കൊടും ചൂടില്‍ വെന്തുരുകി ആന്ധ്രയും തെലങ്കാനയും; മരണം 470 കവിഞ്ഞു

telangana-heat_759ഹൈദരാബാദ്: ഉഷ്‌ണക്കാറ്റും കൊടുംചൂടും രൂക്ഷമായ ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 470 ആയി. നൂറ് കണക്കിനാളുകള്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വരെ ആന്ധ്രയില്‍ 290 പേരും തെലുങ്കാനയില്‍ 186 പേരുമാണ് മരിച്ചത്.

അലഹബാദിലാണ് ഞായറാഴ്ച ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 47.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷ താപനില ഉയര്‍ന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ചൂട് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

ഉഷ്‌ണക്കാറ്റും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തില്‍ രാവിലെ പത്ത് മണിക്ക് ശേഷം ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി ഉഷ്ണകാറ്റ് തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മരിച്ചവരില്‍ ഏറെയും തൊഴിലാളികളാണ്. ഇരു സംസ്ഥാനങ്ങളിലും നിലവിലെ സ്ഥിതി രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നട്ടുച്ചയ്ക്ക് തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുളളതിനാല്‍ പുറത്തിറങ്ങി ജോലി ചെയ്യേണ്ട തൊഴിലുറപ്പ് പദ്ധതികളടക്കം നിര്‍ത്തിവെയ്ക്കാന്‍ ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകള്‍ തീരുമാനിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 44.5 ഡിഗ്രിയാണു താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡല്‍ഹിയിലെ താപനില 43 ഡിഗ്രിക്ക് മുകളിലാണ്. ഉത്തര്‍പ്രദേശില്‍ താപനില 41 ഡിഗ്രിക്ക് മുകളിലെത്തി. അലഹബാദില്‍ എക്കാലത്തെയും റെക്കോര്‍ഡ‍് താപനിലയായ 48 ഡിഗ്രിയില്‍ എത്തി. ഗുജറാത്തിലെ മൃഗശാലയില്‍ ഐസ് കട്ടകള്‍ വിതറിയാണ് ചൂട് കുറക്കുന്നത്.‌ പുഴകള്‍ വറ്റിവരണ്ടതോടെ ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ വൈദ്യുതപ്രതിസന്ധിയും രൂക്ഷമായിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment