ജയലളിതക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയിലേക്ക്

jayalalitha1ചെന്നൈ: അനധികൃത സ്വത്തുസമ്പാദന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ കുറ്റമുക്തയാക്കിയ കര്‍ണാടക ഹൈകോടതി വിധിക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയിലേക്ക്. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തരയോഗം ചേര്‍ന്നു. വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിക്കണമെന്ന പാര്‍ട്ടി പ്രസിഡന്‍റ് എം. കരുണാനിധിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു.

ജയലളിത 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഡി.എം.കെ മുമ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിന്‍െറ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി അന്‍പഴകനാണ് സുപ്രീംകോടതിയില്‍ പരാതിനല്‍കിയത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കേസിന്‍െറ വിചാരണ കര്‍ണാടകയിലേക്ക് മാറ്റിയത്.

പരിമിത സമയത്തിനുള്ളില്‍ കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ പോയില്ലങ്കില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂട്ടറുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നു കരുതുന്നതായി കരുണാനിധി പറഞ്ഞു. കേസില്‍ രണ്ടുപ്രാവശ്യം പരാതിയുമായി ഡി.എം.കെ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കരുണാനിധി എടുത്തുപറഞ്ഞു. ആദ്യപരാതിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയെ സമീപിക്കുമെന്ന് പ്രസ്താവിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment