മന്ത്രി മാണിക്കെതിരെ സുനില്‍കുമാര്‍ എം.എല്‍.എ നല്‍കിയ ഹര്‍ജി അപക്വമെന്ന് കോടതി

khcകൊച്ചി: മന്ത്രി കെ. എം. മാണിക്കെതിരെ നടന്ന ബാര്‍ കോഴ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സ്വതന്ത്രമായി സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് വി. എസ് സുനില്‍കുമാര്‍ എം.എല്‍.എ നല്‍കിയ ഹരജി ഹൈകോടതി തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഹരജി അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീര്‍പ്പാക്കിയത്.

അന്തിമ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്ന ഹരജിയില്‍ ഇടപെടാനാകില്ലന്നും അതേസമയം, ഉചിതമായ സമയത്ത് ഇതേ ആവശ്യമുന്നയിച്ച് ഹരജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

മന്ത്രിക്കെതിരെ അന്വേഷണം നടത്തിയ വിജിലന്‍സ് എസ്. പിക്ക് മേല്‍ ഏറെ സമ്മര്‍ദമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നിഷ്പക്ഷ തീരുമാനമെടുക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ ഹരജി നല്‍കിയിരുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നതിനാല്‍ നിഷ്പക്ഷമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

അന്വേഷണം നടത്തിയ വിജിലന്‍സ് എസ്.പി റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയത് സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടി ഡയറക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം നടക്കുന്നത്. ഈ നടപടി നിയമത്തിനും ക്രിമിനല്‍ നടപടി ചട്ടത്തിനും വിരുദ്ധമാണെന്നും അതിനാല്‍, വിജിലന്‍സ് എസ്.പിക്ക് സ്വതന്ത്രവും സത്യസന്ധവുമായി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്നുമായിരുന്നു ആവശ്യം. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുഖവിലക്കെടുക്കാനാവില്ലന്നും ഹരജിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വാദങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment