Flash News

അരമനരഹസ്യം അങ്ങാടിപ്പാട്ട്: മാഗി പരസ്യത്തില്‍ അഭിനയിച്ച ബച്ചന്‍ പ്രതിയെങ്കില്‍ പരസ്യം നല്‍കിയ മാധ്യമങ്ങളും പ്രതികളല്ലേ?

June 8, 2015 , Malayalam Daily News Exclusive

magiഅപകടകരമായ തോതില്‍ ലെഡും മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവും അടങ്ങിയ നെസ്ലെയുടെ മാഗി ന്യൂഡില്‍സ് ഇന്ത്യയില്‍ നിരോധിച്ചു. മറ്റുപല രാജ്യങ്ങളിലും ഇന്ത്യന്‍ മാതൃക ആവര്‍ത്തിക്കുന്നു. ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായിരുന്നു മാഗി ന്യൂഡില്‍സ്. ഇന്ത്യയും കേരളവുമാണ് മാഗിയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. കേരളത്തില്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ഔട്ട്‌ലെറ്റുകളില്‍ നിന്ന് മാഗി പിന്‍വലിച്ചപ്പോള്‍തന്നെ ബഹുരാഷ്ട്രകുത്തകയായ നെസ്ലെയുടെ ഓഹരിയില്‍ ഇടിവ് തുടങ്ങിയത് അതുകൊണ്ടാണ്.

പുട്ടും കടലയും മാഗിയുടെ അതേ രൂപത്തിലും അതിലും രുചിയിലും ഉണ്ടാക്കുന്ന നൂല്‍പ്പുട്ടും ഉപ്പുമാവും ദോശയും ഇഡ്ഢലിയും ഉപേക്ഷിച്ച് നമ്മളും നമ്മുടെ മക്കളും എന്തുകൊണ്ടാണ് മാഗി ന്യൂഡില്‍സിന്‍െറ വലയില്‍ പെട്ടത്? വെറും രണ്ടുമിനിറ്റുകൊണ്ട് ഉണ്ടാക്കാം എന്നതും വിലക്കുറവുമാണ് രക്ഷിതാക്കളെ ആകര്‍ഷിച്ചതെങ്കില്‍ അതിന്‍െറ വിലോഭനീയമായ രുചിയാണ് കുട്ടികളെ അടിമകളാക്കിയത്. കഞ്ചാവുപോലെ കഴിക്കുംതോറും കഴിക്കാന്‍ തോന്നും. വിശപ്പ് ഒറ്റയടിക്ക് ഇല്ലാതാകും.

മാഗിയില്‍ ഈയത്തിന്‍െറ അംശവും എം.എസ്.ജി എന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവും അനുവദനീയമായതിലും കൂടുതലാണ്. ലെഡിന്‍െറ അംശം വളരുന്ന പ്രായത്തിലുള്ള കുഞ്ഞുങ്ങളില്‍ കടുത്ത പാര്‍ശ്വഫലമുണ്ടാക്കും. വയറുവേദന, മലബന്ധം, ഉറക്കക്കുറവ്, തലവേദന, വിശപ്പില്ലായ്മ, പൊണ്ണത്തടി, വൃക്കത്തകരാറ് തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങളുടെ കൂടെ അമിതകോപംപോലുള്ള പെരുമാറ്റപ്രശ്നങ്ങള്‍, ബുദ്ധിമാന്ദ്യം, പഠനവൈകല്യം എന്നിവയും ഇതിന്‍െറ അളവില്‍ക്കൂടുതലുള്ള സാന്നിധ്യംമൂലം ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ശരാശരി 20 ശതമാനം കുഞ്ഞുങ്ങളിലും കേരളത്തില്‍ ഒമ്പത് മുതല്‍ 12 ശതമാനം കുഞ്ഞുങ്ങളിലും ബുദ്ധിമാന്ദ്യവും പഠനവൈകല്യവും കണ്ടത്തെിയിട്ടുള്ളതുകൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

മാഗിയിലടങ്ങിയ മറ്റൊരു രാസവസ്തുവായ അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ സുപരിചിതമായ മോണോസോഡിയം ഗ്ളൂട്ടാമേറ്റ് മൂലമുണ്ടാകുന്ന പ്രത്യേകതരം രോഗം ‘ചൈനീസ് റസ്റ്റാറന്‍റ് സിന്‍ഡ്രോം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. നെഞ്ചുവേദന, ചര്‍മം ചുവന്ന് തടിക്കുക, തലവേദന, ശരീരത്തിന്‍െറ ചില ഭാഗങ്ങള്‍ പ്രത്യേകിച്ച് വയര്‍ ചുട്ടുപുകയുക, വായ്ക്കുള്ളില്‍ എരിച്ചില്‍, വയറുവേദന, ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ്, വയറിളക്കം, മൂക്കില്‍നിന്ന് വെള്ളം വരുക, തുടര്‍ച്ചയായ തുമ്മല്‍, കാഴ്ച്ചക്ക് മങ്ങല്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്‍െറ ലക്ഷണങ്ങള്‍. അപൂര്‍വം ചിലരില്‍ മാനസികപ്രശ്നങ്ങളും കണ്ടുവരുന്നതായി അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

മാനോവിഭ്രാന്തി, ഉറക്കക്കുറവ്, അമിതമായ ഉറക്കം, ഉത്കണ്ഠ, വിഷാദം എന്നിവയാണ് എം.എസ്.ജി സൃഷ്ടിക്കുന്ന മാനസികപ്രശ്നങ്ങള്‍. അപസ്മാരരോഗികളില്‍ അസുഖംവരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനം പറയുന്നു. അമിതമായ അളവിലും സ്ഥിരമായും അജ്നാമോട്ടോ പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ആഹാരം കഴിക്കുന്നവരുടെ ശരീരത്തിലെ ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാകുകയും ശ്വാസംമുട്ടല്‍, മൈഗ്രേന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെടുകയുംചെയ്യും.

നമ്മുടെ കുട്ടികള്‍ കഴിക്കുന്ന ഈ ഭക്ഷണം ഇത്ര അപകടകരമാണ് എന്നത് നാം രണ്ടാഴ്ചക്കിടയിലാണോ അറിഞ്ഞത്? അല്ല. നമ്മുടെ നാട്ടില്‍ വിറ്റഴിക്കപ്പെടുന്ന ന്യൂഡില്‍സ്, പാക്കറ്റിലടച്ച പ്രത്യേകതരം രുചിയുള്ള ചിപ്സുകള്‍, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം അപകടകമായ തോതില്‍ അജനാമോട്ടോയും വിഷമയമായ എണ്ണയും ഇറച്ചിയുമെല്ലാം ഉണ്ട് എന്ന കാര്യം മുന്നറിയിപ്പായി നമുക്കു മുന്നിലുണ്ട്. ഒരു തട്ടുകടയിലുണ്ടാക്കുന്ന ഓംലെറ്റില്‍പോലും അജനാമോട്ടോ എന്ന വിഷപദാര്‍ഥം ചേര്‍ക്കുന്നുണ്ട്, പ്രത്യേകതരം മണത്തിനും രുചിക്കും. ഹോട്ടലുകളില്‍ തയാറാക്കുന്ന ബിരിയാണി അടക്കമുള്ള മാംസാഹാരങ്ങളിലും പച്ചക്കറി വിഭവങ്ങളിലും നിറവും മണവും കൂട്ടാന്‍ അജനാമോട്ടോയെ കൂടാതെ എന്തൊക്കെ വിഷമാണ് ചേര്‍ക്കുന്നത്? തമിഴ്നാട്ടില്‍നിന്ന് വരുന്ന മാമ്പഴത്തിലെ കാര്‍ബൈഡ് ശരീരത്തിന് ഗുരുതരആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. എന്നിട്ടും കേരളത്തിലെത്തുന്ന കാര്‍ബൈഡ് മാമ്പഴം മുഴുവന്‍ വിറ്റുപോകുന്നു. ഐസ്‌ക്രീം ഉണ്ടാക്കാന്‍ എത്ര കമ്പനികള്‍ ശുദ്ധജലം ഉപയോഗിക്കുന്നുണ്ട്? ഉത്തരം ഞെട്ടിപ്പിക്കുന്നതായിരിക്കും. വിപണിയിലുള്ള മിക്കവാറും ഐസ്കീമുകളും ഐസ്ക്രീം എന്ന വ്യാജേന വില്‍ക്കുന്ന ഫ്രോസണ്‍ ഡിസേര്‍ട്ടുകളും വിഷമയമാണ്.

ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും നാം ദോശയും പുട്ടും മാറ്റിവച്ച് നമ്മുടെ ഭക്ഷണത്തില്‍ മേല്‍പ്പറഞ്ഞ വിഭവങ്ങളുടെ അളവ് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാരണം, ഇന്ന് നമ്മള്‍ ഒരു ആര്‍ത്തിപിടിച്ച സമൂഹമാണ്. രുചിക്കും ആര്‍ഭാടത്തിനും വേണ്ടിയുള്ള ആര്‍ത്തി. ഈ മധ്യവര്‍ഗ ആര്‍ത്തിയാണ് നമ്മുടെ ഭക്ഷണശീലത്തെ അടിമുടി വിഷമയമാക്കിയത്. ഇന്നലെ വരെ നമ്മുടെ മക്കള്‍ക്ക് മാഗി ന്യൂഡില്‍സ് വാങ്ങിക്കൊടുക്കുകയും ഇന്നുമുതല്‍ അത് വേണ്ട എന്ന് തീരുമാനിക്കുകയും ചെയ്യുന്നതില്‍ നമ്മോടുതന്നെയുള്ള വലിയ കാപട്യമുണ്ട്. ഇനി, ഈ കാമ്പയിന്‍ ഒന്ന് കെട്ടടങ്ങിയാലോ? വീണ്ടും നമ്മള്‍ മക്കള്‍ക്ക് ഇതേ ന്യൂഡില്‍സ് വാങ്ങിക്കൊടുക്കും. അത് നെസ്ലെക്കും അറിയാം. അതുകൊണ്ടാണ്, തങ്ങളുടെ ഉല്‍പ്പന്നത്തില്‍ വിഷം ഇല്ലെന്നും പിന്‍വാങ്ങുന്നത് തല്‍ക്കാലമാണെന്നും നെസ്ലെ മേധാവി അറിയിച്ചത്. വീണ്ടും വിപണിയില്‍ മാഗി ന്യൂഡില്‍സ് വരും എന്നുതന്നെയാണ് അതിന് അര്‍ഥം.

മാഗി ന്യൂഡില്‍സിനോടുള്ള നമ്മുടെ സമീപനത്തില്‍ മറ്റൊരു ഇരട്ടത്താപ്പുണ്ട്. ഈ ഉല്‍പ്പന്നത്തിന്‍െറ പരസ്യത്തില്‍ അഭിനയിച്ചതിന് അമിതാഭ് ബച്ചന്‍, പ്രീതി സിന്‍റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെ എടുത്ത കേസാണ് ആ ഇരട്ടത്താപ്പ്. (താരങ്ങള്‍ക്കെതിരെ തല്‍ക്കാലം കേസെടുക്കില്ലെന്നും അവര്‍ അറിയാതെയാകാം ഈ പരസ്യത്തില്‍ അഭിനയിച്ചതെന്നും ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നവര്‍ ഉല്‍പ്പന്നത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം എന്നും കഴിഞ്ഞദിവസം ഭക്ഷ്യ സുരക്ഷാവകുപ്പിന്‍െറ ഒരു തിട്ടൂരം വായിച്ചു).

ബച്ചനും പ്രീതിയും മാധുരിയും അഭിനയിച്ചുകൊണ്ടാണ് മാഗി ന്യൂഡില്‍സിന് ഇത്ര പ്രചാരം കിട്ടിയത് എന്ന കാര്യത്തില്‍ സത്യത്തിന്‍െറ അംശമുണ്ട്. കാരണം, നമുക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍, ഈ ഉല്‍പ്പന്നം നല്ലതാണ് എന്ന് പറയുമ്പോള്‍, അവര്‍ ഇക്കാലം കൊണ്ട് പൊതുസമൂഹത്തില്‍ നേടിയെടുത്ത വിശ്വാസ്യത മൂലം ഇവരുടെ വാക്കും നമ്മള്‍ വിശ്വസിക്കും. പരസ്യങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി കൈവരുന്നത് അങ്ങനെയാണല്ലോ? കുടുംബത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള വഴക്ക് പറഞ്ഞുതീര്‍ക്കാന്‍ ഒരു ചാനല്‍ തുടങ്ങിയ ഷോയില്‍ അവതാരികയായി വരുന്നത് നടി ഉര്‍വശിയാണ്. ശത്രുക്കളെപ്പോലെ കടിച്ചുകീറാനെന്ന മട്ടില്‍ ചാനല്‍ സ്റ്റുഡിയോയില്‍ ഇരിക്കുന്ന പാവം ഭര്‍ത്താവും ഭാര്യയും തങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുന്ന ഉര്‍വശിയേട് തിരിച്ച് ഒരു ചോദ്യം ചോദിച്ചാല്‍ അപ്പോള്‍ തീരും ഈ പരിപാടി. വന്‍വിലയും അത്രക്കൊന്നും രുചിയുമില്ലാത്ത ഒരു മസാലപ്പൊടി ഒരു സൂപ്പര്‍താരം സ്വന്തം പേരുമിട്ട് വില്‍ക്കാനിറങ്ങിയപ്പോള്‍ പാവം മലയാളികള്‍ അത് കുറെനാള്‍ വാങ്ങി. വഞ്ചിതരായി എന്നറിഞ്ഞതോടെ അവര്‍ ആ ശീലം നിര്‍ത്തി. ഇങ്ങനെ, സിനിമ എന്ന മായികപ്രപഞ്ചത്തില്‍നിന്ന് നേടിയെടുത്ത കീര്‍ത്തിയെ വിശ്വാസ്യത എന്ന മുഖംമൂടി ധരിപ്പിച്ച് നാട്ടുകാര്‍ക്ക് വിറ്റ് കാശുണ്ടാക്കുന്ന താരങ്ങള്‍ തീര്‍ച്ചയായും പ്രതികള്‍ തന്നെയാണ്. പണം മാത്രമാണ് അവരുടെ ലക്ഷ്യം. തങ്ങളുടെ ക്ളയന്‍റുകളും തങ്ങള്‍ പരസ്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളും ജനങ്ങളോട് ചെയ്യുന്ന വഞ്ചനയെ സ്വയം അറിഞ്ഞുകൊണ്ട് മറച്ചുപിടിക്കുകയാണിവര്‍ ചെയ്യുന്നത്. ഒരു ചെരിപ്പിന്‍െറ പരസ്യത്തില്‍ അഭിനയിക്കുന്ന നടന്‍ പോലും നാട്ടുകാരോട് ചെയ്യുന്നത് വിശ്വാസവഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

