ്റണിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനയും ഇന്ത്യന്‍ നിക്ഷേപകരെ ഹൂസ്റ്റണിലേക്ക്‌ കൂടുതലായി ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്‌. മാത്രമല്ല, പ്രധാനമന്ത്രി മോഡിയുടെ അടുത്തിടെ നടന്ന അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ അമേരിക്കയെ ഇന്ത്യയുടെ അടുത്ത വ്യാപാരപങ്കാളിയായി ചൂണ്ടിക്കാട്ടിയിരുന്നു.

ആനിസ്‌ പാര്‍ക്കറുടെ  സുഹൃത്തും അമേരിക്കയില്‍ സ്‌റ്റേജ്‌ ഷോകള്‍ക്ക്‌ പ്രൊഫഷണലിസം കൊണ്ടു വന്ന വ്യവസായ പ്രമുഖയുമായ റേച്ചല്‍ വര്‍ഗ്ഗീസിന്‌ മേയറുടെ യാത്രയില്‍ വളരെ ശുഭാപ്‌തി വിശ്വാസമുണ്ട്‌. ദേവയാനി വിഷയത്തില്‍ വഷളായ ഇന്ത്യഅമേരിക്ക ബന്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ യാത്രയിലൂടെ വീണ്ടും ശക്തവും ഊഷ്‌മളവുമായിരിക്കുകയാണെന്ന്‌ റേച്ചല്‍ പറഞ്ഞു. ലോകത്തെ രണ്ട്‌ വലിയ ശക്തികള്‍ ഒന്നിക്കുന്നതിന്റെ പ്രയോജനം  അമേരിക്കയിലെ ഇന്ത്യന്‍ വ്യവസായികള്‍ക്കാണ്‌ ഏറ്റവും പ്രയോജനപ്പെടുന്നത്‌. അതിന്‌ ഒരു ശക്തമായ തുടക്കമിടുവാന്‍ ഹൂസ്റ്റണ്‍ മേയറുടെ സംഘത്തിന്‌ കഴിഞ്ഞു.

Print Friendly, PDF & Email

Leave a Comment