Flash News

യു.എസ്. വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലോക യൂത്ത് ആര്‍ച്ചറി ചാം‌പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

June 7, 2015 , സ്വന്തം ലേഖകന്‍

AAI Logosന്യൂയോര്‍ക്ക്: യു.എസ്. വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലോക യൂത്ത് ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യ ആര്‍ച്ചറി ടീമിനെ പിന്‍വലിച്ചു. 31 അംഗ ടീമിലെ 21 താരങ്ങള്‍ക്കാണ് അമെരിക്ക വിസ നിഷേധിച്ചത്. യുഎസ് നടപടിയില്‍ പ്രതിഷേധം അറിയിക്കാനാണ് ചാംപ്യന്‍ഷിപ്പില്‍ നിന്നും ടീമിനെ പിന്‍വലിക്കുന്നതെന്ന് ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ(എഎഐ) ഖജാന്‍ജി വീരേന്ദര്‍ സച്ച്ദേവ പറഞ്ഞു. വിസക്ക് വേണ്ടി വീണ്ടും അപേക്ഷിച്ചെങ്കിലും യുഎസ് നിഷേധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ക്ക് പുറമെ കൊറിയന്‍ പരിശീലകന്‍ ചെയ് വോം ലിമിന്‍റെ വിസാ അപേക്ഷയും യുഎസ് നിഷേധിച്ചിട്ടുണ്ട്. ജൂണ്‍ 8 മുതല്‍ 14 വരെയാണ് ചാംപ്യന്‍ഷിപ്പ്. നാളെ ടീം യുഎസിലേക്ക് പുറപ്പെടാന്‍ ഇരിക്കെയാണ് എഎഐയുടെ തീരുമാനം. ഏഴ് ആര്‍ച്ചറി താരങ്ങള്‍ക്കും രണ്ട് പരിശീലകര്‍ക്കും സായ് അധികൃതനും മാത്രമാണ് യുഎസ് എംബസി വിസ അനുവദിച്ചിരിക്കുന്നത്. ചെയ് വോ ലിമ്മിന് പുറമെ മിം ബച്ചന്ദര്‍ ഗുറുങ്, ചന്ദ്ര ശേഖര്‍ ലാഗുരി, രാം അവ്ദേശ് എന്നീ ഇന്ത്യന്‍ പരിശീലകരും വിസ നിഷേധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. താരങ്ങളുമായും പരിശീലകരുമായി നടത്തിയ അഭിമുഖത്തില്‍ തൃപ്തരല്ലെന്നും ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ഇവര്‍ നാട്ടിലേക്ക് തിരിച്ചേക്കില്ലെന്നുമുള്ള കാരണം പറഞ്ഞാണ് യുഎസ് വിസ നിഷേധിച്ചതെന്ന് സച്ച്ദേവ പറഞ്ഞു.

അസം, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് താരങ്ങളില്‍ ഭൂരിഭാഗവും. ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാത്ത ഇവരോട് ജീവിക്കാന്‍ എന്തുജോലി ചെയ്യുന്നുവെന്ന് യുഎസ് എംബസി അധികൃതര്‍ ചോദിച്ചപ്പോള്‍ ആര്‍ച്ചറി കൊണ്ടാണ് ജീവിക്കുന്നതെന്നായിരുന്നു താരങ്ങള്‍ പ്രതികരിച്ചത്. ഇതായിരിക്കാം യുഎസ് എംബസി അധികൃതരില്‍ ആശങ്കയുണ്ടാക്കിയത്. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയത്തേയും കായിക മന്ത്രാലത്തേയും സമീപിച്ചിരുന്നുവെങ്കിലും പ്രയോജനമുണ്ടായില്ലെന്നും സച്ചദേവ പറഞ്ഞു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top