Flash News

കരിപ്പൂരിലെ സംഘര്‍ഷം: യാത്രക്കാരില്‍ നിന്ന് മോഷ്ടിക്കുന്ന സാധനങ്ങള്‍ പങ്കുവെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന്

June 12, 2015 , സ്വന്തം ലേഖകന്‍

kozhikode-airport_650x400_61433958764കൊച്ചി: കരിപ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനു കാരണം കള്ളക്കടത്ത് മുതല്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി സിഐഎസ്എഫും ഫയര്‍ഫോഴ്സും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കം. വിദേശത്തുനിന്ന് കരിപ്പൂരില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ചൂഷണം ചെയ്യുന്നതില്‍ ഇരുവിഭാഗവും പിന്നോട്ടല്ല. മത്സര ബുദ്ധിയോടെ യാത്രക്കാരെ കൊള്ളയടിക്കുന്നതാണത്രെ ഇരുകൂട്ടരുടെയും രീതി.

വിമാനത്താവളത്തിന്‍റെ സംരക്ഷണച്ചുമതല സിഐഎസ്എഫ് ഏറ്റെടുത്തപ്പോള്‍ തുടങ്ങിയതാണ് ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം. നേരത്തെ തദ്ദേശവാസികളും ഫയര്‍ഫോഴ്സും തമ്മിലായിരുന്നു തര്‍ക്കം. സിഐഎസ്എഫ് വന്നതോടെ അവര്‍ ഒരുഭാഗത്തും, എയര്‍പോര്‍ട്ട് ജീവനക്കാരും ഫയര്‍ഫോഴ്സും തദ്ദേശവാസികളും ഒരുമിച്ച് മറുഭാഗത്തുമായി.

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് ജീവനക്കാരുടെ ഭക്ഷണപാത്രത്തില്‍ വരെ കൈയിട്ട് പരിശോധന നടത്തുന്നുവെന്ന് ഫയര്‍ഫോഴ്സും, തങ്ങളുടെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് സിഐഎസ്എഫും പഴി പറയുന്നു. ഇതേത്തുടര്‍ന്നുണ്ടാകുന്ന അഭിപ്രായവ്യത്യാസം കൈയ്യാങ്കളിയിലേക്കു നീങ്ങുന്നത് ഇതാദ്യവുമല്ല. അടുത്തിടെയായി യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിച്ച് മദ്യക്കുപ്പിയും മറ്റും കൈക്കലാക്കാന്‍ ഇരുകൂട്ടരും തമ്മില്‍ കടുത്ത മത്സരമാണ്.

ഫയര്‍ഫോഴ്സ് ജീവനക്കാര്‍ എയര്‍പോര്‍ട്ടിനകത്തു തന്നെയാണു താമസം. ഡ്യൂട്ടി കഴിഞ്ഞാലും ഇവര്‍ മഫ്തിയില്‍ വിമാനത്താവളത്തിനകത്തെത്തി തങ്ങളുടെ ജോലി തടസപ്പെടുത്തുന്നുവെന്ന് സിഐഎസ്എഫ് ജവാന്മാര്‍ അവരുടെ ഡയറക്റ്റര്‍ ജനറലിനു പരാതി അയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ഡയറക്റ്റര്‍ ജനറല്‍ ഫയര്‍ഫോഴ്സുകാര്‍ക്കെതിരേ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കത്തയച്ചു. കത്ത് പരിഗണിച്ച് ചില ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കെതിരേ വകുപ്പ്തല നടപടിയും തുടങ്ങിയിരുന്നു. ഇതോടേയാണ് കലഹം പരസ്യമായ സംഘര്‍ഷത്തിലേക്കു നീങ്ങിയത്.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ് പഠിച്ചവരെ എയര്‍പോര്‍ട്ട് അഥോറിറ്റിയാണ് ഫയര്‍ഫോഴ്സിലേക്ക് നേരിട്ട് നിയമിക്കുന്നത്. എന്തെങ്കിലും അപകടമുണ്ടായാല്‍ മാത്രമേ ഇവര്‍ക്ക് ജോലി ഉണ്ടാകാറുള്ളൂ. അല്ലാത്ത സമയങ്ങളില്‍, യാത്രക്കാരില്‍നിന്നു തട്ടിയെടുത്ത മദ്യവുമായി എയര്‍പോര്‍ട്ടിനു മുകളില്‍ കൂടുകയാണ് ഇവരുടെ പതിവെന്നും ജവാന്‍മാര്‍ അയച്ച പരാതിയില്‍ ആരോപിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top