വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ മലയാളി അച്ചീവേഴ്‌സ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു

wmc

വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഇരുപതാമത്‌ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ `മലയാളി അച്ചീവേഴ്‌സ്‌ അവാര്‍ഡ്‌’ നല്‍കി ആദരിക്കുന്നു. ജൂണ്‍ 20-ന്‌ വുഡ്‌ റിഡ്‌ജ്‌ റിനൈന്‍സണ്‍സ്‌ ഹോട്ടലില്‍ വെച്ചാണ്‌ വാര്‍ഷികാഘോഷപരിപാടികള്‍ അരങ്ങേറുന്നത്‌. വാര്‍ഡിന്‌ അര്‍ഹരായവര്‍:

1. രാഗി തോമസ്‌

സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി ഒരു ബില്യന്‍ ആസ്‌തിയില്‍ എത്തിനില്‍ക്കുന്ന `സ്‌പിഗ്‌ളര്‍’ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ്‌ രാഗി തോമസ്‌. 2015-നുശേഷം വാഷിംഗ്‌ടണിലുള്ള ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനി ഉള്‍പ്പടെ ഏഴില്‍പ്പരം കമ്പനികളെ സ്‌പിഗ്‌ളര്‍ ഏറ്റെടുത്തുകഴിഞ്ഞു. വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന സ്‌പിഗ്‌ളര്‍650-ല്‍പ്പരം അന്താരാഷ്‌ട്ര ബ്രാന്റുകള്‍ക്ക്‌ സേവനം നല്‍കുന്നുണ്ട്‌. അതില്‍ ബിസിനസ്‌ ഭീമന്മാരായ ഹയാത്‌, സബ്‌വേ, കോള്‍സ്‌ എന്നിവ ഉള്‍പ്പെടും. ബിസനസ്‌ മേഖലയെ സാരമായി ബാധിക്കുന്ന വിഷയങ്ങള്‍ അപഗ്രഥിച്ച്‌ മുന്‍കൂട്ടി പ്രശ്‌ന പരിഹാരത്തിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ അവസമൊരുക്കുക വഴി സ്‌പിഗ്‌ളര്‍ ആഗോളതലത്തില്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ബ്രസീലിലും ജപ്പാനിലും ഉള്‍പ്പടെ വിവിധ ഭൂഖണ്‌ഡങ്ങളില്‍ പ്രാതിനിധ്യമുള്ള സ്‌പിഗ്‌ളളില്‍ 900 ജോലിക്കാരുണ്ട്‌. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദവും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമുള്ള രാഗി തോമസ്‌ ഭാര്യ നീലു പോളിനും രണ്ട്‌ കുട്ടികള്‍ക്കുമൊപ്പം ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു.

2. അബ്‌ദുള്‍ നൗഷദ്‌

നൂതന ആശയവും മികച്ച സേവനവുംകൊണ്ട്‌ സാമ്പത്തികമേഖലയില്‍ ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ക്കുവരെ സേവന ദാതാവായ പേ കോമേഴ്‌സ്‌ ഇന്‍ക്‌ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ്‌ അബ്‌ദുള്‍ നൗഷാദ്‌. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എന്‍ജിനീയറിംഗില്‍ ബിരുദവും പെന്‍സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവുമുള്ള അബ്‌ദുള്‍ നൗഷാദിനു ഇരുപതില്‍പ്പരം വര്‍ഷങ്ങളില്‍ മാനേജ്‌മെന്റ്‌ തലങ്ങളില്‍ പ്രവര്‍ത്തിപരിചയമുണ്ട്‌. `ഈ &വൈ എന്റര്‍പ്രണര്‍ ഓഫ്‌ ദ ഇയര്‍’ അവസാനപാദ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ഓറക്കിള്‍ കോര്‍പ്പറേഷനിലും ഡിജിറ്റല്‍ എക്യൂപ്‌മെന്റ്‌ കോര്‍പ്പറേഷനിലും സേവനം അനുഷ്‌ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്വന്തം സംരംഭമായ പേ കൊമേഴ്‌സ്‌ ഇന്‍ക്‌, എന്‍.ജെ.എഫ്‌.സിയുടെ 2014 മോസ്റ്റ്‌ ഇന്നോവേറ്റീവ്‌ കമ്പനി അവാര്‍ഡിനും, സ്‌മാര്‍ട്ട്‌ സി.ഇ.ഒ നല്‍കുന്ന `ഫോര്‍ച്യൂണ്‍ 50 കമ്പനി’ അവാര്‍ഡിനും അര്‍ഹനായി.

3. ആദര്‍ശ്‌ അല്‍ഫോന്‍സ്‌

2015-ല്‍ സി.എന്‍.എന്‍ ഹീറോ ആയി പരിഗണിക്കപ്പെട്ട ഒമ്പതു പേരില്‍ ഒരാളായ ആദര്‍ശ്‌ അല്‍ഫോന്‍സ്‌ `പ്രൊജക്‌ട്‌ ആര്‍ട്ട്‌’ എന്ന സംഘടനയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുമാണ്‌. ന്യൂയോര്‍ക്ക്‌ ഹാലേമിലെ ജീവിതസൗഭാഗ്യങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക്‌ ക്രിയാത്മകവും, സൃഷ്‌ടിപരവുമായ ചിന്തകളിലൂടെ വ്യക്തിപരമായ വെല്ലുവിളികളെ നേരിട്ട്‌ വിദ്യാഭ്യാസം കൈവരിക്കാന്‍ സഹായിക്കുക എന്ന വിശാല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ പ്രൊജക്‌ട്‌ ആര്‍ട്ട്‌. ഏഴാം വയസില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ആദര്‍ശിന്‌ ജീവിതശ്വാസംപോലും ചിത്രകലയാണ്‌. പതിനഞ്ചാം വയസില്‍ മദര്‍ തെരേസ, നെല്‍സണ്‍ മണ്‌ഡേല തുടങ്ങിയവരുടെ ഛായാചിത്രം വരച്ച ആദര്‍ശിന്റെ കഴിവില്‍ പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിച്ച കലാ അധ്യാപികയുടെ പ്രചോദനമാണ്‌ ആദര്‍ശിന്റെ വിജയം. എം.ഐ.സി.എയില്‍ നിന്ന്‌ ആര്‍ട്‌സ്‌ & ആര്‍ട്‌സ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ യോഗ്യത നേടിയ അല്‍ഫോന്‍സിനെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്‌. പേവിന്റെ `25 റൈസിംഗ്‌ സ്റ്റാര്‍സ്‌ ഇന്‍ ന്യൂയോര്‍ക്ക്‌ സിറ്റി, `ഹേറോ ഓഫ്‌ എഡ്യൂക്കേഷന്‍ അവാര്‍ഡ്‌’ എന്നിവ ചിലതുമാത്രം.

4. വിദ്യ കിഷോര്‍

ജാന്‍സണ്‍ സ്‌ട്രേറ്റജി & ഇന്നോവേഷന്‍ ഹ്യൂമന്‍ റിസോഴ്‌സ്‌ ടീമില്‍ അംഗമായി 2008 ഓഗസ്റ്റില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ വിദ്യ കിഷോര്‍ ഇന്ന്‌ ജോണ്‍സണ്‍ & ജോണ്‍സണ്‍ കണ്‍സ്യൂമര്‍ ഗ്രൂപ്പ്‌ കമ്പനീസിന്റെ മാനവശേഷി ആഗോള വിഭാഗം സീനിയര്‍ മേധാവിയാണ്‌. കമ്പനിയുടെ സീനിയര്‍ മേധാവികള്‍ക്കൊപ്പം തന്ത്രപരമായ തീരുമാനങ്ങളില്‍ പങ്കാളിയാകുകയും ചെയ്‌തു. വിദ്യയുടെ മികച്ച നേതൃപാടവത്തിന്‌ അംഗീകാരമെന്നോണം ഹ്യൂമന്‍ റിസോഴ്‌സ്‌ ലീഡര്‍ഷിപ്പ്‌ ഡവലപ്‌മെന്റ്‌ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ കമ്പനി തെരഞ്ഞെടുത്തു. കമ്പനിയുടെ പ്രതിഭാ സമ്പന്നമായ മാനവശേഷി വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വിദ്യ ഭര്‍ത്താവ്‌ കിഷോറിനും മകള്‍ സംഗീതയ്‌ക്കും ഒപ്പം ന്യൂജേഴ്‌സി ഹില്‍സ്‌ ബറോയില്‍ താമസിക്കുന്നു.

5. ഡോ. മാത്യു വര്‍ഗീസ്‌

2001-ല്‍ ശ്രീരാമ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ മാത്യു വര്‍ഗീസ്‌ അമേരിക്കയില്‍ തന്റെ തുടര്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി. 2009-ല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ നിന്നും അലര്‍ജി & ഇമ്മ്യൂണോളജിയില്‍ ഫെല്ലോഷിപ്പ്‌ കരസ്ഥമാക്കി. 2010-ല്‍ ഇമ്യൂണോളജിസ്റ്റ്‌ അഥവാ അലര്‍ജിസ്റ്റ്‌ ആയി ആതുരസേവനം ആരംഭിച്ച ഡോ. മാത്യൂ വര്‍ഗീസ്‌ ഇന്ന്‌ 4000-ല്‍ അധികം വരുന്ന രോഗികള്‍ക്ക്‌ സേവനം നല്‍കുന്ന ന്യൂജേഴ്‌സിയിലെ തന്നെ മികച്ചതും തിരക്കേറിയതുമായ ഒരു ഭിഷഗ്വരനാണ്‌. അമേരിക്കയിലെ പ്രശസ്‌തമായ പല പ്രൊഫഷണല്‍ സംഘടനകളില്‍ അംഗത്വമുള്ള അദ്ദേഹം തന്റെ മേഖലയില്‍ പല പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

6. അഞ്‌ജനാ ജോസ്‌

പ്രശസ്‌തമായ കൊച്ചിന്‍ കലാഭവനില്‍ നിന്ന്‌ പെന്‍സില്‍ സ്‌കെച്ചിംഗിലും വാട്ടര്‍ കളറിംഗിലും പ്രാഥമിക പരിശീലനം നേടിയ അഞ്‌ജനാ ജോസ്‌ അമേരിക്കയിലെ റിജ്‌ഡ്‌ വുഡ്‌ ആര്‍ട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രശസ്‌ത ചിത്രകാരന്‍ ജോയല്‍ പോപ്പ്‌ഡിസില്‍ നിന്ന്‌ വാട്ടര്‍ കളറിന്റെ നൂതന സാങ്കേതികവിദ്യ കരസ്ഥമാക്കി. സൂക്ഷ്‌മ വിശദാംശങ്ങളിലൂടെ നിറങ്ങളുടെ ലോകം സൃഷ്‌ടിക്കുന്ന അഞ്‌ജന വാട്ടര്‍ കളിംഗില്‍ സ്വന്തമായി ഒരു ശൈലിതന്നെ വാര്‍ത്തെടുത്തിട്ടുണ്ട്‌.

നിശ്ചല ചിത്രങ്ങളില്‍ പൂക്കളും ചെടികളും ഇഷ്‌ടപ്പെടുന്ന ഈ ചിത്രകാരി എഡിസണ്‍ പബ്ലിക്‌ ലൈബ്രറിയില്‍ തന്റെ ചിത്രകലയുടെപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രശസ്‌തരായ മറ്റ്‌ ചിത്രകാരന്മാരുടെ സൃഷ്‌ടികളോടൊപ്പം അഞ്‌ജനയുടെ കലാസൃഷ്‌ടിയായ `ഇന്‍ടു ദ വുഡ്‌സ്‌’ മെട്ടൂച്ചന്‍ ഇന്‍ റെസ്റ്റോറന്റില്‍ എഡിസണ്‍ ആര്‍ട്ട്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ട്രാവല്‍ വിത്ത്‌ ആര്‍ട്ട്‌സ്‌’ എന്ന പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഒമ്പതു വര്‍ഷം ഐ.ടി മേഖലയില്‍ ജോലിയെടുത്തശേഷം ചിത്രകലയെ തന്റെ പ്രൊഫഷനാക്കാന്‍ ആഗ്രഹിക്കുന്ന ഈ ചിത്രകാരി കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ സംഘടിപ്പിക്കുകയും കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഫണ്ട്‌ സമാഹരണാര്‍ത്ഥം ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

7. ഡോ. ക്രിസ്റ്റീനാ സ്റ്റീവന്‍സണ്‍

യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സെന്റര്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ക്രിസ്റ്റീനാ ഇ. സ്റ്റീവന്‍സണ്‍. 2002-ല്‍ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയ ക്രിസ്റ്റീന നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ ഫെല്ലോഷിപ്പ്‌ നേടി. അമേരിക്കന്‍ കോളജ്‌ ഓഫ്‌ സര്‍ജനിലെ ഫെല്ലോ ആയ ക്രിസ്റ്റീന സ്‌തനാര്‍ബുദത്തിലും എന്‍ഡോക്രൈന്‍ സര്‍ജറിയിലും സവിശേഷ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌. ക്രിസ്റ്റീനയുടെ പേരില്‍ വിവിധ പ്രബന്ധങ്ങളും സ്വന്തമായിട്ടുണ്ട്‌.

8. ജോസഫ്‌ ജെ. കാഞ്ഞമല

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ അക്കൗണ്ടിംഗ്‌ സ്ഥാപനങ്ങളുള്ള മാര്‍ക്കസ്‌ പാനേത്‌ എല്‍.എല്‍.പിയിലെ 59 പാര്‍ട്ട്‌ണര്‍മാരില്‍ ഒരാളാണ്‌ ജോസഫ്‌ ജെ. കാഞ്ഞമല. അക്കൗണ്ടിംഗ്‌ ബിരുദധാരിയായ അദ്ദേഹം അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സര്‍ട്ടിഫൈഡ്‌ പബ്ലിക്‌ അക്കൗണ്ടന്റാണ്‌. കൂടാതെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യയിലെ ഫെല്ലോ മെമ്പറും ചാര്‍ട്ടേഡ്‌ ഗ്ലോബല്‍ മാനേജ്‌മെന്റ്‌ അക്കൗണ്ടന്റ്‌ പദവിയുമുണ്ട്‌. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അക്കൗണ്ടിംഗ്‌ സ്ഥാനപങ്ങളുള്ള ജോസഫ്‌ ജെ. കാഞ്ഞമല അമേരിക്കയിലും ഇന്ത്യയിലുമായി വിവിധ ചാരിറ്റബിള്‍ സംഘടനകള്‍ക്ക്‌ വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.

9. സജിനി സക്കറിയ

ന്യൂജേഴ്‌സി ബാസ്‌കിംഗ്‌ റിഡ്‌ജില്‍ അഫിനിറ്റി ക്രെഡിറ്റ്‌ യൂണിയനിലെ ഔദ്യോഗിക ജീവിതത്തോടൊപ്പം നാടക രംഗത്തും അഭ്രപാളിയിലും ഒരുപോലെ അഭിനയ മികവു തെളിയിച്ച കലാകാരിയാണ്‌ സജിനി സക്കറിയ. മലയാളം ടിവി സീരിയലുകളില്‍ ജനപ്രിയ ഷോ ആയിരുന്ന `അക്കരക്കാഴ്‌ചകളില്‍’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സജിനി പ്രേക്ഷകരുടെ മുക്തകണ്‌ഠ പ്രശംസ നേടി. യുട്യൂബില്‍ മാത്രം 60 മില്യന്‍ ആളുകള്‍ അക്കരക്കാഴ്‌ചകള്‍ കണ്ടുകഴിഞ്ഞു. 1999-ല്‍ `ഹിസ്‌ കിംങ്‌ഡം ആന്‍ഡ്‌ റീസറക്ഷന്‍’ എന്ന ക്രിസ്‌തീയ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക്‌ കടന്ന അവര്‍ ‘ഫൈന്‍ ആര്‍ട്‌സ്‌ മലയാളം’ എന്ന നാടക സംഘത്തോടൊപ്പം അമേരിക്കിയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമായി 14-ല്‍പ്പരം നാടകങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. സജിനി സക്കറിയ അഭിനയിച്ച `ഞാന്‍ ഡി.പ. പള്ളിക്കല്‍’ എന്ന സിനിമ 2015 ഓഗസ്റ്റില്‍ റിലീസ്‌ ചെയ്യും.

10. രതീദേവി

രതീദേവിയുടെ `ദ ഗോസ്‌പല്‍ ഫോര്‍ മേരി മഗ്നലന & മി’ എന്ന പുസ്‌തകം 2014-ലെ ബുക്കര്‍ പ്രൈസിലെ 154 എന്‍ട്രികളില്‍ ഒന്നായിരുന്നു. ചെറുപ്പം മുതല്‍ സാഹിത്യാഭിരുചി നിലനിര്‍ത്തിയിരുന്ന രതീദേവി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ജയിലുകളില്‍ സ്‌ത്രീകള്‍ക്കുനേരേ നടക്കുന്ന ലൈംഗീക ചൂഷണം, ലൈംഗീക തൊഴിലാളികളുടെ നിയമാവകാശങ്ങള്‍, സ്‌ത്രീകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ചു.

1997-ല്‍ മികച്ച 10 പുസ്‌തകങ്ങളില്‍ ഒന്നായി എം.കെ. ഹരികുമാര്‍ മലയാള മനോരമയുടെ വാരാന്ത്യപ്പതിപ്പില്‍ പരിചയപ്പെടുത്തിയ `അടിമവംശം’ എന്ന കഥാസമാഹാരം പ്രഥമ കിഷോര്‍ കുമാര്‍ അവാര്‍ഡിനു അര്‍ഹമായി. ഇന്റര്‍നാഷണല്‍ വിമന്‍സ്‌ ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകളില്‍ അംഗമാണ്‌.

Print Friendly, PDF & Email

Related posts

Leave a Comment