മഴക്കൊപ്പം കേരളത്തിലേക്ക് പകര്‍ച്ചവ്യാധികളും

srinagar-rain_650x400_51427616384തിരുവനന്തപുരം: മഴക്കൊപ്പം കേരളത്തില്‍ പനിയും പകര്‍ച്ചവ്യാധികളും പടരുന്നു. രണ്ടാഴ്ചക്കിടെ അരലക്ഷത്തിലധികം പേരാണ് പനിക്ക് ചികിത്സ തേടിയത്. ഒരു മരണവുമുണ്ടായി. എച്ച്1 എന്‍1 (പന്നിപ്പനി) വ്യാപകമായി. ഡെങ്കിപ്പനിയും കുരങ്ങുപനിയും ഹെപ്പറ്റൈറ്റിസ്- ബിയും മിക്ക ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇക്കൊല്ലം ഇതുവരെ എച്ച്1 എന്‍1ബാധിച്ച 363 പേരില്‍ 42 പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച747 പേരില്‍ ആറും കുരങ്ങുപനി ബാധിച്ച 94 പേരില്‍ 10ഉം ചെള്ളുപനി ബാധിച്ച 312 പേരില്‍ ഏഴുപേരും മരിച്ചു. 502 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്- ബി ബാധിച്ചതില്‍ 11 പേരും 234 എലിപ്പനി ബാധിതരില്‍ അഞ്ചുപേരും മരിച്ചു. ചിക്കന്‍പോക്സ് പിടിപെട്ട് ആറുപേര്‍ മരിച്ചു. 10,535 പേര്‍ക്കാണ് ചിക്കന്‍പോക്സ് പിടിപെട്ടത്.8,92,769 പേര്‍ക്ക് പനി പിടിപെട്ടതില്‍ 12 പേര്‍ക്ക് മരണം സംഭവിച്ചു.

എച്ച്1 എന്‍1 ബാധിച്ച് 33 പേര്‍ മേയിലാണ് മരിച്ചത്. ജൂണില്‍ 122 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചികുന്‍ഗുനിയ, ടൈഫോയ്ഡ്, വയറിളക്കം, അഞ്ചാംപനി, മലേറിയ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലേറിയ, ജപ്പാന്‍ജ്വരം എന്നിവയും ഹെപ്പറ്റൈറ്റിസ്- എയും മൂലം രണ്ടുപേര്‍ വീതവും വയറിളക്ക അനുബന്ധരോഗങ്ങള്‍ മൂലം ഒരാളും മരിച്ചു.

പല സംസ്ഥാനങ്ങളിലും നൂറുകണക്കിന് പേരുടെ ജീവനെടുത്ത എച്ച്1 എന്‍1 കേരളത്തില്‍ വീണ്ടും ഭീതി പരത്തുകയാണ്. എച്ച്1 എന്‍1 ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജുകളിലടക്കം നിരവധിപേര്‍ ചികിത്സയിലുണ്ട്.

ഗര്‍ഭിണികള്‍, ശ്വാസകോശം, കരള്‍, വൃക്ക, തലച്ചോര്‍ എന്നിവയുമായി ബന്ധപ്പെട്ട അസുഖമുള്ളവര്‍, പ്രമേഹബാധിതര്‍, ശരീരഭാരം കൂടുതലുള്ളവര്‍, രക്താതിമര്‍ദം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് എച്ച്1 എന്‍1രോഗാവസ്ഥ ഗുരുതരമാകാനിടയുണ്ട്. അതിനാല്‍ ജലദോഷം, തൊണ്ടവേദന എന്നിവക്കൊപ്പം പനി വരുന്നവര്‍ അടിയന്തര ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് ആരോഗ്യ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment