Flash News

ഫാദേഴ്‌സ്‌ ഡേ (ഡോ. ജോര്‍ജ്‌ മരങ്ങോലി)

June 21, 2015 , ഡോ. ജോര്‍ജ്‌ മരങ്ങോലി

fathers day titleലോകമെമ്പാടുമുള്ള പിതാക്കന്മാരോട്‌ അനുകമ്പയും അവര്‍ ചെയ്‌തിട്ടുള്ള നല്ല കാര്യങ്ങള്‍ക്ക്‌ പ്രത്യുപകാരവും, ഉപകാരസ്‌മരണയും പ്രകടിപ്പിക്കുന്നതിനുള്ള അതിവിശിഷ്‌ടമായ ഒരു അവസരമാണ്‌ ഫാദേഴ്‌സ്‌ ഡേ. അമേരിക്കയില്‍ ‘മദേഴ്‌സ്‌ ഡേ’ തുടങ്ങിയതിനുശേഷം ആണുങ്ങളുടെ, പ്രത്യേകിച്ച്‌ പിതാക്കന്മാരുടെ കഷ്‌ടപ്പാടുകളെ നന്ദീഭാവത്തോടുകൂടി ഓര്‍ക്കുന്നതിനും അവരെ ആദരിക്കുന്നതിനും വേണ്ടി മാറ്റിവെയ്‌ക്കപ്പെട്ടിരിക്കുന്ന ഒരു ദിവസം കൂടിയാണിത്‌.

1909-ലാണ്‌ ഫാദേഴ്‌സ്‌ ഡേയുടെ വിനീതമായ തുടക്കത്തിന്‌ സാക്ഷ്യം കുറിച്ചത്‌. അമേരിക്കയില്‍ വാഷിംഗ്‌ടണ്‍ സംസ്ഥാനത്തുള്ള ‘സ്‌പൊക്കേന്‍’ പട്ടണത്തിലെ ഒരു മെഥഡിസ്റ്റ്‌ എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ‘മദേഴ്‌സ്‌ ഡേ’ പ്രസംഗം കേട്ട്‌ പ്രചോദനം കിട്ടിയ ‘സൊനോറ സ്‌മാര്‍ട്ട്‌ ഡോഡ്‌ഢ്’ എന്ന സ്‌ത്രീക്ക്‌ അവളുടെ പിതാവ്‌ ‘വില്യം ജാക്‌സണ്‍ സ്‌മാര്‍ട്ടി’നായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി. ഭാര്യയുടെ മരണശേഷം സൊനോറയേയും, സഹോദങ്ങളേയും വളരെ ബുദ്ധിമുട്ടിയാണ്‌ വില്യം വളര്‍ത്തിക്കൊണ്ടുവന്നത്‌. സ്വന്തം പിതാവ്‌ എത്രമാത്രം ത്യാഗം സഹിച്ചാണ്‌ തന്നെയും സഹോദരങ്ങളേയും പരിപാലിച്ചത്‌ എന്ന വേദനിപ്പിക്കുന്ന സത്യം സൊനോറയുടെ മനസിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. പിതാവിന്റെ മഹത്വത്തിനും, ധൈര്യത്തിനും, പരിത്യാഗത്തിനും, നിസ്വാര്‍ത്ഥതയ്‌ക്കും എല്ലാറ്റിനുമുപരി അളവറ്റ സ്‌നേഹത്തിനും പ്രത്യുപകാരമെന്നോണം 1910 ജൂണ്‍ മാസം പത്തൊമ്പതാം തീയതി, തന്റെ പിതാവിന്റെ പിറന്നാള്‍ തന്നെ, സൊനോറ ആദ്യത്തെ ഫാദേഴ്‌സ്‌ ഡേ ആഘോഷിച്ചു.

ഫാദേഴ്‌സ്‌ ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും അക്കാലത്ത്‌ ഒരു പരിഹാസത്തിന്റേയും, ഉല്ലാസത്തിന്റേയും, തമാശയുടേയും ദിവസമായി ഫാദേഴ്‌സ്‌ ഡേ തരംതാഴ്‌ത്തപ്പെടുകയാണുണ്ടായത്‌. 1913-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ‘വുഡ്രോ വിത്സണ്‍” ഔദ്യോഗികമായി ഫാദേഴ്‌സ്‌ ഡേയ്‌ക്ക്‌ അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ ഇതിനു അംഗീകാരം നല്‍കിയത്‌. പിന്നീട്‌ 1972-ല്‍ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍, വര്‍ഷംതോറും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്‌ച ഫാദേഴ്‌സ്‌ ഡേ ആയി അംഗീകരിച്ചുകൊണ്ട്‌ പ്രഖ്യാപനമിറക്കി.

ചുവപ്പും വെള്ളയും നിറത്തിലുള്ള റോസാപ്പൂക്കളാണ്‌ ഫാദേഴ്‌സ്‌ ഡേയുടെ ഔദ്യോഗിക പുഷ്‌പമായി തെരഞ്ഞെടുത്തത്‌. ഇതില്‍ വെളുത്ത പൂവ്‌ ഈലോകവാസം വെടിഞ്ഞ പിതാക്കന്മാരുടെ നന്ദി ബഹുമാനാര്‍ത്ഥവും, ചുവന്ന പൂവ്‌ ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുമാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ഫാദേഴ്‌സ്‌ ഡേ ആഘോഷങ്ങളോടനുബന്ധിച്ച്‌ ഒട്ടേറെ പരിപാടികള്‍ അമേരിക്കയിലുണ്ട്‌. ആണ്‍കുട്ടികളുടെ കാര്യത്തില്‍ പിതാക്കന്മാര്‍ പ്രധാന പങ്കുവഹിക്കുന്നു എന്ന കാരണത്താല്‍ പുരുഷോചിതമായ കാര്യങ്ങള്‍ക്കാണ്‌ ഈ ആഘോഷത്തില്‍ പ്രധാന്യമുള്ളത്‌. ഉദാഹരണമായി കാറും അതുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ കാണാന്‍ പോവുക, ഇലക്‌ട്രോണിക്‌ സാമഗ്രികള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ സമ്മാനമായി നല്‍കുക, അതുമല്ലെങ്കില്‍ പിതാക്കന്മാര്‍ക്ക്‌ ഇഷ്‌ടമുള്ള ബേസ്‌ബോള്‍ കളി കാണാന്‍ കൊണ്ടുപോവുക തുടങ്ങിയ വിനോദങ്ങളാണ്‌ ഈ ആഘോഷത്തെ മോടി പിടിപ്പിക്കുന്നത്‌. പിതാക്കന്മാരെ സ്‌പെഷ്യല്‍ ഡിന്നറിനു കൊണ്ടുപോകുന്നതിലും, സമ്മാനങ്ങള്‍ നല്‍കുന്നതിലും നിന്ന്‌ വ്യത്യസ്‌തമായി രാവിലെ പിതാക്കന്മാര്‍ക്ക്‌ ഒരു നല്ല അമേരിക്കന്‍ ബ്രേക്ക്‌ ഫാസ്റ്റ്‌ (ബേക്കന്‍/സോസേജ്‌, മുട്ട, ഹാഷ്‌ ബ്രൗണ്‍, കോഫി, ഓറഞ്ച്‌, ജ്യൂസ്‌, പഴങ്ങള്‍, മഫിന്‍, ബിസ്‌കറ്റ്‌/ഗ്രിറ്റ്‌സ്‌) തുടങ്ങിയവ ഉണ്ടാക്കി ബെഡ്ഡില്‍ കൊടുക്കുന്നത്‌ പിതാക്കന്മാരെല്ലാവരും അഭിനന്ദിക്കാറുണ്ട്‌. ഇതിനെല്ലാം പുറമെ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോറുകളും, റെസ്റ്റോറന്റുകളും വലിയ ഡിസ്‌കൗണ്ടുകള്‍ ഫാദേഴ്‌സ്‌ ഡേ പ്രമാണിച്ച്‌ നല്‍കാറുമുണ്ട്‌.

എന്നാല്‍ ഈ വക കാര്യങ്ങളെല്ലാം തന്നെ പിതാവിനുവേണ്ടി അല്‍പമെങ്കിലും കൃതജ്ഞത പ്രകടിപ്പിക്കാന്‍ സന്മനസുള്ളവര്‍ക്ക്‌ മാത്രമുള്ളതാണ്‌. ഫാദേഴ്‌സ്‌ ഡേ ആഘോഷം അമേരിക്കനാണെങ്കിലും അനുകരണയോഗ്യമായ ഒട്ടേറെ സവിശേഷതകളും മൂല്യങ്ങളും നമ്മുടെ തലമുറയ്‌ക്ക്‌ ഈ ആഘോഷങ്ങളില്‍ നിന്ന്‌ പഠിക്കാന്‍ സാധിക്കും. മാതാവിനേയും, പിതാവിനേയും നിരുപാധികം വേണ്ടെന്നു വെച്ച്‌, ഓരോ മുടന്തന്‍ ന്യായങ്ങളും പറഞ്ഞ്‌, അവരെ വൃദ്ധസദനങ്ങളിലും, അനാഥാലയങ്ങളിലും ഉപേക്ഷിച്ച്‌ ആധുനികത്വത്തിന്റെ ജാഡകളില്‍ സുഖിച്ച്‌ ജീവിക്കുന്ന മക്കളുടെ കണ്ണുകള്‍ തുറപ്പിക്കാന്‍, പാശ്ചാത്യമെങ്കിലും, ഇതുപോലുള്ള ആചാരങ്ങള്‍ സഹായകമായേക്കും. ഫാദേഴ്‌സ്‌ ഡേ എന്താണെന്നറിയാത്ത ഒട്ടേറെപ്പേര്‍ ഈ ലോകത്തുണ്ടായേക്കാം. അതേസമയം തന്നെ അതിനെക്കുറിച്ചറിയാവുന്ന കുറെപ്പേരെങ്കിലും ഈ ഫാദേഴ്‌സ്‌ ഡേ പെട്ടെന്നു വന്നിരുന്നുവെങ്കിലെന്നും, വര്‍ഷത്തില്‍ ഒന്നിധികം പ്രാവശ്യം ഈ ദിവസം ഉണ്ടായിരുന്നുവെങ്കിലെന്നും മനമുരുകി പ്രാര്‍ത്ഥിച്ചും, കരഞ്ഞുംകൊണ്ട്‌ നമ്മുടെ സമൂഹത്തിലുണ്ട്‌. !

സമ്മാനങ്ങളോ, പൂക്കളോ, ഡിന്നറുകളോ, പിതാവിനൊപ്പം ഒരു പാട്ട്‌, സമയം ചിലവഴിക്കുകയോ ഒന്നും വേണ്ടായിരുന്നു, നിങ്ങളെ ജനിപ്പിച്ച്‌, നിങ്ങളുടെ ശോഭനമായ ഭാവിക്കുവേണ്ടി കഠിനാധ്വാനം ചെയ്‌ത ആ പിതാമഹനെ വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്ന്‌ ഓര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍! ഈ ലോകം എത്ര ഭാസുരമായേനേ!

എല്ലാവര്‍ക്കും ‘ഫാദേഴ്‌സ്‌ ഡേ’ ആശംസകള്‍….!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top