ചോദ്യം അതല്ല. താരങ്ങള്‍ പ്രതികളാണെങ്കില്‍ ഇവരെക്കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുന്ന മാധ്യമങ്ങളോ? അവരാണല്ലോ ഈ പരസ്യങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നത്. മാഗി ന്യൂഡില്‍സിന്‍െറ പരസ്യത്തില്‍ അഭിനയിക്കുന്നത് കുറ്റമാണെങ്കില്‍ അത് പരസ്യം ചെയ്യുന്നതും കുറ്റമല്ലേ? താരങ്ങളും മാധ്യമങ്ങളും ഒരേയൊരു കാര്യത്തിനാണ് ഈ കുറ്റകൃത്യം ചെയ്യുന്നത്. പണത്തിനുവേണ്ടി മാത്രം. മാധ്യമങ്ങളും താരങ്ങളെപ്പോലെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കുള്ള വിശ്വാസ്യതയാണ് മുതലെടുക്കുന്നത്. അപ്പോള്‍ മാഗി ന്യൂഡില്‍സിന്‍െറ പരസ്യം നല്‍കിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും എതിരെയും കേസ് എടുക്കേണ്ടതല്ലേ? ഒരുപക്ഷേ, താരങ്ങള്‍ ചെയ്തതിനേക്കാള്‍ വലിയ വിശ്വാസവഞ്ചനയാണ് ഈ പരസ്യങ്ങള്‍ നല്‍കിയതിലൂടെ മാധ്യമങ്ങള്‍ ചെയ്തത്. താരങ്ങള്‍ക്ക് നടത്താന്‍ കഴിയുന്നതിനേക്കാളും വിപുലമായ പ്രചാരമാണ് ഈ വിഷപദാര്‍ഥത്തിന് മാധ്യമങ്ങള്‍ നല്‍കിയത്. അതും, ഇത് അപകടകരമായ ഭക്ഷ്യവസ്തുവാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. മാത്രമല്ല, ഇക്കാര്യത്തില്‍ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങളേക്കാള്‍ സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളത്, ജനാധിപത്യത്തിന്‍െറ നാലാംതൂണായ മാധ്യമങ്ങള്‍ക്കാണ്. അതുകൊണ്ട്, താരങ്ങളേക്കാള്‍ പരസ്യം നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. മാഗിയുടെ കാര്യത്തില്‍ മാത്രമല്ല, പരസ്യത്തിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന ഓരോ ഉല്‍പ്പന്നത്തിന്‍െറയും സേവനത്തിന്‍െറയും കാര്യത്തില്‍ മാധ്യമങ്ങള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആട്, തേക്ക്, മാഞ്ചിയം എന്നൊരു തട്ടിപ്പുപരിപാടി കേരളത്തില്‍ അരങ്ങേറിയപ്പോള്‍ അതിന്‍െറ പരസ്യപ്പണത്തില്‍ ആര്‍ത്തിപിടിച്ച് കേരളത്തിലെ പത്രങ്ങളാണ് ഈ തട്ടിപ്പ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. സാമാന്യബുദ്ധിയില്‍ ഒന്ന് കണക്കുകൂട്ടിയാല്‍ വെളിച്ചത്തുവരുന്ന തട്ടിപ്പായിരുന്നിട്ടും മാധ്യമങ്ങള്‍ അത് ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. സാധാരണക്കാരായ മലയാളികളുടെ ലക്ഷങ്ങളല്ളേ നഷ്ടമായത്. ലാഭം, കോടികളുടെ പരസ്യപ്പണം ലഭിച്ച മാധ്യമങ്ങള്‍ക്ക്. ജനങ്ങളെ വഞ്ചിച്ചതിന് മാഞ്ചിയം കമ്പനികള്‍ക്കൊപ്പം എന്തുകൊണ്ട് മാധ്യമങ്ങളെ വിചാരണ നടത്തിയില്ല. ഏത് ന്യായത്താലാണ് മാധ്യമങ്ങള്‍ക്ക് ഈ പരിരക്ഷ ലഭിക്കുന്നത്?

മാഗി ന്യൂഡില്‍സിന്‍െറ കാര്യത്തില്‍ മാത്രമല്ല, ജനങ്ങളെ പറ്റിക്കുന്ന സ്വര്‍ണക്കടകളുടെയും തുണിക്കടകളുടെയുമൊക്കെ പരസ്യം നല്‍കുന്നതിലും മാധ്യമങ്ങള്‍ പ്രതി സ്ഥാനത്താണ്. കേരളത്തിലെ സ്വര്‍ണക്കടകളിലേക്ക് ഈയിടെ നടന്ന സ്വര്‍ണക്കള്ളക്കടത്തിനെകുറിച്ച് ഇപ്പോള്‍ ആര്‍ക്കും ഒന്നും അറിയില്ലല്ലോ? വിമാനത്താവളത്തില്‍നിന്ന് പിടിച്ച കള്ളക്കടത്ത് സ്വര്‍ണം കേരളത്തിലെ പ്രമുഖ ആഭരണ നിര്‍മാണശാലകളിലേക്കാണ് കൊണ്ടുവന്നത് എന്ന് മൊഴിയുണ്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം മൊഴിയും പഴിയും ഇല്ലാതായി. ഒരുദിവസം ചാനലുകളില്‍ ചില പ്രമുഖ സ്വര്‍ണക്കടകളുടെ പേരുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും നാം ഈ പേരുകള്‍ കേസുമായി ബന്ധപ്പെട്ട് കേട്ടില്ല. ആ കള്ളക്കടത്തു കേസ് എവിടെയാണ് എന്ന് ധാര്‍മികബോധത്തെക്കുറിച്ചും ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചുമൊക്കെ നിരന്തരം സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുകയും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ സദാ അപഹസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ ചാനലുകള്‍ പറയാത്തതെന്താണ്? കാരണം, അതിന്‍െറ പുറകേ പോയാല്‍ കോടികളുടെ പരസ്യമാണ് നഷ്ടമാകുക.

കേരളത്തിന്‍െറ സാമൂഹികാന്തരീക്ഷത്തെ ഏറ്റവും മലീമസമാക്കുന്ന ഒന്നാണ് ഇവിടുത്തെ സ്വര്‍ണവിപണി. ബന്ധങ്ങളെ പണത്തൂക്കത്തിന്‍െറ പേരില്‍ വിലപേശി കാണാനുള്ള മനോഭാവം വളര്‍ത്തിയത് സ്വര്‍ണ വിപണിയുടെ പരസ്യ തന്ത്രങ്ങളാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന വിവാഹങ്ങളെ ലോകത്തൊരിടത്തും കാണാത്ത വിധമുള്ള കൊടുംധൂര്‍ത്താക്കി മാറ്റുന്നത് ഈ സ്വര്‍ണവിപണിയുടെ തന്ത്രങ്ങളാണ്. സാമൂഹികമായ ഈ വിപത്ത് തല്‍ക്കാലം മാറ്റിവക്കുക. കേരളത്തില്‍ സംഘടിതമായി നടക്കുന്ന ഏറ്റവും വലിയ വ്യാപാര തട്ടിപ്പാണ് സ്വര്‍ണവിപണിയുടെ പേരിലുള്ളതെന്ന് ഇതിനകം പുറത്തുവന്നിട്ടുള്ളതാണ്. ഇതേക്കുറിച്ച് ഒരു മാധ്യമവും അന്വേഷിക്കില്ല എന്നുറപ്പാണ്. എന്തിനേറെപ്പറയുന്നു; ഈയടുത്തകാലത്ത് തൃശൂരില്‍ ഒരു തുണിക്കടയിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ ഇരുപ്പുസമരം സ്ത്രീകള്‍ക്കുവേണ്ടി തൊണ്ടകീറിക്കൊണ്ടിരിക്കുന്ന ഒരു മുഖ്യധാരാമാധ്യമവും റിപ്പോര്‍ട്ടുചെയ്തില്ല. സമരത്തിന്‍െറ സംഘാടകര്‍ മാധ്യമങ്ങളുടെ ഓഫിസുകളില്‍ കയറിയിറങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. സോഷ്യല്‍ മീഡിയയാണ് ഈ പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നം സമൂഹമധ്യത്തില്‍ അവതരിപ്പിച്ചത്.

പരസ്യത്തിലൂടെ ലഭിക്കുന്ന പണം തങ്ങളുടെ വിശ്വാസ്യതയുടെ മൂലധനമാക്കുന്ന മാധ്യമങ്ങളെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top