തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി. നായരെ മലയാലപ്പുഴ അമ്പലത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സി.പി. നായരുടെയും ആഭ്യന്തര വകുപ്പിന്റെയും എതിര്‍പ്പുകള്‍ മറികടന്നാണ് വിധി പറയാറായ കേസ് പിന്‍വലിച്ചത്. പത്തനംതിട്ടയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. ഇവരുടെ അപേക്ഷ പരിഗണിച്ചാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം.
ഇതു സംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. പത്തനംതിട്ട സെഷന്‍സ് കോടതിയിലെ വിചാരണ അവസാനഘട്ടത്തിലേക്കു കടക്കവേയാണ് കേസ് പിന്‍വലിക്കുന്നത്. മലയാലപ്പുഴ അമ്പലത്തില്‍ ശതകോടി അര്‍ച്ചന നടത്തുന്നതുമായി ബന്ധപ്പെട്ടാണു മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുമായിരുന്ന സി.പി. നായര്‍ക്കെതിരേ വധശ്രമം നടന്നത്. ശതകോടി അര്ച്ചനയ്ക്കായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ക്ഷേത്ര ഉപദേശക സമിതിയും നല്കിയ എട്ടര കോടിയുടെ ബജറ്റ് ദേവസ്വം കമ്മിഷണര്‍ സി.പി. നായര്‍ അംഗീകരിച്ചില്ല. കൂടാതെ ദേവസ്വത്തിന്റെ അനുമതി ഇല്ലാതെ രസീത് അച്ചടിച്ചു പിരിവു തുടങ്ങിയതിനെയും സി.പി. നായര്‍ ചോദ്യം ചെയ്തിരുന്നു. ശതകോടി അര്‍ച്ചന ചെട്ടികുളങ്ങര ദേവസ്വത്തിലേക്കു മാറ്റണമെന്നും സി.പി. നായര്‍ നിര്‍ദേശം വച്ചു. ഇതേതുടര്‍ന്നായിരുന്നു തര്‍ക്കം ആരംഭിച്ചത്.
ശതകോടി അര്‍ച്ചനയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ 2002 മാര്‍ച്ച് 14ന് ക്ഷേത്രത്തില്‍ എത്തിയ സി.പി. നായരെയും ഏഴ് ഉദ്യോഗസ്ഥരെയും ഉപദേശക സമിതി അംഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വെട്ടിയൂര്‍ ജ്യോതി പ്രസാദും സംഘവും ചേര്‍ന്നു പൂട്ടിയിട്ടു. തുടര്‍ന്ന് ഉത്തരവില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്. മൂന്നുമണിക്കൂര്‍ നേരമാണ് ഉദ്യോഗസ്ഥരെ അന്നു തടങ്കലില്‍ വച്ചു ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ പൊലീസിനു ലാത്തിചാര്‍ജ് വേണ്ടിവന്നു. ഇതു പൊലീസും ചില നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തുകയും ചെയ്തു.
വധശ്രമം, ഭീഷണിപ്പെടുത്തല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം ഇഴഞ്ഞാണു നീങ്ങിയത്. ഒടുവില്‍ സി.പി. നായര്‍ നല്കിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് നല്കിയ കുറ്റപത്രത്തില്‍ കഴിഞ്ഞ മാര്‍ച്ചു മുതല്‍ പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുകയാണ്. കേസ് നടത്താനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. വാദം കേള്‍ക്കല്‍ അവസാന ഘട്ടത്തിലേക്കു കടക്കവേയാണ് വെട്ടിയൂര്‍ ജ്യോതിപ്രസാദ് ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ അപേക്ഷയില്‍ സര്‍ക്കാര്‍ കേസ് പിന്‍വലിച്ചത്.
വധശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ പിന്‍വലിക്കരുതെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശവും പൊലീസിന്റെയും സി.പി. നായരുടെയും എതിര്‍പ്പും മറികടന്നാണ് ഈ തീരുമാനം. നേരത്തേ എംജി കോളെജില്‍ ഒരു പൊലീസുകാരനെതിരായ വധശ്രമക്കേസും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പൊലീസിന്റെ എതിര്‍പ്പു മറകടന്നാണ് അന്ന് ഒരു പ്രതിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ഏറെ വിവാദത്തിനു വഴിതെളിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply