ഹണ്ട്സ്വില്ല: 2015 പിറന്നതിനു ശേഷം അമേരിക്കയില്‍ നടപ്പിലാക്കിയ 17 വധശിക്ഷകളില്‍ ഒമ്പതും നടപ്പിലാക്കിയത് ടെക്സസ്സില്‍!
ഈസ്റ്റ് ടെക്സസ്സിലെ ഓട്ടോ റിപ്പയര്‍ ഷോപ്പ് ഉടമ 75 വയസ്സുള്ള ജെയിംസിന്റെ കട കവര്‍ച്ച ചെയ്തതിനു ശേഷം അടിച്ച് കൊലപ്പെടുത്തിയതിന് 14 വര്‍ഷം മുന്‍പ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ടയ്ലറില് നിന്നുള്ള ഗ്രിഗറി റസ്റ്റുസയുടെ വധശിക്ഷ ഇന്നലെ ഹണ്ട്സ്വില്ല ജയിലില്‍ നടപ്പാക്കി.
വൈകീട്ട് 6 മണിക്ക് ഡെത്ത് ചേംബറില്‍ വിശമിശ്രിതം സിരകളിലൂടെ കടത്തിവിട്ട് 20 മിനിറ്റിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ യു.എസ് സുപ്രീംകോടതി പ്രതിയുടെ കേസ്സ് പുനര്‍ വിചാരണ ചെയ്യണമെന്ന ആവശ്യം ഏഴംഗ ബെഞ്ച് ഐക്യകണ്ഠേന തള്ളിക്കളഞ്ഞിരുന്നു.
അവസാനമായി എന്തെങ്കിലും പറയുവാനുണ്ടോ എന്ന വാര്‍ഡന്റെ ചോദ്യത്തിന് ‘സമാധാനത്തിലൂടെ എന്റെ ഭവനത്തിലേക്ക് പോകുവാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു’ എന്ന മറുപടിയാണ് പ്രതി നല്‍കിയിരിക്കുന്നത്.
വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ വരുന്ന മാസങ്ങളില്‍ അഞ്ച് പേരുടെ വധശിക്ഷ കൂടെ നടപ്പാക്കുവാന്‍ ടെക്സസ്സ് സംസ്ഥാനം തയ്യാറെടുക്കുകയാണ്. ഇതിനായി ഫിനോ ബാര്‍ബിറ്റോള്‍ എന്ന വിഷമിശ്രിതം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ജയിലധികൃതര്‍.